കഴിഞ്ഞ 11 ദിവസത്തിനിടെ നാലാം തവണയും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമായി. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ കടന്നപ്പോഴുണ്ടായ നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വിലവര്‍ധനവെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ അവകാശപ്പെട്ടു.
വിലക്കയറ്റം മൂലം ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന സാധാരണ കുടുംബങ്ങള്‍ക്ക് ഈ പുതിയ വിലവര്‍ധനവ് കൂടുതല്‍ ഭാരമാകും. ഡീസല്‍ വില കൂടുന്നതോടെ ചരക്കുകൂലി വര്‍ധിക്കുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കുകയും ചെയ്യും. ഈ മാസം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തിയ അതേ ദിവസം തന്നെയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത് എന്നത് വിരോധാഭാസമാണ്.
എന്തുകൊണ്ടാണ് ഇന്ധനവില വീണ്ടും കൂട്ടിയത്?
തുടരുന്ന ഇറാന്‍ യുദ്ധം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന പ്രധാന പാതയായ ഹോര്‍മൂസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായി. ഉയര്‍ന്ന വിലയ്ക്കാണ് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നതെങ്കിലും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആഴ്ചകളോളം പഴയ നിരക്കില്‍ തന്നെയാണ് പെട്രോളും ഡീസലും വിറ്റിരുന്നത്.
എന്നാല്‍, ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം രണ്ടുമാസം പിന്നിട്ടതോടെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം താങ്ങാനാവാത്ത അവസ്ഥയിലായി. കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ക്ക് ചേര്‍ന്ന് പ്രതിദിനം 1,000 കോടി രൂപയിലധികമാണ് നഷ്ടം സംഭവിച്ചിരുന്നത്. ഇതോടെയാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്.
'തുടര്‍ച്ചയായ ഈ വിലവര്‍ധനവ് എണ്ണക്കമ്പനികള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുമെങ്കിലും പൂര്‍ണ്ണമായൊരു പരിഹാരമാകില്ല. പശ്ചിമേഷ്യയിലെ സാഹചര്യം ശാന്തമായാല്‍ പോലും ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ പൂര്‍ണ്ണമായി മാറാന്‍ സമയമെടുക്കും. അതുകൊണ്ട് തന്നെ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളില്‍ തന്നെ തുടരാനാണ് സാധ്യത. ഇതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും കമ്പനികളുടെ ലാഭത്തെ ബാധിക്കും. ഇനിയും അവര്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം', ഇന്ധനവില വര്‍ധനവിനെക്കുറിച്ചും എണ്ണക്കമ്പനികളില്‍ അത് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് ഓയില്‍ ആന്‍ഡ് ഗ്യാസ് പാര്‍ട്ണര്‍ സൗരവ് മിത്ര പറഞ്ഞു.
വരും ദിവസങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് ഇനിയും വില കൂട്ടേണ്ടിവരുമെന്നും എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്ഥിതിയും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒരുപോലെ സന്തുലിതമായി കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലയില്‍ 2 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. അതിനാല്‍, നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്.
English Summary: India has increased petrol and diesel prices for the fourth time in 11 days, citing losses incurred by public sector oil companies due to elevated crude oil prices and supply disruptions linked to tensions in West Asia and the Hormuz Strait. The price hike is expected to increase transportation costs and put further pressure on household budgets and inflation. Experts warn that fuel prices may remain elevated if crude oil prices stay above 90 dollar per barrel and the rupee continues to weaken.