പാകിസ്താന് ചാരന് യുദ്ധ പദ്ധതികളും തന്ത്രപ്രധാനമായ സൈനിക വിന്യാസ വിവരങ്ങളും ചോര്‍ത്തി നല്കിയ വ്യോമസേനാ ഓഫീസര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് മാസം മുന്‍പ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റിലായ വ്യോമസേനാ വിങ് കമാന്ഡര്ക്കെതിരെയാണ് ഡല്‍ഹി കോടതിയില്‍ പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്. യുദ്ധ പദ്ധതി രേഖകള്‍, ഡ്രോണ്‍ ശേഷികള്‍, സൈനിക വിന്യാസ സ്ഥാനങ്ങള്‍, മുന്‍നിര യുദ്ധവിമാനങ്ങളുടെ നീക്കങ്ങള്‍, തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ കോര്‍ഡിനേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങളാണ് ഇയാള്‍ പാകിസ്താന് ഇന്റലിജന്‍സ് ഏജന്റിന് കൈമാറിയത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി
വിവരങ്ങള്‍ ചോര്‍ന്നത് നിര്‍ണായക സൈനിക ആസ്തികള്‍ക്ക് വലിയ തോതില്‍ ഭീഷണിയുണ്ടാനും രാജ്യത്തിന്റെ സുരക്ഷയെത്തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. രഹസ്യ ഡ്രോണ്‍ യൂണിറ്റിന്റെ ശക്തിയും ഘടനയും പ്രവര്‍ത്തന ശേഷി, ശത്രുതാപരമായ സാഹചര്യങ്ങളില്‍ വിന്യസിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍, യുദ്ധവിമാനങ്ങളുടെ നീക്കങ്ങള്‍ എന്നിവയെല്ലാം പാക് ഏജന്റിന് ചോര്‍ത്തി നല്‍കിയിട്ടുണ്ട്.
ജനുവരി 12 മുതല്‍ ഏപ്രില്‍ ഒന്നു വരെ വിങ് കമാന്‍ഡര്‍ വാട്സാപ്പിലൂടെ പാകിസ്താന് ഏജന്റുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. പാകിസ്താന് ഏജന്റില്‍ നിന്ന് ഒരു 'നഗ്നചിത്രം' ലഭിച്ചതിനെ തുടര്‍ന്ന് വിങ് കമാന്‍ഡര്‍ രഹസ്യ യുദ്ധ പദ്ധതിയുടെ ഒരു പേജ് നല്‍കുകയും ഓരോ നഗ്നചിത്രത്തിനും യുദ്ധ പദ്ധതിയുടെ ഓരോ പുതിയ പേജ് വീതം നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
ഡ്രോണ്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍, ആയുധ സംവിധാനത്തിന്റെ പ്രവര്‍ത്തന ശേഷി, ടാര്‍ഗെറ്റിങ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ഓഫീസറുടെയും പാക് ഏജന്റിന്റെയും വാട്സാപ്പ് ഡാറ്റ വിശകലനം ചെയ്തതില്‍ നിന്ന് ആകെ 3,008 ടെക്സ്റ്റ് സന്ദേശങ്ങള്‍, 65 ചിത്രങ്ങള്‍, 42 വോയ്സ് കോളുകള്‍, നാല് വീഡിയോ കോളുകള്‍, ആറു യു.ആര്.എല്ലുകള്‍ എന്നിവ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മാല്‍വെയര്‍ ആക്രമണവും മറ്റ് രഹസ്യങ്ങളും
ഓഫീസറുടെ ഡിവൈസുകളിലേക്കും കമാന്‍ഡ് ചെയിനുമായുള്ള ആശയവിനിമയങ്ങളിലേക്കും പ്രവേശനം നേടാന്‍ കഴിയുന്ന മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ പാക് ഏജന്റ് അയച്ചു നല്‍കിയിരുന്നു. കൂടാതെ, തന്റെ കീഴിലുള്ള യൂണിറ്റിലെ അഞ്ച് കീഴുദ്യോഗസ്ഥരുടെ ഐ.സി.ടി ഉപകരണങ്ങളില്‍ ഈ മാല്‍വെയറുകളും സ്പൈവെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തിലുണ്ട്. ലേയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത് സംബന്ധിച്ച വിവരങ്ങളും സൂറത്ത്ഗഡിലെ മഹാജന് ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടത്തിയ സൈനികാഭ്യാസവും സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ചോര്‍ത്തി നല്കിയവയില് ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ഞെട്ടിച്ച ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
Delhi court has received a chargesheet against an Indian Air Force Wing Commander accused of leaking classified military information, including war plans and strategic deployment details, to a Pakistani intelligence operative. The officer was arrested around five months ago under the Official Secrets Act. According to the chargesheet, the officer allegedly shared highly sensitive information relating to military operations, drone capabilities, deployment locations, fighter jet movements and coordinates of strategic installations. Investigators have warned that the disclosures could pose a serious threat to national security and expose critical military assets to hostile forces.