കാണുമ്പോൾ ഒരു പാക്കറ്റ് ഏലക്കയോ മറ്റേതെങ്കിലും നിരുപദ്രവകരമായ ഉത്പ്പന്നമോ ആയി തോന്നാം. എന്നാൽ അതിന്റെ യഥാർത്ഥ ലക്ഷ്യം രാജ്യത്ത് നിരോധിക്കപ്പെട്ടതോ നിയന്ത്രണമുള്ളതോ ആയ പുകയില ഉത്പ്പന്നങ്ങൾ ജനങ്ങളിലേക്ക് കടത്തിവിടുക എന്നതാണ്. ഇത്തരം സറോഗേറ്റ് അഥവാ പരോക്ഷ പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് വന്നരിക്കുകയാണ് മഹാരാഷ്ട്ര ഭക്ഷ്യ-മയക്കുമരുന്ന് ഭരണവിഭാഗം. പ്രശസ്ത പാൻ മസാല ബ്രാൻഡായ വിമലിന്റെ വിമൽ എലൈച്ചി പരസ്യവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എഫ്ഡിഐ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചു.
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ഒരു പാൻ മസാല ബ്രാൻഡിനെ ഈ പരസ്യത്തിലൂടെ ഇവർ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം താരങ്ങൾ രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എഫ്ഡിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരിട്ട് പരസ്യം ചെയ്യാൻ നിയമപരമായി വിലക്കുള്ള ഉത്പ്പന്നങ്ങളെ ജനങ്ങളുടെ ഓർമയിൽ സജീവമാക്കി നിർത്താൻ കമ്പനികൾ ഉപയോഗിക്കുന്ന കുറുക്കുവഴിയാണ് സറോഗേറ്റ് പരസ്യങ്ങൾ. സ്ക്രീനിൽ കാണിക്കുന്ന ഉത്പ്പന്നം ഏലക്കയോ മറ്റ് നിരുപദ്രവകരമായ വസ്തുക്കളോ ആയിരിക്കുമെങ്കിലും, അതിന്റെ ബ്രാൻഡ് നെയിമും ലോഗോയും പാക്കിങുമെല്ലാം സുപരിചിതമായ നിരോധിത പുകയില ഉത്പ്പന്നത്തിന്റേത് തന്നെയായിരിക്കും.
മഹാരാഷ്ട്ര എഫ്‌ഡിഐയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരം പരസ്യങ്ങൾക്കെതിരെ വിശദമായ പരിശോധന നടത്തുന്നത്. പരസ്യത്തിന്റെ അവതരണം, ഡയലോഗുകൾ, ഉത്പ്പന്നത്തിന്റെ പേര്, വിപണിയിലെ സാന്നിധ്യം എന്നിവ വിലയിരുത്തി ഇത് പുകയില ഉത്പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
2003-ലെ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) സെക്ഷൻ 5 പ്രകാരം പുകയില ഉത്പ്പന്നങ്ങളുടെയോ അവയുടെ പേരുകളോ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നേരിട്ടോ അല്ലാതെയോ നൽകുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ 10 ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വരും.
പുകയില ഉത്പ്പന്നങ്ങൾക്ക് നേരിട്ട് പരസ്യം നൽകാൻ കഴിയില്ലെങ്കിലും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കമ്പനികൾ കുറുക്കുവഴികളിലൂടെ ഇത്തരം പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത് വലിയൊരു സാമൂഹിക വിപത്താണ്. ഇത്തരം പരസ്യങ്ങൾ കുട്ടികളെയും യുവാക്കളെയും എളുപ്പത്തിൽ സ്വാധീനിക്കുകയും, പുകയില ഉപയോഗിക്കുന്നത് സമൂഹത്തിൽ സ്വീകാര്യമാണെന്ന തെറ്റായ തോന്നൽ അവരിൽ ഉണ്ടാക്കുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 64 ശതമാനം പേരും ഇത്തരത്തിലുള്ള പരസ്യങ്ങൾ കണ്ടിട്ടുണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
ഈ പരസ്യങ്ങൾ ഇത്ര വലിയ പ്രശ്നമാകാൻ കാരണം വായയിലെ കാൻസർ ബാധയാണ്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബോക്കാൻ (GLOBOCAN) കണക്കുകൾ പ്രകാരം, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വായയിലെ കാൻസർ കേസുകളിൽ 81 ശതമാനവും ഇന്ത്യയിലാണ്. ഗുട്ക, ഖൈനി, സർദ തുടങ്ങിയ പുകയില ഉത്പ്പന്നങ്ങൾക്ക് പുറമെ, പാൻ മസാലകളിലും മറ്റും സാധാരണയായി ഉപയോഗിക്കുന്ന പാക്കും ഇതിന് പ്രധാന കാരണമാണ്. പുകയില ചേർക്കാത്ത പാക്ക് സുരക്ഷിതമാണെന്നത് വെറും തെറ്റിദ്ധാരണയാണ്. ഇത് നേരിട്ട് കാൻസർ ഉണ്ടാക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും, ഇന്ത്യയിൽ ഇരുപത് കോടിയിലധികം ആളുകൾ ഇത്തരം ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
പുകയിലയും പാക്കും സ്ഥിരമായി ഉപയോഗിക്കുമ്പോൾ അവയിലടങ്ങിയ അപകടകരമായ രാസവസ്തുക്കൾ വായിലെ കോശങ്ങളുടെ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുകയും അതുവഴി കോശങ്ങൾ അനിയന്ത്രിതമായി പെരുകി കാൻസറായി മാറുകയും ചെയ്യുന്നു. കാൻസർ ഗുരുതരമാകുന്നതിന് മുൻപായി, വായിൽ കരിയാത്ത വ്രണങ്ങൾ ഉണ്ടാകുക, വെളുത്ത പാടുകൾ കാണപ്പെടുക, എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ അസഹനീയമായ നീറ്റൽ അനുഭവപ്പെടുക, വായ പൂർണ്ണമായി തുറക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളിലൂടെ ശരീരം നമുക്ക് ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇത്തരം പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കാതെ തുടക്കത്തിൽ തന്നെ വിദഗ്ദ്ധ ചികിത്സ തേടിയില്ലെങ്കിൽ, അത് അതിവേഗം സങ്കീർണ്ണമായ കാൻസറായി മാറും.
അതേസമയം, പുകയിലയും പാക്കും ഉപയോഗിക്കുമ്പോൾ എത്രിയും വേഗം ആ ശീലം ഉപേക്ഷിച്ചാൽ കാൻസർ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഉപയോഗം നിർത്തി പത്തുവർഷം കഴിയുമ്പോൾ രോഗസാധ്യത മൂന്നിലൊന്നായും 20 വർഷം കൊണ്ട 40 ശതമാനമായും കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പരസ്യങ്ങളിലെ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ വലിയ ആരോഗ്യഭീഷണിയെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. മഹത്തായ പൊതുജനാരോഗ്യ സംരക്ഷണത്തിനും, ചെറുപ്പക്കാരെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന വ്യാജ പ്രചാരണങ്ങൾ തടയുന്നതിനും സറോഗേറ്റ് പരസ്യങ്ങൾക്കെതിരെയുള്ള ഇത്തരം നിയമനടപടികൾ വലിയൊരു മാറ്റത്തിന് തുടക്കമിടുന്നു.
The Maharashtra FDA has issued show-cause notices to Bollywood actors Shah Rukh Khan, Ajay Devgn, and Tiger Shroff for allegedly promoting a banned pan masala brand through a surrogate 'Vimal Elaichi' advertisement. Beyond the legal violation of surrogate advertising, this controversy highlights India's severe public health crisis: the soaring number of oral cancer cases caused by the widespread consumption of smokeless tobacco and areca nut (supari).