വേതന പരിഷ്‌കരണവും തൊഴില്‍ സ്ഥിരപ്പെടുത്തലും ഉന്നയിച്ച് ചെന്നൈ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ആരംഭിച്ച സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അല്ലിക്കുളം കോര്‍ട്ട് കോംപ്ലക്‌സിന് സമീപം തെരുവില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ് മുന്നൂറോളം വരുന്ന തൊഴിലാളികള്‍. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മാലിന്യം നീക്കം ചെയ്ത് നഗരത്തെ ശുദ്ധീകരിക്കുന്ന ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 'ഞങ്ങള്‍ക്ക് വാരാന്ത്യ അവധിയോ ആര്‍ത്തവ അവധിയോ ഇല്ല. വര്‍ഷത്തില്‍ 365 ദിവസവും പണിയെടുക്കണം. മൂത്രപ്പുര സൗകര്യം പോലും ജോലിസ്ഥലങ്ങളില്‍ ഇല്ല,' ശുചീകരണ തൊഴിലാളിയായ മഹാലക്ഷ്മി തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്നു. തൊഴില്‍ സാഹചര്യങ്ങളെച്ചൊല്ലി ഏറെ നാളായി നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാലിന്യ ശേഖരം കൈകാര്യം ചെയ്യുന്നത് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ഇതില്‍ പ്രതിഷേധിച്ച് സമരം ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് വിജയ് പിന്തുണ അറിയിക്കുകയും ഇവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം മുഖ്യമന്ത്രി പദവിയിലെത്തി, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും തൊഴിലാളികളെ കാണാന്‍ തയ്യാറാകുന്നില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 'കഴിഞ്ഞ വര്‍ഷം ഞങ്ങളെ കണ്ട വിജയ് ഇപ്പോള്‍ എന്തുകൊണ്ട് കാണുന്നില്ല? ഞങ്ങള്‍ അയിത്തം കല്‍പ്പിക്കപ്പെട്ടവരാണോ?' എന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.
പ്രധാന ആവശ്യങ്ങള്‍
ദിനബത്ത 762 രൂപയില്‍ നിന്ന് 832 രൂപയായി ഉയര്‍ത്തുക.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക.
ആഴ്ചയിലൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി, മൂന്നാമത്തെ കുട്ടി ഉണ്ടാകുന്ന വനിതാ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ പ്രസവ അവധി എന്നിവ അനുവദിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഗ്രാമീണ സ്‌കൂളുകളിലെയും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുക.
ഭക്ഷണ ബത്ത അനുവദിക്കുകയും കോര്‍പ്പറേഷന്‍ കെട്ടിടത്തിനുള്ളില്‍ യൂണിയന് പ്രവര്‍ത്തിക്കാന്‍ ഓഫീസ് മുറി അനുവദിക്കുകയും ചെയ്യുക.
2025-ലെ സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക.
മുഖ്യമന്ത്രി വിജയിയെ നേരിട്ട് കാണണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ചെന്നൈ കോര്‍പ്പറേഷന്‍ വരുന്നത് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലാണ്. ഉദ്യോഗസ്ഥരുമായോ മറ്റ് മന്ത്രിമാരുമായോ ചര്‍ച്ച നടത്തുന്നതിന് പകരം ആവശ്യങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
കളക്ടറുടെ ഉത്തരവ് കടലാസിലൊതുങ്ങി
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചെന്നൈ ജില്ലാ കളക്ടര്‍ രശ്മി സിദ്ധാര്‍ത്ഥ് സാഗ്‌ഡേ ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം 832 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഈ വേതന പരിഷ്‌കരണം നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിലവില്‍ മാസം 23,000 രൂപയോളമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ താങ്ങാന്‍ വേതന വര്‍ധന അത്യാവശ്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. വനിതാ തൊഴിലാളികളില്‍ പലരും വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ, ഭര്‍ത്താവ് ഉപേക്ഷിച്ചവരോ, ഭര്‍ത്താക്കന്മാരുടെ മദ്യപാനം മൂലം കഷ്ടപ്പെടുന്നവരോ ആണെന്നും അതിനാല്‍ ഈ വരുമാനം കുടുംബത്തിന് വളരെ നിര്‍ണായകമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. എം.എല്‍.എമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍, വര്‍ഷങ്ങളായി ശുചീകരണ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് അര്‍ഹമായ വേതനം നിഷേധിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ചര്‍ച്ചകള്‍ പരാജയം
തൊഴിലാളി യൂണിയന്‍ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓഗസ്റ്റ് 24-ന് വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹന്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ജി.എസ് സമീരന്‍ എന്നിവരുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തൊഴില്‍ സ്ഥിരപ്പെടുത്തല്‍ എന്ന പ്രധാന ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതോടെയാണ് മുഖ്യമന്ത്രി വിജയിയെ നേരിട്ട് കണ്ട് നിവേദനം നല്‍കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുന്നത്. തൊഴിലാളികള്‍ക്ക് ഇതുവരെ മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ടൊരു മറുപടി ലഭിച്ചിട്ടില്ലെന്ന് ഉഴൈപ്പോര്‍ ഉരിമൈ ഇയക്കം സംസ്ഥാന പ്രസിഡന്റ് കെ. ഭാരതി പറഞ്ഞു.
പ്രായോഗികമായ കാര്യങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യൂ എന്നും അത് നടപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രസ്താവന ചൂണ്ടിക്കാണിച്ച ഭാരതി, അധ്യാപകര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ചോദിച്ചു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങും വരെയും മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നത് വരെയും സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
Sanitation workers of the Chennai Corporation have continued their protest for the eighth day, demanding wage revision, job regularisation and better working conditions. Around 300 workers, most of them women, are staging a sit-in near the Alikulam Court Complex, alleging that they are denied even basic facilities such as weekly holidays, menstrual leave and toilets at workplaces. Their key demands include increasing the daily wage from 762 rs to 832 rs, regularising contract workers, paid weekly leave and withdrawal of cases registered against workers and union leaders during the 2025 protest.