സാമൂഹിക മാധ്യമങ്ങളിൽ നമ്മൾ പങ്കുവെക്കുന്ന ഓരോ പോസ്റ്റിന് പിന്നിലും സർക്കാരിന്റെ അദൃശ്യമായ നിരീക്ഷണമുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ പുതിയ കണക്കുകൾ പറയുന്നത് അതാണ്. ഓരോ അറുപത്തിയെട്ട് സെക്കൻഡിലും, അതായത് കൃത്യമായി പറഞ്ഞാൽ ഓരോ മിനിറ്റിലും ഇന്ത്യയിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് സർക്കാർ ഇടപെടലിലൂടെ വിലക്ക് വീഴുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങളുടെ എണ്ണം കേട്ടാൽ ആരുമൊന്ന് ഞെട്ടും. അഭിപ്രായ സ്വാതന്ത്ര്യവും ഇന്റർനെറ്റ് സെൻസർഷിപ്പും സംബന്ധിച്ച വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട ഈ പുതിയ വിവരങ്ങൾ.
മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ മാത്രം യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ നൽകിയത് 1.95 ലക്ഷത്തോളം ബ്ലോക്കിങ് ഓർഡറുകളാണ്. അതായത് ഒരു ദിവസം ശരാശരി 1,275 പോസ്റ്റുകളോ അക്കൗണ്ടുകളോ നീക്കം ചെയ്യാൻ സർക്കാർ ഈ കമ്പനികളോട് ആവശ്യപ്പെടുന്നു. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർധനവിന്റെ യഥാർത്ഥ വ്യാപ്തി മനസിലാകുക. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ 2,312 ബ്ലോക്കിങ് ഓർഡറുകൾ മാത്രമാണ് 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി സർക്കാർ നൽകിയിരുന്നത്. അതായത് അന്ന് ദിവസം ശരാശരി ആറ് ഉത്തരവുകൾ മാത്രം നൽകിയിരുന്ന സ്ഥാനത്താണ് ഇന്ന് അത് പ്രതിദിനം ആയിരങ്ങൾ കടന്നിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂൺ ആദ്യം മുതൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിലാണ് ഏറ്റവും കൂടുതൽ പോസ്റ്റുകൾക്ക് വിലക്ക് വീണത്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് വരെ കാരണമായ ഈ പ്രക്ഷോഭം ജൂലൈ 25നാണ് അവസാനിച്ചത്. പ്രതിഷേധം കനത്തതോടെ സർക്കാർ വിലക്കുകളും കർശനമാക്കുകയായിരുന്നു.
യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഇൻസ്റ്റഗ്രാമിനെയാണ് കേന്ദ്ര സർക്കാർ വിലക്കുകൾ ഏറ്റവും കൂടുതൽ ബാധിച്ചത്. അഞ്ച് മാസത്തിനിടെ നൽകിയ നിർദേശങ്ങളിൽ പകുതിയിലധികവും ഇൻസ്റ്റഗ്രാമിനായിരുന്നു. ഫേസ്ബുക്കിന് എൺപതിനായിരത്തോളവും യൂട്യൂബിന് പതിനയ്യായിരത്തോളവും നിർദേശങ്ങൾ ലഭിച്ചു. ചുരുക്കത്തിൽ, മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനുമാണ് ഏറ്റവും കൂടുതൽ സെൻസർഷിപ്പ് (ഏകദേശം 90 ശതമാനം) നേരിടേണ്ടി വന്നത്.
'സഹയോഗ്' പോർട്ടലും ഓട്ടോമാറ്റിക് സെൻസർഷിപ്പും
ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴിയാണ് ഏജൻസികൾ ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നൽകുന്നത്. എന്നാൽ ഇവിടെ ഏറ്റവും വലിയ ആശങ്ക മറ്റൊന്നാണ്, സർക്കാരിൽ നിന്ന് നിർദേശം ലഭിച്ച് രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് പുതിയ ചട്ടം. ഈ സമയപരിധി പാലിക്കുന്നതിനായി മെറ്റ തങ്ങളുടെ സിസ്റ്റത്തെ സഹയോഗ് പോർട്ടലുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്.
ഇതിന്റെ ഫലമായി, മെറ്റയിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനകൾ പോലുമില്ലാതെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടുകയാണ്. ഡീപ്‌ഫേക്കുകൾ തടയാനെന്ന പേരിലുള്ള ഈ ഓട്ടോമാറ്റിക് സംവിധാനം വഴി വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നവയും സർക്കാർ നയങ്ങളെ വിമർശിക്കുന്നതുമായ നിരവധി പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് വിലക്ക് വീണതും ഇതേ രീതിയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിയമപരമായ മാറ്റങ്ങളും ആശങ്കകളും
സാമൂഹിക മാധ്യമങ്ങളുടെ ഈ ഓട്ടോമാറ്റിക് നടപടികൾക്കെതിരെ ഡിജിറ്റൽ അവകാശ പ്രവർത്തകർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നിർദേശം ലഭിച്ചാൽ, അത് കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ കമ്പനികൾ ഉള്ളടക്കം നീക്കം ചെയ്യാൻ പാടുള്ളൂ. എന്നാൽ, മെറ്റയുടെ ഈ ഓട്ടോമാറ്റിക് സംവിധാനത്തിൽ യാതൊരുവിധ മാനുഷിക ഇടപെടലുകളോ പരിശോധനകളോ നടക്കുന്നില്ലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഡയറക്ടർ അപർ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ദേശീയ സുരക്ഷയും ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഐടി നിയമത്തിലെ സെക്ഷൻ 69(A) പ്രകാരം സ്വീകരിക്കുന്ന നടപടികൾക്ക് പുറമെയാണ് സഹയോഗ് പോർട്ടൽ വഴിയുള്ള ഈ വ്യാപക നിയന്ത്രണങ്ങൾ. 60 കോടിയിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കളുള്ള ഇന്ത്യയിൽ, തങ്ങലുടെ നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ കമ്പനികൾ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കണ്ണടച്ച് അനുസരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വലിയ കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലെ ഓരോ വ്യക്തിയുടെയും ശബ്ദങ്ങൾക്ക് മേൽ ഈ പുതിയ നിയന്ത്രണങ്ങൾ ഭാവിയിൽ എത്രത്തോളം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Between March and July 2026, the Indian government issued an unprecedented 1.95 lakh social media blocking orders, averaging one every 68 seconds. A significant majority of these targeted Meta platforms, primarily Instagram, coinciding with widespread student protests. These takedowns were facilitated through the Home Ministry's Sahyog portal. To comply with newly amended IT rules requiring content removal within 2-3 hours, Meta integrated its API directly with the portal, allowing automated takedowns without human review. Digital rights activists have raised serious concerns over this automated mechanism, arguing it bypasses legal due process and converts a conditional legal duty into unconditional censorship.