വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. എസ്ഐആറിന്റെ ഭാഗമായി 13 കോടിയിലേറെ പേരെ വോട്ടർപട്ടികയിൽനിന്ന് ഏകപക്ഷീയമായി ഒഴിവാക്കിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
സ്ത്രീകൾ, മുസ്ലിംകൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെയാണ് എസ്ഐആർ ബാധിച്ചതെന്ന് ഒക്ടോബർ 28ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംഘടന ചൂണ്ടിക്കാട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും എച്ച്ആർഡബ്ല്യു പ്രതികരിച്ചു. ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചതിനൊപ്പം അതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മർദിക്കുകയും ജയിലിലടയ്ക്കുകയുമാണ് അധികൃതർ ചെയ്യുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരംക്ഷിക്കുന്നതിനായി ഉടൻ എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മരിച്ചവരുടെയും ഒന്നിലധികം തവണ പേര് ചേർക്കപ്പെട്ടവരുടെയും വിവരങ്ങൾ കണ്ടെത്തുക, വോട്ടർപട്ടിക പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പാക്കുന്നത്. എന്നാൽ വോട്ടവകാശം നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ വ്യക്തമല്ലെന്നും സംഘടന കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭീഷണി നേരിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ എഴുപതോളം വോട്ടർമാരുമായി സംഘടന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിൽ നാൽപ്പതോളം പേരം എസ്ഐആർ നടപടികൾ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ എന്നിവരും കൂടിക്കാഴ്ച നടത്തിയവരിൽ ഉൾപ്പെടുന്നു.
വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനെ തുടർന്ന് ചിലർക്ക് റേഷൻ, സ്കോളർഷിപ്പ്, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിൽ തടസം നേരിട്ടതായും എച്ച്ആർഡബ്ല്യു അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എസ്ഐആറിലൂടെ ശേഖരിച്ച വിവരങ്ങൾ മറ്റ് സർക്കാർ സേവനങ്ങൾ നിഷേധിക്കാൻ ഉപയോഗിക്കരുതെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും ചിലരുടെ ആനുകൂല്യങ്ങൾ വെട്ടിമാറ്റപ്പെട്ട അവസ്ഥ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമായ രേഖകൾ കൈവശമുള്ളവരുടെ പേരുകൾ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സംഘടന ആരോപിച്ചു. പേരുകളിലെ അക്ഷരവ്യത്യാസങ്ങൾ, അഞ്ചിലധികം സഹോദരങ്ങളുണ്ടെന്നത്, സഹോദരങ്ങൾ ഒൻപത് മാസത്തിൽ താഴെ ഇടവേളയിൽ ജനിച്ചത് തുടങ്ങിയ കാര്യങ്ങളും പൊരുത്തക്കേടുകളായി കണക്കാക്കിയ സംഭവങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ ഒരു മുസ്ലിം യുവാവിന്റെ അനുഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അഞ്ചിലധികം സഹോദരങ്ങളുള്ളതിനാൽ ഇയാളെ പൊരുത്തക്കേടുകൾ ആരോപിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആവശ്യമായ രേഖകളുണ്ടായിരുന്നിട്ടും തലമുറകളായി വോട്ടർപട്ടികയിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ പേരുകൾ ഒഴിവാക്കിയെന്നും ഇയാൾ എച്ച്ആർഡബ്ല്യുവിനോട് പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Human Rights Watch has urged India to scrap the Special Intensive Revision (SIR) of electoral rolls, alleging arbitrary voter exclusions that disproportionately affect women, Muslims and marginalised communities. It has raised concerns over unclear eligibility criteria, lack of transparency and errors in the verification process.