Analysis

പുല്ലില്‍ വിരിയുന്ന താമര, ഐ-പാക് പാര്‍ട്ടിയെ തകര്‍ത്തു, വിശ്വസ്തരും കൈവിടുന്നു, തദ്ദേശ സ്ഥാപനങ്ങളിൽ കൂട്ടരാജി; മമത ബാനര്‍ജിക്ക് അഗ്‌നിപരീക്ഷ

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും പാർട്ടി പാടുപെടുകയാണ്

Madism Desk

ഒരു കാലത്ത് അജയ്യമായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം തകര്‍ച്ചയുടെ പാതയിലാണ്. ഒരു ഭാഗത്ത് ലോക്സഭാ എംപി കാകൊളി ഘോഷ് ദസ്തിദാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ മറുഭാഗത്ത് തൃണമൂലിന്റെ നിയന്ത്രണത്തിലുള്ള നഗരസഭകളിലെ ആഭ്യന്തര കലഹം കൂട്ടരാജിയിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നായി നൂറോളം കൗണ്‍സിലര്‍മാരാണ് രാജിവെച്ചത്.

തൃണമൂലിന്റെ ശക്തമായ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപിക്ക് വഴിതുറന്നു നല്‍കിയിരിക്കുകയാണ് ഈ രാഷ്ട്രീയ അട്ടിമറി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പല മുനിസിപ്പല്‍ ബോര്‍ഡുകളും പിരിച്ചുവിടേണ്ടി വരുന്ന തരത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മമതയുടെ വിശ്വസ്തനും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീം രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി 'ആജ് തക് ബംഗ്ലാ' റിപ്പോര്‍ട്ട് ചെയ്യുന്നു. കൗണ്‍സിലര്‍മാര്‍ രാജിവെക്കരുതെന്ന് മമത അടുത്തിടെ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്.

1998-ല്‍ കോണ്‍ഗ്രസ് വിട്ട് മമത ബാനര്‍ജി പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്തിയിരുന്നത് മമതയുടെ വ്യക്തിപ്രഭാവമായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും അതനുസരിച്ച് നടപടിയുണ്ടാകുമെന്നും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കൂട്ടരാജിക്ക് തുടക്കമായത്.

ചില മുനിസിപ്പാലിറ്റികളില്‍ ടിഎംസി കൗണ്‍സിലര്‍മാര്‍ ഓഫീസുകളില്‍ വരുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിച്ചു തുടങ്ങിയതായി നഗരവികസന-മുനിസിപ്പല്‍ കാര്യ മന്ത്രി അഗ്‌നിമിത്ര പോള്‍ പറഞ്ഞു. അഴിമതി, പണം തട്ടല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ തുടര്‍ച്ചയായി അറസ്റ്റിലാകുന്നത് പാര്‍ട്ടിയിലെ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും പണം തട്ടല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

സൗത്ത് ദം നഗരസഭയിലെ സ്വാധീനമുള്ള തൃണമൂല്‍ കൗണ്‍സിലര്‍ സഞ്ജയ് ദാസിന്റെ ദുരൂഹ മരണം പാര്‍ട്ടിയില്‍ കൂടുതല്‍ ആശങ്ക പരത്തിയിട്ടുണ്ട്. തൃണമൂല്‍ നേതാവ് ദേബ്രാജ് ചക്രവര്‍ത്തിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സഞ്ജയ് ദാസിനെതിരെ അഴിമതി, പിടിച്ചുപറി ആരോപണങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ ടിഎംസി എംഎല്‍എ അദിതി മുന്‍ഷിയുടെ ഭര്‍ത്താവുകൂടിയായ ദേബ്രാജ് ചക്രവര്‍ത്തിക്കെതിരെ നഗരസഭയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ തൃണമൂല്‍ മുന്‍ മന്ത്രി സുജിത് ബോസിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി സര്‍ക്കാരിന്റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് നോര്‍ത്ത് 24 പര്‍ഗാനാസിലെയും അതിനോട് ചേര്‍ന്നുള്ള വ്യവസായ മേഖലയിലെയും മുനിസിപ്പാലിറ്റികളെയാണ്. ഭാത്പാര മുനിസിപ്പാലിറ്റിയില്‍ 35 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്സണ്‍ രേബ റാഹ ഉള്‍പ്പെടെ 30 പേരും രാജിവെച്ചു. തൊട്ടടുത്തുള്ള ഹാലിസഹര്‍ മുനിസിപ്പാലിറ്റിയില്‍ 23-ല്‍ 16 കൗണ്‍സിലര്‍മാരും കാഞ്ചന്‍പാറ മുനിസിപ്പാലിറ്റിയില്‍ 14 കൗണ്‍സിലര്‍മാരും സ്ഥാനം ഒഴിഞ്ഞു.

രാജിവെക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു എന്നാണ് ഭാത്പാര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ദേബജ്യോതി ഘോഷ് പറഞ്ഞത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും തൃണമൂല്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മാര്‍ഗ്ഗനിര്‍ദ്ദേശമോ പിന്തുണയോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടല്ല താന്‍ രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃണമൂലിന്റെ ഭരണത്തിലുള്ള കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും വലിയ പ്രതിസന്ധിയിലാണ്. തൃണമൂല്‍ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെട്ട 17 സ്വത്തുവഹകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ആഴ്ച കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. തൊട്ടുപിന്നാലെ, അഭിഷേകുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന 43 സ്വത്തുക്കളുടെ പട്ടിക ബിജെപിയും പുറത്തുവിട്ടു. ഇത് കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിമാറി. മുന്‍കാലങ്ങളില്‍ പലതവണ അഭിഷേകും ഹക്കീമും തമ്മിലുള്ള വിയോജിപ്പുകള്‍ പരസ്യമായിരുന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് വീണ്ടും ആക്കം കൂട്ടി.

ഒരു യോഗത്തിനിടെ മമത ബാനര്‍ജി ഹക്കീമിനോട് തന്റെ അതൃപ്തി അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ ഈ നോട്ടീസുകളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും തന്റെ അറിവില്ലാതെയാണ് അവ നല്‍കിയതെന്നുമാണ് കൊല്‍ക്കത്ത മേയര്‍ അവകാശപ്പെട്ടത്. നിലവില്‍ ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മെയ് 22-ന് മേയര്‍ ഉള്‍പ്പെടെയുള്ള തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ സഭയുടെ പ്രധാന ചേമ്പറിന് പുറത്തിരുന്നാണ് യോഗം ചേരേണ്ടി വന്നത്. ചെയര്‍പേഴ്സന്റെ നിര്‍ദ്ദേശമുണ്ടായിട്ടും ചേമ്പര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് അവര്‍ ആരോപിച്ചു.

ബുള്‍ഡോസര്‍ നടപടികള്‍ക്കും തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങള്‍ക്കുമെതിരെ ബിജെപി സര്‍ക്കാരിനെതിരെ തൃണമൂല്‍ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തില്‍ 80 എംഎല്‍എമാരില്‍ 36 പേര്‍ മാത്രമാണ് പങ്കെടുത്തത്. പാര്‍ട്ടിയിലെ അതൃപ്തി ഇതിലൂടെ വ്യക്തമായിരുന്നു. എന്നാല്‍ സൂചനകള്‍ അവിടെയും തീര്‍ന്നില്ല. ലോക്സഭാ എംപി കാകൊളി ഘോഷ് ദസ്തിദാര്‍ ബാരസത് സംഘടനാ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തൊട്ടടുത്ത ദിവസം മമതയുടെ ഏറ്റവും പഴയ അനുയായികളില്‍ ഒരാളായ ദസ്തിദാര്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ നടന്ന ഭരണപരമായ യോഗത്തില്‍ പങ്കെടുത്തു. രണ്ട് ടിഎംസി എംഎല്‍എമാരും ഈ യോഗത്തില്‍ ഒപ്പമുണ്ടായിരുന്നു.

ബരാസത്ത് എംപിയും ചില എംഎല്‍എമാരും പാര്‍ട്ടി മാറിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിയെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് ദസ്തിദാര്‍. ഈ മാസമാദ്യം ലോക്സഭയിലെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ദസ്തിദാറിനെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ തൃണമൂല്‍ നിയമിച്ചിരുന്നു. 'നാല് പതിറ്റാണ്ടിന്റെ വിശ്വസ്തതയ്ക്ക് ഇന്ന് എനിക്ക് പ്രതിഫലം ലഭിച്ചു,' എന്നായിരുന്നു ദസ്തിദാര്‍ എക്‌സില്‍ പ്രതികരിച്ചത്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നു രാജിക്കത്തില്‍ ദസ്തിദാര്‍ കുറ്റപ്പെടുത്തി. മറ്റൊരൊരു എക്‌സ് പോസ്റ്റിലൂടെ 'നേതാവേ, ചുമതല ഏറ്റെടുക്കൂ,' എന്ന് അവര്‍ മമതയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വരാനിരിക്കുന്ന നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും പാര്‍ട്ടി പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് തൃണമൂല്‍ നേതാക്കള്‍ മത്സരരംഗത്തിറങ്ങാന്‍ ഇതിനോടകം വിസമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞത്. മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ സീറ്റാണ് അദ്ദേഹം നിലനിര്‍ത്തിയത്.

തുടര്‍ച്ചയായുണ്ടാകുന്ന ഈ സംഭവങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ആഭ്യന്തര കലഹങ്ങള്‍ പരസ്യമാകുന്നതിനൊപ്പം താഴെത്തട്ടിലുള്ള നേതൃത്വത്തെയും പാര്‍ട്ടിക്ക് നഷ്ടപ്പെടുകയാണ്. ദസ്തിദാര്‍ പറഞ്ഞതുപോലെ മമത ബാനര്‍ജി നേരിട്ട് രംഗത്തിറങ്ങി പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

English Summary: Once seen as politically invincible in West Bengal, the party led by Mamata Banerjee is facing growing internal turmoil after its poor electoral performance. Senior leaders, including Kakoli Ghosh Dastidar, have publicly expressed dissatisfaction, while large-scale resignations by councillors from municipalities previously controlled by the party have deepened the crisis. Reports suggest that several municipal boards may struggle to continue functioning ahead of upcoming local body elections