കെട്ടിക്കിടക്കുന്നത് 20 ലക്ഷം ഘനമീറ്റര്‍ വെള്ളം, നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ഇതുവരെ മരിച്ചത് 469 പേര്‍, 290 ഇന്ത്യക്കാരെ കാണാനില്ല

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 30 ലക്ഷം ഘനമീറ്റര്‍ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇത് തടാകത്തിന്റെ സ്വാഭാവിക ഭിത്തി തകരാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ചൈന നല്‍കിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ഘനമീറ്റര്‍ വെള്ളം, നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ഇതുവരെ മരിച്ചത് 469 പേര്‍, 290 ഇന്ത്യക്കാരെ കാണാനില്ല
Published on

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 469 ആയി. അതിര്‍ത്തിയുടെ ഇരുവശത്തുമായി 1,468 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍പ്പെട്ട 290 ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. റോഡുകളും പാലങ്ങളും തകരുകയും കട്ടിയുള്ള ചെളിക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതിനിടെ, ഭോട്ടേ കോശി നദിയുടെ ഉറവിടത്തിന് സമീപം രൂപപ്പെട്ട കൂറ്റന്‍ തടാകം തകരാന്‍ സാധ്യതയുള്ളത് പ്രദേശത്ത് വീണ്ടും പ്രളയഭീഷണി ഉയര്‍ത്തുന്നു.

പ്രളയഭീഷണി ഉയര്‍ത്തി പുതിയ തടാകം

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുമ്പോഴും ഭോട്ടേ കോശി നദിയുടെ ഉറവിടത്തിന് സമീപം രൂപപ്പെട്ട തടാകം അധികൃതര്‍ക്ക് വലിയ തലവേദനയുണ്ടാക്കുന്നുണ്ട്. ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച് നേപ്പാളിലേക്ക് ഒഴുകുന്ന ഛോഛെന്‍ ഖോല, പുറെപു ത്സാങ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി തടാകം രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ 20 ലക്ഷം ഘനമീറ്റര്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ നല്‍കുന്ന വിവരം. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 30 ലക്ഷം ഘനമീറ്റര്‍ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇത് തടാകത്തിന്റെ സ്വാഭാവിക ഭിത്തി തകരാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ചൈന നല്‍കിയിട്ടുണ്ട്. തടാകത്തിന്റെ സ്വാഭാവിക ഭിത്തി തകര്‍ന്നാല്‍ താഴോട്ടുള്ള ഭോട്ടേ കോശി, ത്രിശൂലി നദീതീരങ്ങളില്‍ വീണ്ടും വന്‍ പ്രളയമുണ്ടാകും. ജനങ്ങള്‍ നദീതീരങ്ങളില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനീസ് അധികൃതര്‍ തടാകം നിരീക്ഷിക്കുകയും പ്രളയ സാധ്യത വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

റോഡുകളും പാലങ്ങളും വൈദ്യുതി പദ്ധതികളും തകര്‍ന്നു

ദുരന്തത്തില്‍ വ്യാപകമായ അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നുവാകോട്ടിലെ ബെത്രാവതിക്കും രസൂവാഗഢിക്കും ഇടയിലുള്ള 42 കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. പല കോണ്‍ക്രീറ്റ് പാലങ്ങളും ഒലിച്ചുപോയി. ദുരന്ത സാധ്യത ലഘൂകരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 35 പാലങ്ങളും 45 തൂക്കുപാലങ്ങളും 40 കിലോമീറ്ററോളം റോഡും നശിച്ചു. ത്രിശൂലി, ദേവിഘട്ട് ജലവൈദ്യുത പദ്ധതികള്‍ക്കും മറ്റ് വൈദ്യുതി ലൈനുകള്‍ക്കും കടുത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കാഠ്മണ്ഡുവിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഗാല്‍ച്ചി-ബൈറെനി റോഡിലെ തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിര്‍ത്തിയിലുണ്ടായ ഹിമപാതത്തെ തുടര്‍ന്ന് രസൂവ ജില്ലയിലാണ് ആദ്യ വിനാശമുണ്ടായത്. വെള്ളവും ചെളിയും പാറകളും നിറഞ്ഞ പ്രളയം തിമുറെ, രസൂവാഗഢി തുടങ്ങിയ ജനവാസമേഖലകളെ തകര്‍ത്തെറിയുകയായിരുന്നു.

കെട്ടിക്കിടക്കുന്നത് 20 ലക്ഷം ഘനമീറ്റര്‍ വെള്ളം, നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ഇതുവരെ മരിച്ചത് 469 പേര്‍, 290 ഇന്ത്യക്കാരെ കാണാനില്ല
രാക്ഷസ തിരമാലകൾ വിഴുങ്ങി ​​ഗ്രാമങ്ങൾ; നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ചൈനയുടെ ഡാമോ?

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സപമുണ്ടായ ഹിമപാതവും മഞ്ഞുമലയുടെ തകര്‍ച്ചയുമാണ്

ദുരന്തത്തിന് വഴിവെച്ചത്. വന്‍ തോതില്‍ വെള്ളവും കല്ലും ചെളിയും കലര്‍ന്ന പ്രളയജലം മധ്യ നേപ്പാളിലെ ഭോട്ടേ കോശി നദീതടത്തിലൂടെ കുത്തിയൊഴുകുകയായിരുന്നു. ഇത് ഗ്രാമങ്ങളെയും നഗരങ്ങളെയും തകര്‍ത്തെറിയുകയും വീടുകള്‍, വാഹനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. രസൂവ, നുവാകോട്ട് എന്നിവിടങ്ങളിലെ മുഴുവന്‍ ജനവാസകേന്ദ്രങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ ചെളിക്കടിയിലായി. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളിലേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രയാസപ്പെടുകയാണ്.

ഇന്ത്യക്കാരെ കണ്ടെത്താന്‍ തീവ്രശ്രമം

കാണാതായ 290 ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം തീവ്രശ്രമം തുടരുകയാണ്. ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും കൈലാഷ് മാനസസരോവര്‍, ഗോസൈന്‍കുണ്ഡ എന്നിവിടങ്ങളിലേക്ക് പോയ വിനോദസഞ്ചാരികളുമാണ് കാണാതായവരില്‍ ഭൂരിഭാഗവും. ഇതുവരെ 84 ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ത്രിശൂലി-ക ജലവൈദ്യുത പദ്ധതിയില്‍ നിന്ന് 63 പേരെയും തമിഴ്നാട്ടില്‍ നിന്നുള്ള 21 ടൂറിസ്റ്റുകളെയും രക്ഷപ്പെടുത്തി. ടിബറ്റ് ഭാഗത്ത് കുടുങ്ങിയ ഇരുനൂറോളം ഇന്ത്യന്‍ പൗരന്മാര്‍ ഒഴിപ്പിക്കലിനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ നേപ്പാളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനും ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കാനുമായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കാഠ്മണ്ഡുവിലെയും ബീജിങിലെയും ഇന്ത്യന്‍ സ്ഥാനപതിമാരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ അടിയന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചു. നേപ്പാള്‍ അധികാരികള്‍, മറ്റ് മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായി മന്ത്രാലയം നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതുവരെ 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലെത്തിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹി-കാഠ്മണ്ഡു ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Summary

Nepal is facing a renewed flood threat after a devastating flash flood disaster that has reportedly killed 469 people, while 1,468 people remain missing across Nepal and Tibet. According to the report, 290 Indian citizens are still unaccounted for. Rescue operations are being severely affected by destroyed roads, bridges and massive mud deposits. Meanwhile, a newly formed lake near the source of the Bhote Koshi River is raising fears of another major flood, with around 2 million cubic metres of water already accumulated and more water expected to flow into it.

Madism Digital
madismdigital.com