India

യാത്രക്കാർ പറഞ്ഞിട്ടും ഡ്രൈവർ പുകവലി തുടർന്നു, വാഹനത്തിന് 1.7 ലക്ഷം രൂപ പിഴ; ഗ്രേറ്റർ നോയിഡ ബസ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ

വാഹനമോടിക്കുമ്പോള്‍ ക്യാബിനുള്ളില്‍ ഡ്രൈവര്‍ സിഗരറ്റ് വലിച്ചതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Madism Desk

ഗ്രേറ്റർ നോയിഡയിൽ എയർ കണ്ടീഷനിങ് സംവിധാനം പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിച്ച് ഒൻപത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ സ്ലീപ്പർ ബസിനെതിരെ വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി 60-ലേറെ പിഴകളുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ 20-ലേറെ പിഴകൾ ഇനിയും അടച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

‘BR32PA8647’ എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബസിന്റെ പേരിലുള്ള ചലാനുകളിൽ 1.7 ലക്ഷം രൂപയിലേറെ ഇതുവരെ അടയ്ക്കാനുണ്ട്. ബിഹാര്‍ രജിസ്ട്രേഷനിലുള്ള ബസിനെതിരെ ഏറ്റവും ഒടുവിൽ ചുമത്തിയ ചലാൻ ഓഗസ്റ്റ് 19ന് ഡൽഹിയിലെ മയൂർ വിഹാറിൽ, ഉത്തർപ്രദേശിലെ നോയിഡ അതിർത്തിക്ക് സമീപമാണ് രജിസ്റ്റർ ചെയ്തത്.

‘സ്റ്റേജ്, കോൺടാക്ട് ക്യാരേജുകളിൽ മുകളിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകൽ’ എന്ന നിയമലംഘനത്തിനാണ് 18,500 രൂപ പിഴ ചുമത്തിയത്. തീപിടിച്ച ബസിനെതിരെ രേഖപ്പെടുത്തിയിട്ടുള്ള ചലാനുകളിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിക്കുന്ന നിയമലംഘനവും ഇതുതന്നെയാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ പുതിയ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കശ്മീരി ഗേറ്റിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാർ നൽകിയ മൊഴി പ്രകാരം, ഡ്രൈവറുടെ ക്യാബിനിൽ നിന്ന് എന്തോ കത്തുന്ന മണം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഡ്രൈവറെയും കണ്ടക്ടറെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ഡ്രൈവർ ഉടൻ ബസ് നിർത്താതെ ക്യാബിനുള്ളിൽ സിഗരറ്റ് വലിക്കുന്നത് തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് നിമിഷങ്ങൾക്കകം ഡ്രൈവറുടെ സീറ്റിന് സമീപമുള്ള ഭാഗത്ത് തീപിടിക്കുകയും അതിവേഗം ബസിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ബസിനുള്ളിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

The sleeper bus that caught fire after its AC exploded on the Yamuna Expressway in Greater Noida had over 60 traffic violation fines, with more than Rs 1.7 lakh still unpaid, records reveal. The fire reportedly spread after the driver ignored passengers’ warnings and continued smoking a cigarette, killing nine people. The driver and conductor have been arrested.