India

രാജ്യത്ത് ആദ്യം! വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ്, പിന്നാലെ വിവാദവും

ഇൻഡോറിൽ നിന്നുള്ള മനോജ് മൽപാനി, ഗുണയിലെ രാഗോഘറിൽ നിന്നുള്ള അനിമേഷന് ഭാർഗവ എന്നിവരാണ് വഖഫ് ബോർഡിലെ ഇതരമത അംഗങ്ങൾ

Madism Desk

ഹിന്ദുക്കളായ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരമാണ് നീക്കം. ഈ നിയമവ്യവസ്ഥ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.

ഇൻഡോറിൽ നിന്നുള്ള മനോജ് മൽപാനി, ഗുണയിലെ രാഗോഘറിൽ നിന്നുള്ള അനിമേഷന് ഭാർഗവ എന്നിവരാണ് വഖഫ് ബോർഡിലെ ഇതരമത അംഗങ്ങൾ. സന്‍വര്‍ പട്ടേലിനെയാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് പത്തംഗ വഖഫ് ബോര്‍ഡ് അധ്യക്ഷനായി നിയമിച്ചത്. മുന്‍ കേന്ദ്ര മന്ത്രി നെജ്മ ഹെപ്ത്തുല്ല, ആതിഫ് അഖീല്‍, ഫൈസാന്‍ ഖാന്‍, ഫാത്തിമ ചൗധരി, ഷയിസ്ത സുല്‍ത്താന്‍, ഷബ്‌ന ഖാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ന്യൂനപക്ഷ വകുപ്പ് കമ്മീഷണര്‍ എക്‌സ്-ഒഫീഷ്യോ മെമ്പറായി ബോര്‍ഡിലുണ്ടാകും.

നിയമനത്തിന് പിന്നാലെ മധ്യപ്രദേശിൽ വിവാദവും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്ർറെ നീക്കത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് പറയുന്നത്.

മനോജ് മൽപാനി മൂന്ന് പതിറ്റാണ്ടിലേറെയായി വിവിധ സംഘപരിവാർ സംഘടനകളിൽ പ്രവർത്തിച്ചു വരികയാണ്. ബികോം ബിരുദധാരിയായ ഇദ്ദേഹം പക്ഷേ സജീവ രാഷ്ട്രീയ പ്രവർത്തകനല്ല.

എംബിഎ ബിരുദധാരിയാണ് അനിമേഷ് ഭാർഗവ. സാമ്പത്തിരരംഗത്ത് 18 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. പത്ത് വർഷം മുമ്പ് ബി.ജെ.പിയുടെ സജീവപ്രവർത്തകനാകാൻ ഇദ്ദേഹം ജോലി ഉപേക്ഷിച്ചു. നിലവിൽ മധ്യപ്രദേശ് ബി.ജെ.പിയുടെ മീഡിയ പാനലിസ്റ്റ് ആണ് അനിമേഷ്.

വഖഫ് ബോർഡിന്റെ ഭരണം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ എന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, മുസ്‌ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുന്നത് അതിന്റെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്ന രീതിയിലുള്ള വലിയ തർക്കങ്ങളും വിമർശനങ്ങളും ഈ തീരുമാനത്തിന്മേൽ നിലനിൽക്കുന്നുണ്ട്

ഇസ്ലാമുമായോ വഖഫ് സംവിധാനവുമായോ യാതൊരു ബന്ധവുമില്ലാത്തവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിലെ യുക്തി ചോദ്യം ചെയ്ത് മതസംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്. റാം മന്ദിർ കമ്മിറ്റിയിലോ മഹാകാളി കമ്മിറ്റിയിലോ മുസ്‌ലിങ്ങളെ നിയമിക്കുമോ എന്നാണ് പണ്ഡിതന്മാരടക്കമുള്ളവർ ചോദിക്കുന്നത്.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ഒരു നിയമപരമായ ഔദ്യോഗിക സംവിധാനമാണ് വഖഫ് ബോർഡ്. ഇന്ത്യയൊട്ടാകെയുള്ള വഖഫ് ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സമിതിയാണിത് 1995-ലെ വഖഫ് നിയമ പ്രകാരമാണ് നിലവിൽ ഇവ പ്രവർത്തിക്കുന്നത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമഭേദഗതി പ്രകാരം കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്‌ലിം ഇതര മതസ്ഥർക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഈ നിയമത്തിലെ ചില വ്യവസ്ഥകളിൽ സുപ്രീം കോടതി ഭാഗികമായ സ്റ്റേ നൽകിയിട്ടുണ്ട്. കോടതിയുടെ താൽക്കാലിക ഉത്തരവ് പ്രകാരം സംസ്ഥാന വഖഫ് ബോർഡുകളിൽ പരമാവധി 3 മുസ്‌ലിം ഇതര അംഗങ്ങളെയും, കേന്ദ്ര വഖഫ് ബോർഡിൽ പരമാവധി 4 മുസ്‌ലിം ഇതര അംഗങ്ങളെയും മാത്രമേ നിലവിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.

The BJP government in Madhya Pradesh has reconstituted the Waqf Board by including two Hindu members. This move is in accordance with the Waqf Amendment Act of 2025. Madhya Pradesh is the first state in the country to implement this statutory provision. Manoj Malpani from Indore and Animesh Bhargava from Raghogarh in Guna are the non-Muslim members of the Waqf Board. Chief Minister Mohan Yadav has appointed Sanwar Patel as the chairman of the 10-member Waqf Board. Former Union Minister Najma Heptulla, Atif Aqeel, Faizan Khan, Fatima Choudhary, Shaista Sultan, and Shabna Khan are the other members. The Minority Welfare Commissioner will be on the board as an ex-officio member.