India

സിസേറിയന്‍ പ്രസവത്തിന് ശേഷം വൃക്ക സംബന്ധമായ അസുഖങ്ങള്‍; രാജസ്ഥാനില്‍ മൂന്ന് യുവതികള്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍, ദുരൂഹത

മെയ് നാലിന് ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിസേറിയന് വിധേയരായ ആറ് സ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Madism Desk

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തെ തുടര്‍ന്ന് മൂന്ന് യുവതികള്‍ മരിച്ചതില്‍ ദുരൂഹതയേരുന്നു. പ്രസവത്തെ തുടര്‍ന്ന് വൃക്കസംബന്ധമായ അസുഖങ്ങള്‍ വന്നാണ് യുവതികള്‍ മരണപ്പെട്ടത്. ഇതേ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീട് ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും ചെയ്ത അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയും ഞായറാഴ്ച മരണപ്പെട്ടു.

ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്നാണ് ഇരുപതുകാരിയായ ഷിറീന്‍ മുഹമ്മദ് ആഷുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് കുടുംബം പറഞ്ഞു. പിന്നീട് ഇവരെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മെയ് 11-ന് ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ഇവരെ വീണ്ടും ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി ഐസിയുവിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണപ്പെടുകയായിരുന്നു.

മെയ് നാലിന് ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിസേറിയന് വിധേയരായ ആറ് സ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആ ആഴ്ചയില്‍ തന്നെ അവരില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തതോടെയാണ് കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കുടുംബങ്ങള്‍ ഉന്നയിച്ചു തുടങ്ങിയത്. മെയ് 11-ന് ജെ.കെ ലോണ്‍ ആശുപത്രിയില്‍ സിസേറിയന്‍ പ്രസവത്തെ തുടര്‍ന്ന് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീയും മരണപ്പെട്ടു. ജെ.കെ ലോണില്‍ സിസേറിയന്‍ പ്രസവത്തിന് ശേഷം വൃക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടായ മറ്റ് രണ്ട് സ്ത്രീകളുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രസവത്തെ തുടര്‍ന്ന് മെയ് ഒമ്പതിന് ജെ.കെ ലോണ്‍ ആശുപത്രിയില്‍ മറ്റൊരു സ്ത്രീയും മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജെ.കെ ലോണില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ മരണം മറ്റുള്ളവരില്‍ കണ്ട പ്രസവാനന്തര ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പ്രസവിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, ഗര്‍ഭകാലത്തും ചികിത്സയ്ക്കിടയിലുമാണ് ശിവ്പുര സ്വദേശിയായ ഷിറീന് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇത് പ്രതിസന്ധിയുടെ വ്യാപ്തി വീണ്ടും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഷിറീന്‍ ഗര്‍ഭകാലത്ത് സര്‍ക്കാര്‍ ആശുപത്രിയിയാണ് ചികിത്സ തേടിയിരുന്നത്.

'ഷിറീന് ആശുപത്രിയില്‍ വെച്ച് ഗര്‍ഭാശയ സംബന്ധമായ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം മൂത്രം ഒഴിക്കാന്‍ പറ്റിയിരുന്നില്ല. കുഞ്ഞിനെ നഷ്ടപ്പെട്ടെങ്കിലും അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മേയ് 8 മുതല്‍ ഡയാലിസിസ് ചെയ്തു തുടങ്ങിയെങ്കിലും മെയ് 17-ന് വൈകുന്നേരം 3 മണിയോടെ അവള്‍ മരണപ്പെട്ടു. അവളുടെ മരണത്തിന് ആരാണ് ഉത്തരവാദി, ആരാണ് ഞങ്ങളോട് മറുപടി പറയുക? മരണപ്പെട്ട സ്ത്രീകള്‍ക്ക് നീതി ലഭിക്കണം എന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്', ഷിറീനിന്റെ ബന്ധു അസാസ് ഖാന്‍ പറഞ്ഞു.

ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷിറീനെ മെയ് ഏഴിന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു. പിന്നീട് മെയ് 16-നാണ് ഇവരെ വീണ്ടും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

അതേസമയം, ആരോഗ്യവകുപ്പ് ഈ പ്രതിസന്ധിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഡല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘങ്ങള്‍ കോട്ട സന്ദര്‍ശിച്ചിട്ടുണ്ട്. കോട്ടയിലുണ്ടായ സംഭവങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ മരണങ്ങളുടെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും ആരോഗ്യ മന്ത്രി ഗജേന്ദ്ര സിംഗ് ഖിന്‍വ്‌സര്‍ നേരത്തെ പറഞ്ഞിരുന്നു.

English Summary: A series of maternal deaths and severe post-delivery complications at government hospitals in Kota has triggered serious concern and an official investigation. Over the past two weeks, three young women died after developing kidney-related complications following childbirth at New Medical College Hospital and J.K. Lone Hospital. Another five-month pregnant woman, 20-year-old Shireen Mohammad Ashu, also died after suffering similar health issues and losing her baby following treatment at the New Medical College Hospital.