India

എപ്സ്റ്റീന്റെ മന്‍ഹാട്ടന്‍ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച; കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ വാദങ്ങള്‍ തള്ളി ചിത്രം പുറത്ത്

എപ്സ്റ്റീന്റെ മാന്‍ഹാട്ടന്‍ ടൗണ്‍ഹൗസില്‍ വച്ച് മൂന്ന് കൂടിക്കാഴ്ചകള്‍ (2015 ഫെബ്രുവരി 4, 2016 ജനുവരി 6, 2017 മേയ് 19) നിശ്ചയിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.

Madism Desk

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഒരു ഫോട്ടോയില്‍, ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീന്റെ എതിര്‍വശത്തെ കസേരയില്‍ ഇരിക്കുന്നതായി കാണാം. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് താന്‍ എപ്സ്റ്റീനെ കണ്ടതെന്ന മന്ത്രിയുടെ മുന്‍ പ്രസ്താവനകളെ ചോദ്യം ചെയ്യുന്നതാണ് പുതിയ ചിത്രം.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയ ഈ ചിത്രം, യുഎസ് നീതിന്യായ വകുപ്പ് ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവിട്ട 'എപ്സ്റ്റീന്‍ ഫയല്‍സി' ന്റെ ഭാഗമാണ്. ചിത്രത്തില്‍, സ്യൂട്ട് ധരിച്ച പുരിയും കറുത്ത ടര്‍ട്ടിള്‍നെക്ക് സ്വെറ്റര്‍ ധരിച്ച എപ്സ്റ്റീനും മാത്രമാണുള്ളത്. മൃഗങ്ങളുടെ തോലിന്റെ പ്രിന്റുള്ള ആംചെയറുകളില്‍ ഇരിക്കുന്ന ഇരുവര്‍ക്കുമിടയിലെ മേശപ്പുറത്ത് ചില കടലാസുകളും വസ്തുക്കളും കാണാം. ഒരേ ആംഗിളില്‍ എടുത്ത ഏകദേശം പത്തോളം ചിത്രങ്ങള്‍ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുള്ള ഈ ചിത്രങ്ങള്‍ ഏത് കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണെന്നോ, ചിത്രം എടുക്കുന്ന സമയത്ത് മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഓര്‍ത്തെടുക്കാന്‍ മന്ത്രിക്ക് സാധിക്കുന്നില്ലെന്ന വിചിത്ര വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് നല്‍കിയത്. എന്നാല്‍, എപ്സ്റ്റീനെ തനിയെ കണ്ടിട്ടില്ലെന്ന് പുരി ഒരിയ്ക്കലും അവകാശപ്പെട്ടിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. ഐ.പി.ഐ മേധാവി ടെര്‍ജെ റോഡ്-ലാര്‍സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് എപ്സ്റ്റീനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ഫെബ്രുവരിയിലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

ചിത്രങ്ങള്‍ മന്ത്രിയുടെ വാദങ്ങളെ ഉറപ്പിക്കുന്നതാണെന്നും തികച്ചും ഔദ്യോഗികവും പ്രൊഫഷണലുമായ അന്തരീക്ഷത്തില്‍ നടന്ന 'മീറ്റിംഗുകള്‍' ആയിരുന്നു അവയെന്നും ഓഫീസ് വാദിക്കുന്നു. പുരി ഒരിക്കലും എപ്സ്റ്റീന്റെ ദ്വീപ് സന്ദര്‍ശിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ഡിജിറ്റല്‍-സാമ്പത്തിക മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുക എന്നതായിരുന്നു ഇവരുടെ ആശയവിനിമയത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

മുന്‍ നിലപാടുകളും ഇമെയില്‍ തെളിവുകളും

ഫെബ്രുവരി 11-ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍, 2009 മുതല്‍ 2017 വരെയുള്ള എട്ട് വര്‍ഷക്കാലത്തിനിടയില്‍ മൂന്നോ, നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് പുരി വ്യക്തമാക്കിയിരുന്നു. എന്നാല്‍, നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയില്‍ വിവരങ്ങള്‍ പ്രകാരം 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെ ഇരുവരും തമ്മില്‍ നിരന്തരം സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി കാണാം. എപ്സ്റ്റീന്റെ മാന്‍ഹാട്ടന്‍ ടൗണ്‍ഹൗസില്‍ വച്ച് മൂന്ന് കൂടിക്കാഴ്ചകള്‍ (2015 ഫെബ്രുവരി 4, 2016 ജനുവരി 6, 2017 മേയ് 19) നിശ്ചയിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. 2015 ജനുവരി 9-ന് പ്ലാന്‍ ചെയ്ത ഒരു കൂടിക്കാഴ്ച, എപ്സ്റ്റീന്‍ ന്യൂയോര്‍ക്കില്‍ ഇല്ലാത്തതിനാല്‍ റദ്ദാക്കിയിരുന്നു. എപ്സ്റ്റീന്റെ അസിസ്റ്റന്റ് ലെസ്ലി ഗ്രോഫ് വഴിയാണ് ഇവ ഏകോപിപ്പിച്ചത്. കൂടാതെ, ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാന് പുരിയെ പരിചയപ്പെടുത്തിയതും എപ്സ്റ്റീനാണ്.

പുരി പിന്നീട് ഹോഫ്മാനുമായി സന്ദേശങ്ങള്‍ കൈമാറുകയും ഒരു ഇമെയിലില്‍, കേന്ദ്ര സര്‍ക്കാരിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതികളും രാജ്യത്ത് ടെക്‌നോളജി കമ്പനികള്‍ക്ക് വളരാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഇന്റര്‍നെറ്റ് സാമ്പത്തിക രംഗത്തെ നിക്ഷേപ അവസരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, മറ്റ് സന്ദേശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവരുടെ കത്തിടപാടുകള്‍ ലിങ്ക്ഡ്ഇന്‍ പരിചയപ്പെടുത്തലില്‍ മാത്രം ഒതുങ്ങിയിരുന്നില്ല എന്ന് കാണാം. 2014 ഒക്ടോബര്‍ 24-ന്, ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തന്റെ അസിസ്റ്റന്റിന് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് എപ്സ്റ്റീന്‍ പുരിയോട് ആവശ്യപ്പെട്ടു. പുരി ഈ അഭ്യര്‍ത്ഥന മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ പ്രമോദ് ബജാജിന് അയച്ചുകൊടുക്കുകയും 'മുന്‍ഗണനാടിസ്ഥാനത്തില്‍' ഇത് ശരിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

2014 ഡിസംബറില്‍, എപ്സ്റ്റീന്റെ 'വിദേശ ദ്വീപില്‍' നിന്ന് തിരികെ വരുമ്പോള്‍ അറിയിക്കണമെന്ന് പുരി എപ്സ്റ്റീന് കത്തെഴുതി. സംസാരിക്കാനും ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ നല്‍കാനുമായി അവിടെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു. 'തീര്‍ച്ചയായും, ഇതൊരു ടെലിപ്പതിയാണ്. തിരികെ എത്തുമ്പോള്‍ എന്നെ വിളിക്കൂ, സന്തോഷത്തോടെയിരിക്കൂ. അതിനായി മറ്റുള്ളവരുടെ പ്രോത്സാഹനം ആവശ്യമുള്ള ആളല്ല താങ്കള്‍', തുടര്‍ന്നുള്ള ഒരു സന്ദേശത്തില്‍ പുരി എഴുതി.

2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ എപ്സ്റ്റീന്‍ കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്ന് 2019-ല്‍ ലൈംഗിക കടത്ത് കേസില്‍ വീണ്ടും അറസ്റ്റിലായ അദ്ദേഹം, വിചാരണ കാത്തിരിക്കവെ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രാഷ്ട്രീയ, ശാസ്ത്ര, ബിസിനസ് മേഖലകളിലെ പ്രമുഖരായ നിരവധിയാളുകള്‍ എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തുന്ന സമയമായിരുന്നു അതെന്നും പ്രൊഫഷണല്‍ രീതിയിലുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ തെറ്റായ പ്രവര്‍ത്തികളുടെ തെളിവല്ലെന്നുമാണ് മന്ത്രിയുടെ ഓഫീസിന്റെ അന്തിമ വിശദീകരണം.

A newly released photograph from the US Department of Justice's Epstein files shows Union Petroleum Minister Hardeep Singh Puri sitting opposite convicted sex offender Jeffrey Epstein at Epstein's Manhattan residence. The image has raised questions about Puri's earlier statements that he met Epstein as part of a delegation led by the International Peace Institute (IPI). According to Puri's office, the meetings were professional in nature and focused on attracting investment to India's digital and economic sectors. The minister's office said he could not recall the specific circumstances surrounding the decade-old photographs but maintained that he had never claimed he met Epstein only in a group setting.