India

കര്‍ണാടകയില്‍ ഹിജാബ് വിലക്ക് പിന്‍വലിച്ചു; സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുമതി, പ്രതിഷേധവുമായി ബിജെപി

മത ചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷകളിലോ മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളിലോ പ്രവേശനം നിഷേധിക്കാന്‍ പാടില്ല

Madism Desk

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും നിര്‍ദ്ദിഷ്ട യൂണിഫോമിനൊപ്പം പരമ്പരാഗതവും മതാധിഷ്ഠിതവുമായ ഹിജാബ് ഉള്‍പ്പടെ ധരിക്കാന്‍ അനുമതി നല്‍കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

തലപ്പാവ്, പൂണൂല്‍, ശിവധാര, രുദ്രാക്ഷ മാല, ഹിജാബ് അല്ലെങ്കില്‍ സമാനമായ രീതിയിലുള്ള ശിരോവസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍, ഇത് വിദ്യാര്‍ഥികളുടെ അച്ചടക്കം, സുരക്ഷ അല്ലെങ്കില്‍ വിദ്യാര്‍ഥികളെ തിരിച്ചറിയല്‍ എന്നിവയെ ബാധിക്കാന്‍ പാടില്ല. കൂടാതെ ഇവ യൂണിഫോമിന് അനുയോജ്യമായ രീതിയിലായിരിക്കണം എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മത ചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷകളിലോ മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളിലോ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. അതേസമയം, ഇത്തരം ചിഹ്നങ്ങള്‍ ധരിക്കാനോ നീക്കം ചെയ്യാനോ ഒരു വിദ്യാര്‍ഥിയെയും നിര്‍ബന്ധിക്കാനും പാടില്ല. പുതിയ നിയമങ്ങള്‍ പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതത് അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള യൂണിഫോം തന്നെ നടപ്പാക്കണം. ദേശീയ-സംസ്ഥാന തലത്തിലുള്ള പരീക്ഷകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഡ്രസ് കോഡുകള്‍ ആ സമയങ്ങളില്‍ തുടര്‍ന്നും ബാധകമായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം പഠനകേന്ദ്രങ്ങള്‍ മാത്രമല്ല, ഭരണഘടനാപരമായ മൂല്യങ്ങളും മതനിരപേക്ഷതയും വളര്‍ത്തേണ്ട ഇടങ്ങള്‍ കൂടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടനാപരമായ തുല്യത, അന്തസ്സ്, സാഹോദര്യം, ശാസ്ത്രീയ മനോഭാവം, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയ്ക്ക് അനുസൃതമായി ഉത്തരവ് നടപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മതചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ഉപദ്രവിക്കാനോ വിവേചനം കാണിക്കാനോ പാടില്ലെന്നും സ്ഥാപനത്തിലെ അച്ചടക്കം കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സ്‌കൂള്‍-കോളേജ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സ്ഥാപനങ്ങള്‍ നിയമങ്ങളോ, സര്‍ക്കുലറുകളോ പുറത്തിറക്കിയാല്‍ അത് അസാധുവായി കണക്കാക്കും.

1983-ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍ 7, 133(2) എന്നിവ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഈ പരിഷ്‌കരണം നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും കൃത്യമായ ഭരണം, അച്ചടക്കം, പൊതുക്രമം എന്നിവയ്ക്കായി നിര്‍ദേശങ്ങള്‍ നല്‍കാനും അനുമതി നല്‍കുന്ന നിയമമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം അക്കാദമിക് പഠന കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും ശാസ്ത്രീയ മനോഭാവം, തുല്യത, സാഹോദര്യം, അന്തസ്സ്, പരസ്പര ബഹുമാനം, മതേതരത്വം, അച്ചടക്കം, സാമൂഹിക ഐക്യം തുടങ്ങിയ മൂല്യങ്ങളുള്ള ഭരണഘടനാപരമായ ഇടങ്ങള്‍ കൂടിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി എംഎല്‍എ ഭരത് ഷെട്ടി ആരോപിച്ചു. ഹിജാബ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദു വിദ്യാര്‍ഥികളെ കാവി ഷാളുകള്‍' ധരിക്കാനും അനുവദിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗിരീഷ് ഭരദ്വാജ് ആവശ്യപ്പെട്ടു. ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് നിരോധിച്ചതാണെന്നും കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സിദ്ധരാമയ്യ സര്‍ക്കാര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗിരീഷ് ഭരദ്വാജ് ആരോപിച്ചു.

2022-ലാണ് അന്നത്തെ സര്‍ക്കാര്‍ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാലയങ്ങളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കുകയും ഹിജാബുപോലുള്ള മതപരമായ വസ്ത്രങ്ങള്‍ നിരോധിക്കുകയുമായിരുന്നു. ഉഡുപ്പിയിലെ ഗവ. പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാര്‍ഥികളെ ക്ലാസിലിരിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവിലാണ് സര്‍ക്കാര്‍ അന്ന് ഉത്തരവിറക്കിയത്. സംഭവം വന്‍ വിവാദമാകുകയും പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധനം കോടതി ശരിവെച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചില്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത നിരോധനത്തെ അനുകൂലിക്കുകയും ശുധാംശു ധൂളിയ എതിര്‍ക്കുകയും ചെയ്തു. കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കിയത്.

English Summary: The Karnataka government has officially withdrawn its February 2022 order that strictly enforced uniforms without religious symbols. New guidelines have been issued to foster a more inclusive and non-discriminatory educational environment.