India

ഒരു കൊടിക്കീഴിലും അണിനിരന്നില്ല, ദേശ, ഭാഷന്തരങ്ങള്‍ക്കപ്പുറം അവര്‍ ഒരുമിച്ചു; ഭരണകൂടത്തെ മുട്ടുകുത്തിച്ച ജെന്‍സികള്‍

ഭരണകൂടത്തോടുള്ള അതൃപ്തിയും രോഷവും തങ്ങളുടേതായ ഭാഷയിൽ പ്രകടിപ്പിച്ച് നേപ്പാൾ, കെനിയ, ബംഗ്ലാദേശ്, ഒടുവിൽ ഇന്ത്യയിലേക്കും വ്യാപിച്ച പുതിയ പ്രതിഷേധ തരംഗത്തിന് നേതൃത്വം നൽകിയത് ജെൻസീ തലമുറയാണ്

Madism Desk

ജെൻസീ പ്രക്ഷോഭങ്ങൾക്ക് ആ​ഗോള തലത്തിൽ തന്നെ നിർണായക സ്വാധീനമുണ്ട്. ഒരു രാജ്യത്തെ സർക്കാരിനെ വരെ താഴെയിറക്കിയ ചരിത്രമുള്ള ജെൻസീ പ്രക്ഷോഭം ഇന്ത്യയിലും നിർണായക രാഷ്ട്രീയ വഴിത്തിരിവിന് കാരണമായിരിക്കുകയാണ് ഇപ്പോൾ. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിജെപി നേതൃത്വത്തിൽ ജെൻസീകൾ നടത്തിയ പ്രതിഷേധങ്ങൾ ഒടുവിൽ ഫലം കണ്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സമരത്തിന് വലിയ രാഷ്ട്രീയ വിജയം നേടിക്കൊടുത്തു. സിജെപി പ്രതിനിധികളുമായുള്ള നിർണായക ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപുതന്നെ ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിഞ്ഞു.

ഭരണകൂടത്തോടുള്ള അതൃപ്തിയും രോഷവും തങ്ങളുടേതായ ഭാഷയിൽ പ്രകടിപ്പിച്ച് നേപ്പാൾ, കെനിയ, ബംഗ്ലാദേശ്, ഒടുവിൽ ഇന്ത്യയിലേക്കും വ്യാപിച്ച പുതിയ പ്രതിഷേധ തരംഗത്തിന് നേതൃത്വം നൽകിയത് ജെൻസീ തലമുറയാണ്. ഗൗരവമേറിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ ഹാസ്യവും സർഗാത്മകതയും ചേർത്ത് അവതരിപ്പിച്ച ഇവരുടെ പ്രതിഷേധരീതി ലോകശ്രദ്ധ പിടിച്ചുപറ്റി. അതിന് ഏറ്റവും ശക്തമായ ആയുധമായി അവർ ഉപയോഗിച്ചത് സാമൂഹ്യ മാധ്യമങ്ങളെ ആയിരുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ തെരുവിലിറങ്ങിയ വിദ്യാർഥികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാകയ്ക്കു കീഴിലായിരുന്നില്ല അണിനിരന്നത്. അവർ എല്ലാവരും ബിജെപി വിരുദ്ധരോ, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ അനുയായികളോ ആയിരുന്നില്ല. ഏതെങ്കിലും സമുദായത്തിന്റെയോ സാമൂഹിക വിഭാഗത്തിന്റെയോ താൽപര്യങ്ങൾ സംരക്ഷിക്കാനായിരുന്നില്ല അവരുടെ പോരാട്ടം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ അവർക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—തങ്ങളുടെ ഭാവിയെ നിർണയിക്കുന്ന പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾ ചോദ്യം ചെയ്യുക. അവർ ആവശ്യപ്പെട്ടത് പ്രത്യേക പരിഗണനയോ ആനുകൂല്യങ്ങളോ ആയിരുന്നില്ല. നീതിയായിരുന്നു. പ്രായം, പ്രദേശം, രാഷ്ട്രീയം, സാമൂഹിക പശ്ചാത്തലം തുടങ്ങിയ എല്ലാ വേർതിരിവുകളും മാറ്റിനിർത്തി, ഒരേ ലക്ഷ്യത്തിനായി അവർ കൈകോർത്തു. ഒരു ന്യായമായ ആവശ്യത്തിനുവേണ്ടി ജെൻസീ തലമുറ ഒന്നിച്ചുനിന്ന ഈ പ്രക്ഷോഭം ഇന്ത്യയിലെ വിദ്യാർഥി സമരങ്ങളുടെ പുതിയ അധ്യായമായി മാറി.

ജെന്‍സീ സമര രീതികള്‍

അനീതിക്കെതിരെ ശബ്ദമുയർത്താൻ പഴയ സമരശൈലികളുടെ ചട്ടക്കൂടുകൾ ആവശ്യമില്ലെന്ന് ജെൻ സീ തെളിയിച്ചു. മുഷിഞ്ഞ വസ്ത്രങ്ങളോ കടുപ്പമേറിയ രാഷ്ട്രീയ ഭാഷയോ സങ്കീർണമായ പ്രത്യയശാസ്ത്രങ്ങളോ അല്ല, മറിച്ച് ലളിതവും വ്യക്തവുമായ ആശയവിനിമയമാണ് അവർ ആയുധമാക്കിയത്. അവരുടെ ആവശ്യങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. പ്രതിഷേധ പ്ലക്കാർഡുകളിലെ വാചകങ്ങളിൽപ്പോലും ആ പുതുമ പ്രകടമായിരുന്നു. വിയോജിപ്പും പരിഹാസവും സമന്വയിപ്പിച്ച പുതിയൊരു പ്രതിഷേധഭാഷയാണ് അവർ സൃഷ്ടിച്ചത്. ആക്ഷേപഹാസ്യത്തിനുതന്നെ ജെൻ സീയുടെ സ്വന്തം ശൈലി അവർ രൂപപ്പെടുത്തി.

സ്വന്തം രീതികളിൽ അവർക്ക് ഒരു അപകർഷബോധവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യൂട്യൂബർമാരും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരും ഈ പ്രതിഷേധത്തെ വെറും വാർത്തയായി മാത്രമല്ല, സമൂഹം ശ്രദ്ധിക്കേണ്ട കണ്ടന്റായും അവതരിപ്പിച്ചു. സോഷ്യൽ മീഡിയയെ വിനോദത്തിനുള്ള വേദിയിൽ നിന്ന് സാമൂഹിക ഇടപെടലിന്റെയും ജനകീയ പ്രതികരണത്തിന്റെയും ശക്തമായ ഉപാധിയാക്കി മാറ്റാൻ ജെൻ സീക്ക് സാധിച്ചു.

പൊതുബോധത്തെ മാറ്റിമറിച്ച ജെന്‍സീ

ഒന്നിനോടും ആത്മാർഥമായ പ്രതിബദ്ധതയില്ലാത്ത തലമുറയെന്നാണ് ജെൻസീയെക്കുറിച്ചുള്ള പൊതുവിമർശനം. ലക്ഷ്യബോധമില്ലെന്നും, Fear of Missing Out (FOMO) മൂലമുള്ള താൽക്കാലിക പിന്തുണ മാത്രമാണ് സോഷ്യൽ മീഡിയയിലെ അവരുടെ ഇടപെടലുകളെന്നും പലരും വിലയിരുത്തിയിരുന്നു. എന്നാൽ, ഈ പ്രക്ഷോഭം ആ ധാരണകളെ തിരുത്തിക്കുറിച്ചു. ഒരു പോസ്റ്റിലൂടെയും ഹാഷ്ടാഗിലൂടെയും സ്റ്റോറിയിലൂടെയും ലക്ഷക്കണക്കിന് ആളുകളെ ഒരേ ലക്ഷ്യത്തിനുവേണ്ടി ഒന്നിപ്പിക്കാനാകുമെന്ന് ജെൻസീ തെളിയിച്ചു.

ഭൂമിശാസ്ത്രപരമായ അതിരുകൾക്കും സാമൂഹിക വ്യത്യാസങ്ങൾക്കും അതീതമായി അവർ ഒരു കൂട്ടായ്മയായി രൂപപ്പെട്ടു. ഡിജിറ്റൽ ഐക്യദാർഢ്യം യാഥാർഥ്യത്തിലെ ജനകീയ പ്രക്ഷോഭമായി മാറിയപ്പോൾ, ഒടുവിൽ വിജയവും അവരുടെ കൂടെയെത്തി. ഗൗരവമേറിയ രാഷ്ട്രീയത്തെയും ഹാസ്യത്തെയും രണ്ടുതട്ടിലായി കാണാൻ ജെൻസീ തയ്യാറല്ല. അധികാരത്തെ വെറും മുദ്രാവാക്യങ്ങളിലൂടെ നേരിടുന്നതിന് പകരം, പരിഹാസത്തിലൂടെയും സർഗാത്മകതയിലൂടെയും ചോദ്യം ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്.

പോപ്പ് സംസ്കാരവും രാഷ്ട്രീയവും സമന്വയിപ്പിച്ച ഈ പ്രതിഷേധരീതി ഭരണകൂടങ്ങൾക്ക് എളുപ്പത്തിൽ കുറ്റകരമാക്കാനോ അടിച്ചമർത്താനോ കഴിയാത്ത പുതിയ പ്രതിരോധഭാഷയായി മാറിയിരിക്കുന്നു. ഹാസ്യവും ആക്ഷേപവും നിറഞ്ഞ മീമുകൾ, കൗതുകമുണർത്തുന്ന പ്ലക്കാർഡുകൾ, കലാപരമായി തയ്യാറാക്കിയ ബാനറുകൾ എന്നിവ ഇന്നത്തെ സമരങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്. പ്രതിഷേധത്തിൽ സർഗാത്മകതയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അവ വീണ്ടും തെളിയിക്കുന്നു.

നേരിട്ടുള്ള രാഷ്ട്രീയ പ്രസ്താവനകളേക്കാൾ കൂടുതൽ ആളുകളിലേക്ക് സുരക്ഷിതമായും വേഗത്തിലും ആശയങ്ങൾ എത്തിക്കാൻ മീമുകൾക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. സിനിമാ ഡയലോഗുകളും പരസ്യവാചകങ്ങളും ജനപ്രിയ സാംസ്കാരിക സൂചനകളും ഉപയോഗിച്ച് സങ്കീർണമായ വിഷയങ്ങളെ പോലും സാധാരണക്കാരിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ ജെൻസീക്ക് സാധിച്ചു. ഹാസ്യത്തിന്റെ മറവിൽ അവതരിപ്പിക്കുന്ന വിമർശനങ്ങളെ ഭരണകൂടത്തിന് നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്യുക അത്ര എളുപ്പമല്ലെന്ന തിരിച്ചറിവും അവരുടെ പ്രതിഷേധരീതിക്ക് ശക്തി പകരുന്നു.

ഇന്ത്യ ഇതുവരെ കണ്ട വിദ്യാർഥി പ്രക്ഷോഭങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഡൽഹിയിലെ ഈ സമരം. 'ഈസി ഗോയിങ്' തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് അധികാരത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യവും ജനാധിപത്യത്തിൽ വിശ്വാസവും ഉണ്ടെന്ന് അവർ പ്രവൃത്തിയിലൂടെ തെളിയിച്ചു. ഞങ്ങൾ രാജ്യവിരുദ്ധരോ തീവ്രവാദികളോ അല്ല. രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടാണ് തെറ്റായ സംവിധാനങ്ങളെ തിരുത്താൻ തെരുവിലിറങ്ങിയത് എന്ന സന്ദേശമാണ് അവരുടെ ഓരോ പ്രതിഷേധവും സമൂഹത്തോട് പറഞ്ഞത്. കാര്യഗൗരവമില്ലാത്ത തലമുറയെന്ന മുദ്ര അവർ പ്രവർത്തനങ്ങളിലൂടെ തന്നെ ചോദ്യം ചെയ്തു.

'പെർഫോമേറ്റീവ് ആക്ടിവിസം' എന്ന വിമർശനവും ജെൻ സീ നേരിട്ടു. എന്നാൽ അവർ പ്രതിഷേധത്തെ ഒരു തെരുവിൽ ഒതുക്കിയില്ല. സോഷ്യൽ മീഡിയയിലൂടെ അത് ലോകത്തിന്റെ വിവിധ കോണുകളിലെ സമപ്രായക്കാരിലേക്ക് എത്തിച്ചു. ഒരു നഗരത്തിലോ ഒരു വട്ടമേശ ചർച്ചയിലോ ഒതുങ്ങിയ വിഷയത്തെ അവർ ഷെയറുകളും റീപോസ്റ്റുകളും വഴി ആഗോള സംവാദമാക്കി മാറ്റി.

“ഷെയർ ചെയ്യാൻ എളുപ്പമുള്ള ഇമോഷണൽ കണ്ടന്റ്” എന്ന പരിഹാസം കേട്ടിട്ടുണ്ടെങ്കിലും, അതേ ഡിജിറ്റൽ സമ്മർദ്ദമാണ് പല രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ പ്രതിരോധത്തിലാക്കിയത്. ചിലയിടങ്ങളിൽ സർക്കാരുകളെ തന്നെ പുറത്താക്കാൻ വരെ ആ സമ്മർദ്ദം കാരണമായി. ഇന്ത്യയിലും ഒടുവിൽ ഒരു കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് വഴിതെളിച്ച രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി ഈ ഡിജിറ്റൽ പ്രക്ഷോഭവും ചർച്ച ചെയ്യപ്പെട്ടു.

ലോകം കണ്ട ജെന്‍സീ പ്രതിഷേധങ്ങള്‍

2022-ലെ ശ്രീലങ്കയിലെയും 2024-ലെ ബംഗ്ലാദേശിലെയും സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ, പിന്നീട് നേപ്പാളിലെയും കെനിയയിലെയും വിദ്യാർഥി മുന്നേറ്റങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജെൻ സീയുടെ ഈ പുതിയ പ്രതിഷേധശൈലി കൂടുതൽ ശക്തമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത സമരരീതികൾക്ക് പകരമായി ഡിജിറ്റൽ ഇടവും തെരുവും ഒരുപോലെ ഉപയോഗിക്കുന്ന ഈ മാതൃക ലോകമെമ്പാടും ശ്രദ്ധ നേടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം യുവജന കൂട്ടായ്മകളെ ഭരണകൂടങ്ങൾ ഇന്ന് കൂടുതൽ ഗൗരവത്തോടെയും ജാഗ്രതയോടെയും നിരീക്ഷിക്കുന്നു.

ജെൻ സിയുടെ ഭാഷയും സ്ലാങ്ങുകളും പ്രതിഷേധരീതികളും മുതിർന്ന തലമുറയ്ക്ക് അപരിചിതമായി തോന്നാം. എന്നാൽ ആവശ്യമായപ്പോൾ അതീവ ഗൗരവത്തോടെ ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളാനും, അതല്ലാത്തപ്പോൾ ജീവിതം ആസ്വദിക്കാനും കഴിയുന്ന തലമുറയാണ് തങ്ങളെന്ന് ഇന്ത്യയിലെയും നേപ്പാളിലെയും കെനിയയിലെയും ബംഗ്ലാദേശിലെയും വിദ്യാർഥി പ്രക്ഷോഭങ്ങൾ തെളിയിക്കുന്നു. പ്രതിഷേധം ഇനി മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് സർഗാത്മകതയും സാങ്കേതികവിദ്യയും സാമൂഹിക ഐക്യദാർഢ്യവും ചേർന്ന പുതിയൊരു ജനാധിപത്യഭാഷയാണ്. ആ ഭാഷയ്ക്ക് പുതിയ മാനം നൽകുകയാണ് ജെൻ സീ. യാഥാർഥ്യത്തെ അവഗണിക്കാനാവില്ലെന്ന് ലോകത്തോട് അവർ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

Gen Z movements have had a significant impact on the global stage. Having already played a role in bringing down governments in other countries, the Gen Z protest movement has now triggered a major political turning point in India as well. Protests led by the CJP, highlighting alleged irregularities in the NEET examination, have finally yielded results. The resignation of Union Education Minister Dharmendra Pradhan has been seen as a major political victory for the movement. Notably, Pradhan stepped down even before crucial talks with CJP representatives were scheduled to begin.