പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'നല്ല സുഹൃത്തെന്ന്' വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും വ്യാപാര കരാറിന് അന്തിമരൂപം നല്‍കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. മോദിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദം ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് എടുത്തുപറഞ്ഞു.
'എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്, ഞങ്ങള്‍ വളരെ സൗഹൃദത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടേത് നല്ലൊരു ബന്ധമാണ്,' യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ ട്രംപ് പറഞ്ഞു. തങ്ങളുടെ ബന്ധം നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, മുന്‍കാലങ്ങളില്‍ ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന നികുതി ചുമത്തിയിരുന്നതായി ആരോപിച്ച ട്രംപ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും മികച്ചരീതിയല്‍ പണം സമ്പാദിക്കുന്നുണ്ടെന്നും പറഞ്ഞു.
'വര്‍ഷങ്ങളോളം ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ ഞങ്ങളില്‍ നിന്ന് വലിയ തോതില്‍ നികുതി ഈടാക്കുകയും തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ഥിതി നേരെ തിരിഞ്ഞു, ഞങ്ങള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ മികച്ച രീതിയില്‍ പണം സമ്പാദിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു. 'പക്ഷേ, നമ്മള്‍ ഒരു കരാറിലെത്തും', ഇരുപക്ഷവും പൊതുവായൊരു ധാരണയിലെത്താന്‍ ഒന്നിച്ച് ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ചര്‍ച്ചകള്‍
ജൂണ്‍ 1 മുതല്‍ ജൂണ്‍ 4 വരെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയില്‍ നാല് ദിവസത്തെ വ്യാപാര ചര്‍ച്ചകള്‍ നടത്തി തൊട്ടടുത്ത ദിവസങ്ങളിലാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍, നോണ്‍-താരിഫ് തടസ്സങ്ങള്‍, വ്യാപാര സുഗമമാക്കല്‍, സാമ്പത്തിക സുരക്ഷാ സഹകരണം എന്നീ വിഷയങ്ങളിലാണ് ഓഫീസ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ്, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ഇരുപക്ഷവും വിലയിരുത്തി. ഒരു താല്‍ക്കാലിക കരാറിനും അതോടൊപ്പം വിപുലമായ ഉഭയകക്ഷി വ്യാപാര കരാറിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘം അറിയിച്ചു.
ഇന്ത്യക്ക് മേല്‍ 12.5% വരെ നികുതി ഭീഷണി
12.5% വരെയുള്ള താരിഫ് നിര്‍ദേശം ഇരുസംഘവും പരിശോധിച്ചുവെങ്കിലും 1974-ലെ ട്രേഡ് ആക്റ്റിന്റെ സെക്ഷന്‍ 301 പ്രകാരം യുഎസ് നടത്തുന്ന സമാന്തര നികുതി അവലോകനം ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ നിര്‍ബന്ധിത തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട് വരുന്ന ഇറക്കുമതികള്‍ തടയുന്നതിനുള്ളതാണ് ഈ നിര്‍ദേശം. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 60 പ്രധാന സമ്പദ്വ്യവസ്ഥകളെ ബാധിക്കുന്നതാണ് ഈ നീക്കം. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനം വരെ താരിഫ് ചുമത്താനാണ് നിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍, നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിനെതിരെ സമാനമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നടപ്പാക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം വരെ ഉയര്‍ന്ന നികുതി ചുമത്തിയേക്കും.
ഇന്ത്യയെ കൂടാതെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ പ്രമുഖ രാജ്യങ്ങളും ഈ കടുത്ത പരിശോധന നേരിടുന്നവരുടെ പട്ടികയിലുണ്ട്. ആഗോള വ്യാപാര രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് ഈ പുതിയ നിര്‍ദേശങ്ങള്‍. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ന്യായമായ സാഹചര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു.
പുതിയ നികുതി നിര്‍ദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന് ഭാവിയില്‍ തടസ്സമായി മാറാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വളരെ കുറച്ചു പ്രശ്‌നങ്ങള്‍ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ഒട്ടുമിക്ക കാര്യങ്ങളിലും തീരുമാനമായെന്നും ഇപ്പോള്‍ അവസാനവട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്നും ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സൂചിപ്പിച്ചു.
English Summary: US President Donald Trump has described Indian Prime Minister Narendra Modi as a “good friend” and expressed confidence that India and the United States will finalize a trade agreement despite existing differences between the two countries. Speaking at a White House press conference, Trump said his personal rapport with Modi would help advance negotiations.