India

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: മെറ്റ ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിവരം നല്‍കും, നിര്‍ണായക നീക്കം

ഇതുവരെ അമേരിക്ക ആസ്ഥാനമായുള്ള ഒരു സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് & എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (NCMEC) ക്ക് മാത്രമായിരുന്നു മെറ്റ റിപ്പോര്‍ട്ട് ചെയ്തിരുന്നത്

Madism Desk

ലൈംഗികാതിക്രമം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സമ്മതം അറിയിച്ച് സോഷ്യല്‍ മീഡിയ ഭീമന്‍ മെറ്റ. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ നടപടികള്‍ക്ക് പിന്നാലെയാണ് മെറ്റയുടെ നിര്‍ണായക നീക്കം. സുരക്ഷാ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട നിയമപാലകരെ അറിയിക്കാന്‍ സമ്മതമാണെന്നാണ് മെറ്റയുടെ നിലപാട്. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതുവരെ അമേരിക്ക ആസ്ഥാനമായുള്ള ഒരു സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് & എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (NCMEC) ക്ക് മാത്രമായിരുന്നു മെറ്റ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാരും മെറ്റയും തമ്മില്‍ ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ നടപടിയിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പണമിടപാട് പരസ്യങ്ങള്‍ വന്നതായി ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന പുതിയ ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 10 മാസത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ചിത്രീകരിക്കുന്ന 332 ഉള്ളടക്കങ്ങളായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഇതില്‍ 84 എണ്ണം ഇന്ത്യയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ മെറ്റയോട് നിര്‍ദ്ദേശിച്ചതിന് ശേഷവും ഇന്ത്യയില്‍ 78 പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതായി 'ടെക് ട്രാന്‍സ്പരന്‍സി പ്രോജക്റ്റ്' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ബിബിസി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് വിഷയം സ്വമേധയാ ഏറ്റെടുക്കുകയും, ജൂലൈ 3-ന് മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡിന് നോട്ടീസ് അയച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം മെറ്റാ ഇതിന് മറുപടി നല്‍കി. പിന്നാലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും അത്തരം പരസ്യങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

പിന്നാലെയാണ് സര്‍ക്കാരും മെറ്റയും ചര്‍ച്ചകള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 5-ന് ആരംഭിച്ച ചര്‍ച്ചകളില്‍ മെറ്റയുടെ ചീഫ് ഗ്ലോബല്‍ അഫയേഴ്‌സ് ഓഫീസര്‍ ജോയല്‍ കാപ്ലന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കുട്ടികളുമായി ബന്ധപ്പെട്ട മോശം ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷാ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ഹാനികരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ നിയമപാലകരെ അറിയിക്കാം എന്നാണ് മെറ്റ സമ്മതിച്ചിരിക്കുന്നത്.

'ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനും കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ എന്നത് അടിസ്ഥാനപരമായ തത്വമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല, ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ഇപ്പോള്‍ മെറ്റയിലൂടെ സാധ്യമായിരിക്കുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായ പ്ലാറ്റ്ഫോമുകള്‍ ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Meta has agreed to report child sexual abuse cases on its platforms to Indian law enforcement authorities, amid the Centre’s intensified efforts to tackle online child sexual exploitation. The move is expected to strengthen cooperation between Meta and Indian agencies in identifying and reporting such cases and protecting children from online abuse.