India

കശ്മീരില്‍ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി, വിശദീകരണം നല്‍കാതെ സര്‍ക്കാര്‍; നിരവധിപേരുടെ ഉപജീവനം പ്രതിസന്ധിയില്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കശ്മീരിനെ ഒരു സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയും ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

Madism Desk

പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളുടെയും ഒരു സ്വദേശിയുടെയും മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ജമ്മു കശ്മീരിലെ താഴ്വരയിലുടനീളം സുരക്ഷാ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. തുടര്‍ന്ന് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചുപൂട്ടുകയും ചെയ്തു. ഈ നിയന്ത്രണം ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി താഴ്വരയിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 48 എണ്ണവും ജമ്മു കശ്മീര്‍ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. ചില സ്ഥലങ്ങള്‍ പിന്നീട് വീണ്ടും തുറന്നു. എന്നാല്‍ ഭാഗികമായി തുറന്ന കേന്ദ്രങ്ങള്‍ പുതിയ ഉത്തരവിലൂടെ അടപ്പിക്കുകയും ചെയ്തു.

തുടര്‍ച്ചയായ ഈ നിയന്ത്രണങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതൃത്വത്തിലുള്ള സര്‍ക്കാരും പൊലീസിന്റെ ചുമതലയുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ ജി) ഭരണകൂടവും തമ്മിലുള്ള ഏകോപനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കശ്മീരിനെ ഒരു സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയും ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

അടച്ചുപൂട്ടലിന് പിന്നിലെ കാരണം വ്യക്തമാക്കാതെ ഉത്തരവുകള്‍

ജില്ലാ ഭരണകൂടങ്ങളുടെ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുള്ള പുതുക്കിയ ഔദ്യോഗിക ഉത്തരവുകളില്‍ ഈ കേന്ദ്രങ്ങള്‍ അടച്ചിടുന്നതിനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സിന്റെ (ഐഎടിഒ) പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി ടൂറിസത്തിന് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് ഒമ്പത് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭരണകൂടം വികസിപ്പിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ടൂറിസം മേഖലയിലെ ഉണര്‍വ് ചൂണ്ടിക്കാണിച്ച്, കശ്മീരിലെ ടൂറിസം രംഗം മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തുകയാണെന്നും 2022-ലെ സീസണ്‍ മുതല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിരുന്നു. അമര്‍നാഥ് യാത്ര സമാപിച്ച ശേഷം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുമെന്നാണ് അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. ഇതിനു വിഭിന്നമായാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണകൂടത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്. ഡിസംബര്‍ 31 വരെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

കുല്‍ഗാം, ശ്രീനഗര്‍, ബുദ്ഗാം, കുപ്വാര, അനന്ത്‌നാഗ്, ബാരാമുള്ള ജില്ലകളിലാണ് അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രങ്ങലുള്ളത്. വിനോദസഞ്ചാരികളെ കൂടാതെ പ്രദേശവാസികളുടെയും പിക്‌നിക് സ്‌പോട്ടുകളാണ് ഇവ. കുല്‍ഗാമിലെ കൗസര്‍നാഗ്, അഹര്‍ബല്‍ വെള്ളച്ചാട്ടം, ശ്രീനഗറിലെ ബുര്‍സാഹമ പുരാവസ്തു കേന്ദ്രം, ദാച്ചിഗാം നാഷണല്‍ പാര്‍ക്ക്, തീദ്-ദാര-ഫാകിര്‍ ഗുജ്രി ആക്‌സിസ്, ഖംബീര്‍-ആസ്താന്‍മാര്‍ഗ്-ചാറ്റര്‍ഹാമ ആക്‌സിസ്, മമേത്, മഹാദേവ് കുന്നുകള്‍ (ഫാകിര്‍ ഗുജ്രി വഴി), ഹര്‍വാനിലെ ബുദ്ധവിഹാരം, ബുദ്ഗാമിലെ തൊസമൈദാന്‍, കുപ്വാരയിലെ ബംഗസ് താഴ്വര, അനന്ത്‌നാഗിലെ ആപ്പിള്‍ വാലി ശ്രീഗുഫ്വാര, ദക്‌സും, സിന്തന്‍ ടോപ്പ്, മാര്‍ഗന്‍ ടോപ്പ്, ചന്ദന്‍വാരി, ഛതബാല്‍ ഷാംഗസ്, ബൈസരന്‍, തുലിയന്‍ തടാകം, ബാരാമുള്ളയിലെ ഹബ്ബ ഖാത്തൂന്‍ പോയിന്റ്, കവ്‌നാര്‍, ബാബാ രേഷി, റിംഗാവാലി, ഗോഗല്‍ദാര, ബദര്‍കോട്ട്, ശ്രുന്‍സ്, നംബ്ലാന്‍ വെള്ളച്ചാട്ടങ്ങള്‍, രാംപോര, രാജ്‌പോര, ചെയര്‍ഹാര്‍, മുന്ദ്ജി-ഹാമാം-മാര്‍ക്കൂട്ട് വെള്ളച്ചാട്ടം, ഖാമ്പൂ, ബോസ്‌നിയ വിജ്ടോപ്പ് എന്നിവയാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

ടൂറിസത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ഉപജീവനം പ്രതിസന്ധിയില്‍

ഈ അടച്ചുപൂട്ടല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ട്രെക്കിങ് ഗൈഡുകള്‍, കുതിര സവാരി നടത്തുന്നവര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ക്യാമ്പ് സൈറ്റ് ജീവനക്കാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ ഉപജീവനമാര്‍ഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ ദീര്‍ഘകാല അടച്ചുപൂട്ടല്‍ തിരിച്ചടിയാകുമെന്നാണ് ടൂറിസം ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. 'ടൂറിസത്തെ വെറുമൊരു പ്രചാരണ ആയുധമായി മാത്രമാണ് ഉപയോഗിക്കുന്നത്, അല്ലാതെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കാനല്ല. മുപ്പതോളം കേന്ദ്രങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. അവ ഉടന്‍ തുറക്കണം. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ വിനോദസഞ്ചാര മേഖലയുടെ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം', പുതുക്കിയ ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ട് പിഡിപി എംഎല്‍എ വഹീദ്-ഉര്‍-റഹ്‌മാന്‍ പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാന്‍ മുഖ്യമന്ത്രി പരമാവധി ശ്രമിക്കുന്നുണ്ടെന്നും വരും മാസങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ സി വക്താവ് താഹിര്‍ സയീദ് പറഞ്ഞു. നിലവില്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്ന സ്ഥലങ്ങള്‍ തന്നെ കശ്മീരിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ട്രെക്കിങ് റൂട്ടുകള്‍ സര്‍ക്കാരിന്റെ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

A year after the deadly Pahalgam terror attack that killed 25 tourists and a local resident, the Jammu and Kashmir administration has tightened security restrictions across the Kashmir Valley, shutting down several tourist destinations either fully or partially. The move has severely affected thousands of families dependent on tourism, including trekking guides, pony operators, transport providers, campsite workers, and small traders. While Chief Minister Omar Abdullah has been promoting Kashmir as a safe tourist destination and expects all sites to reopen after the Amarnath Yatra, the Lieutenant Governor's administration has extended the closure of several tourist spots until December 31. The decision has also sparked questions over coordination between the elected government and the LG administration.