India

ചൈനയുടെ കടന്നുകയറ്റത്തിന് മറുപടി; അരുണാചലിലെ 27 പ്രദേശങ്ങള്‍ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോങ്ജു, മജ എന്നീ പ്രദേശങ്ങള്‍ പുതിയ ഭൂപടത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Madism Desk

അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനവും ചരിത്രപരവുമായ 27 പ്രദേശങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ അടയാളപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയാണ് ഇന്ത്യയുടെ ഈ നടപടി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ വിശദമായ പഠനങ്ങള്‍ക്കൊടുവിലാണ് ഈ പ്രദേശങ്ങളുടെ പേരുകള്‍ ഭൂപടത്തില്‍ ചേര്‍ത്തത്. ഈ പ്രദേശങ്ങളെ കൃത്യമായി തിരിച്ചറിയാനും പൊതുജനങ്ങളില്‍ അവയെക്കുറിച്ച് കൂടുതല്‍ ധാരണ സൃഷ്ടിക്കാനുമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

'സാങ്നാന്‍' എന്ന് പേരിട്ട് അരുണാചല്‍ പ്രദേശിനെ തങ്ങളുടെ ഭാഗമാക്കാന്‍ ചൈന കുറേകാലമായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ കയ്യേറി ഗ്രാമങ്ങള്‍ നിര്‍മിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ചൈനയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ചരിത്രപ്രധാനവും തന്ത്രപരവുമായ പ്രദേശങ്ങള്‍

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോങ്ജു, മജ എന്നീ പ്രദേശങ്ങള്‍ പുതിയ ഭൂപടത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1959-ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ലോങ്ജു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പ്രാരംഭ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച താഗ് ലായും പുതിയ ഭൂപടത്തിലുണ്ട്. കൂടാതെ ദ്‌സോ ലാ, റിസ ലാ, പുക്കൂര്‍ ലാ തുടങ്ങിയ പ്രധാന ചുരങ്ങളും ഭൂപടത്തില്‍ ഉള്‍പ്പെടുത്തി.

കിഴക്കന്‍ അരുണാചലിലേക്കും മ്യാന്മര്‍ അതിര്‍ത്തിയിലേക്കുമുള്ള സുരക്ഷാ സേനയുടെ നീക്കത്തിന് നിര്‍ണായകമായ ജയ്റാംപൂര്‍, തവാങ് റോഡില്‍ 1962-ലെ യുദ്ധവീരന്‍ ജസ്വന്ത് സിങ് റാവത്തിന്റെ സ്മാരകമുള്ള ജസ്വന്ത് ഗര്‍ഹ്, ഷേര്‍-ഇ-ഥാപ്പ സ്മാരകം, ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംഭോ സരോവര്‍ തടാകം എന്നിവയും വിജ്ഞാപനം ചെയ്ത പട്ടികയിലുണ്ട്. ലോങ്ജു, മജ, ബിസ, ദ്‌സോ ലാ, റിസ ലാ, പുക്കൂര്‍ ലാ, ഥാഗ് ലാ, സംഭോ സരോവര്‍, ബഡാ കുന്ദുന്‍, ഛോട്ടാ കുന്ദുന്‍, ധന്‍ ബാരി, പ്രീത്നഗര്‍, ബുദ്ധമന്ദിര്‍, ജയ്റാംപൂര്‍, തേരിത്നഗര്‍, രാംനഗര്‍, ജസ്വന്ത് ഗര്‍ഹ്, സാഗര്‍, പദ്മ, ജ്യോതിനഗര്‍, ബൈസാഖി, ഷേര്‍-ഇ-ഥാപ്പ സ്മാരകം, ഛോട്ടാ റോപൂക്, ബഡാ റോപൂക്, ശിവാജി നഗര്‍, സുന്‍പുര, കംലാങ് നഗര്‍ എന്നിവയാണ് ഔദ്യോഗിക ഭൂപടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ 27 പ്രദേശങ്ങള്‍.

ചൈനയുടെ നീക്കം തുടങ്ങിയത് 2017-ല്‍

ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് വ്യാജ പേരുകള്‍ നല്‍കി സ്വന്തമെന്ന് വരുത്തിതീര്‍ക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2017-ലാണ് അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈന ആദ്യമായി സ്വന്തം നിലയില്‍ പേരുകള്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2021-ല്‍ 15 സ്ഥലങ്ങളുടെയും 2023-ല്‍ 11 സ്ഥലങ്ങളുടെയും പട്ടിക ചൈന പുറത്തുവിട്ടിരുന്നു. ചൈനയുടെ ഇത്തരം ഏകപക്ഷീയമായ നടപടികള്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

India has officially added 27 strategically and historically significant locations in Arunachal Pradesh to the Survey of India’s official map through a notification issued by the Union Home Ministry. The move comes amid China’s repeated attempts to rename and claim parts of Arunachal Pradesh as its territory. The newly mapped locations include Longju, Maja, Thag La, Dso La, Risa La, Pukor La, Jaswant Garh and several other strategically important areas near the Line of Actual Control and the Myanmar border. The Indian government reiterated that Arunachal Pradesh is an integral part of India and that China’s unilateral attempts to assign new names to Indian territories cannot alter the ground reality.