India

മദ്യക്കടകള്‍ പൂട്ടി, പൊതുസ്ഥലത്തെ ബാനറുകള്‍ നീക്കാന്‍ പാര്‍ട്ടിക്ക് നിര്‍ദേശം; വിജയ് ലക്ഷ്യമിടുന്നത് പക്കാ തമിഴ് മാസ് എന്റര്‍ടൈനര്‍

കയ്യടിവാങ്ങുന്ന തീരുമാനങ്ങള്‍ക്കൊപ്പം ആദ്യ ഇടപെടലുകളില്‍ ചിലത് ഇതിനോടകം വിവാദങ്ങള്‍ക്കും വഴിയിട്ടുകഴിഞ്ഞു.

Madism Desk

ഒരു ദിവസം മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യും, അര്‍ജുന്‍ ചിത്രം മുതല്‍വന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സൂപ്പര്‍ താരം വിജയ് യുടെ ആദ്യ രണ്ട് ദിനങ്ങള്‍.

തമിഴ്‌നാടിന്റെ ഒന്‍പതാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ സൂപ്പര്‍ താരം സിനിമ സ്റ്റൈലില്‍ നടത്തിയ ആദ്യ പ്രസംഗത്തിന് ശേഷമാണ് നടപടികളിലേക്ക് കടന്നത്. മൂന്നാം ദിനത്തില്‍ സംസ്ഥാനത്തെ മദ്യ ശാലകള്‍ക്ക് പൂട്ടിട്ട തീരുമാനമാണ് പുറത്തുവന്നത്. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ഷോപ്പുകള്‍ക്കാണ് പൂട്ട് വീഴുക. ഇത്തരത്തില്‍ 717 സര്‍ക്കാര്‍ മദ്യശാലകള്‍ അടയ്ക്കപ്പെടും.

ഇവിടെയും തീരുന്നില്ല, സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അപ്പുറത്ത് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടായി വിജയ് നടത്തിയ അഭ്യര്‍ത്ഥനയിലും സിനിമ സ്‌റ്റൈല്‍ മാറി നില്‍ക്കുന്നില്ല. പൊതു ഇടങ്ങളില്‍ ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തുന്ന പതിവ് വേണ്ടെന്നാണ് പുതിയ നിര്‍ദേശം. സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് നിര്‍ദേശമുള്ളത്.

തമിഴക വെട്രി കഴകത്തിലെ സഖാക്കള്‍ 'പൊതുസ്ഥലങ്ങളില്‍... ജന്മദിനങ്ങള്‍, കുടുംബ പരിപാടികള്‍ എന്നിവയുടെ പേരില്‍ പൊതുജനങ്ങള്‍ക്കോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കുന്ന വിധത്തില്‍ ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കരുത് എന്നാണ് നിര്‍ദേശം.

'തമിഴക വെട്രി കഴകം സ്ഥാപിതമായത് തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമം എന്ന ഏക ലക്ഷ്യത്തോടെയാണ്. ജനങ്ങളുടെ ഏകകണ്ഠമായ വിശ്വാസം നേടിയ നമ്മളെ ഒരു വലിയ ഉത്തരവാദിത്തം ആണ് അവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ മുഖ്യമന്ത്രിയെ എല്ലാവരും ഓര്‍ക്കണം, പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി എക്‌സ് പോസ്റ്റില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ പൊതുവായി കാണപ്പെടുന്ന പ്രവണതയിലേക്കാണ് വിജയ് അദ്യ ദിനങ്ങളില്‍ കൈവച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലെ ഭീമന്‍ പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ ഗ്രാമ നഗര പ്രദേശങ്ങളില്‍ സാധാരണമാണ്. പലപ്പോഴും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ജന്മദിനത്തിന് അടക്കം ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുമായിരുന്നു. ഇത്തരം നടപടികളില്‍ നിന്നും ടിവികെ വിട്ടുനില്‍ക്കുന്നതോടെ മറ്റ് പാര്‍ട്ടികളും ഇത്തരം നടപടികള്‍ക്ക് നിര്‍ബന്ധിതരാകുകയോ, ജന രോഷത്തിന് ഇരയാകുമോ ചെയ്‌തേക്കും. സാധാരണക്കാരിലേക്ക് നേരിട്ടിറങ്ങുന്ന തരത്തില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് വിജയ് യുടെ നീക്കം എന്നാണ് ഈ തീരുമാനങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍, കയ്യടിവാങ്ങുന്ന തീരുമാനങ്ങള്‍ക്കൊപ്പം ആദ്യ ഇടപെടലുകളില്‍ ചിലത് ഇതിനോടകം വിവാദങ്ങള്‍ക്കും വഴിയിട്ടുകഴിഞ്ഞു. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ടി വി കെ വിജയം പ്രവചിച്ച ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ നിയമിച്ചതാണ് ഇതില്‍ പ്രധാനം. വിജയിയുടെ പ്രൈവറ്റ് ജ്യോതിഷിയായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (പൊളിറ്റിക്കല്‍) തസ്തികകയിലേക്ക് നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ജ്യോതിഷിയാണ് വെട്രിവേല്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ പുതിയ സര്‍ക്കാരില്‍ അധികാര കേന്ദ്രം താന്‍ മാത്രമായിരിക്കുമെന്നായിരുന്നു വിജയ് പറഞ്ഞത്. തനിക്കൊപ്പം ഉള്ളവര്‍ വഴി തെറ്റരുത് എന്ന ലക്ഷ്യത്തോടെയാണ് വിജയ് ഇക്കാര്യം പറഞ്ഞതെങ്കിലും, അധികാര കേന്ദ്രീകരണത്തിന്റെ സൂചനയാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

English Summery: Ahead of a major political push in Tamil Nadu, actor-turned-politician Vijay has reportedly instructed party members to avoid activities that could damage his public image. As part of the move, directions were issued to shut down liquor outlets linked to supporters and remove banners and flex boards placed in public spaces.

The strategy is seen as an effort to strengthen Vijay’s appeal as a disciplined, people-friendly leader while maintaining his larger-than-life “Tamil mass entertainer” image among fans and voters. Political observers believe the campaign is aimed at expanding his reach beyond cinema audiences and positioning him as a serious alternative in Tamil Nadu politics.