India

പുതിയ വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പുക പരിശോധന വേണ്ട; പുതിയ നീക്കവുമായി കേന്ദ്രം

പ്യൂവർ എമിഷൻ സാങ്കേതികവിദ്യയുള്ള വാഹനങ്ങളുടെ ഉടമകൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കരട് വിജ്ഞാപനത്തിലൂടെ ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്

Madism Desk

ബിഎസ്6 നിലവാരമുള്ള ആറു വർഷം വരെ പ്രായമുള്ള സ്വകാര്യ വാഹനങ്ങളുടെ പൊള്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റിന്റെ കാലാവധി നിലവിലെ ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമാക്കി നീട്ടാന്‍ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം നിർദേശിച്ചു. പ്യൂവർ എമിഷൻ സാങ്കേതികവിദ്യയുള്ള വാഹനങ്ങളുടെ ഉടമകൾക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് വിജ്ഞാപനത്തിലൂടെ ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

പി.ടി.ഐ റിപ്പോർട്ട് പ്രകാരം, വാഹനത്തിന്റെ പ്രായവും എമിഷൻ നിലവാരവും അടിസ്ഥാനമാക്കി ഘട്ടംഘട്ടമായ പുതുക്കൽ സംവിധാനമാണ് കരട് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദേശപ്രകാരം, ആറു വർഷം വരെ പ്രായമുള്ള BS-VI സ്വകാര്യ വാഹനങ്ങൾ മൂന്ന് വർഷത്തിലൊരിക്കൽ മാത്രം പുതിയ പൊല്യൂഷൻ സർട്ടിഫിക്കേറ്റ് എടുക്കേണ്ടതായിരിക്കും. ആറു മുതൽ പത്ത് വർഷം വരെ പ്രായമുള്ള വാഹനങ്ങൾ കൂടുതൽ ഇടവേളകളിൽ എമിഷൻ പരിശോധനയ്ക്ക് വിധേയമാകണം. അതേസമയം, അതിലും പഴക്കമുള്ള വാഹനങ്ങൾക്ക് നിലവിലുള്ളതുപോലെ കൂടുതൽ കർശനമായ നിരീക്ഷണം തുടരും.

പൊല്യൂഷന് മാനദണ്ഡങ്ങള്‍

ബിഎസ് 6 വാഹനങ്ങൾ നിലവിലുള്ളതുപോലെ ആറ് മാസത്തിലൊരിക്കൽ പൊല്യൂഷൻ പുതുക്കണം. BS-I, BS-II, BS-III വാഹനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതായി വരും. BS-VI വാഹനങ്ങളിൽ ഉപയോഗിക്കുന്ന മെച്ചപ്പെട്ട മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യ പരിഗണിച്ചാണ് ഈ ഇളവ് നിർദേശിച്ചിരിക്കുന്നത്.

ഭാരത് സ്റ്റേജ് (BS) മാനദണ്ഡങ്ങൾ ഇന്ത്യയിലെ വാഹനങ്ങളിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് (CO), ഹൈഡ്രോകാർബണുകൾ (HC), നൈട്രജൻ ഓക്സൈഡുകൾ (NOx), പാർട്ടിക്കുലേറ്റ് മാറ്റർ (PM) തുടങ്ങിയ മലിനീകരണ വാതകങ്ങളുടെ അളവ് നിയന്ത്രിക്കുന്ന എമിഷൻ മാനദണ്ഡങ്ങളാണ്. യൂറോപ്യൻ എമിഷൻ ചട്ടങ്ങൾക്ക് സമാനമായ ഈ മാനദണ്ഡങ്ങൾ വാഹന മലിനീകരണം കുറയ്ക്കുന്നതിനായി വർഷങ്ങളായി കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

2017ലാണ് ഇന്ത്യ രാജ്യവ്യാപകമായി BS-IV എമിഷൻ മാനദണ്ഡം നടപ്പാക്കിയത്. തുടർന്ന് വലിയ നയമാറ്റത്തിന്റെ ഭാഗമായി BS-V ഘട്ടം പൂർണമായും ഒഴിവാക്കി, 2020 ഏപ്രിൽ 1 മുതൽ നേരിട്ട് BS-VI നിലവാരത്തിലേക്ക് രാജ്യം മാറി. ഈ മാറ്റത്തിന്റെ ഭാഗമായി എണ്ണക്കമ്പനികൾ 10 പാർട്സ് പെർ മില്യൺ (ppm) സൾഫർ മാത്രമുള്ള അൾട്രാ ലോ-സൾഫർ ഇന്ധനം വിതരണം ചെയ്യേണ്ടിവന്നു. BS-IV കാലത്ത് ഇത് 50 ppm ആയിരുന്നു. ശുദ്ധമായ ഇന്ധനവും അത്യാധുനിക എൻജിൻ സാങ്കേതികവിദ്യയും എക്‌സ്‌ഹോസ്റ്റ് ശുദ്ധീകരണ സംവിധാനങ്ങളും ചേർന്നതോടെ പുതിയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഗണ്യമായി കുറഞ്ഞു.

BS-IV വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, BS-VI വാഹനങ്ങൾ പ്രത്യേകിച്ച് ഡീസൽ മോഡലുകളിൽ നൈട്രജൻ ഓക്സൈഡിന്റെയും (NOx) പാർട്ടിക്കുലേറ്റ് മാറ്ററിന്റെയും (PM) പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, എൻജിന്റെ പ്രവർത്തനം തുടർച്ചയായി നിരീക്ഷിക്കുകയും മലിനീകരണ തോത് നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന അത്യാധുനിക ഓൺബോർഡ് ഡയഗ്നോസ്റ്റിക്‌സ് (OBD) സംവിധാനങ്ങളും എമിഷൻ നിയന്ത്രണ സാങ്കേതികവിദ്യകളും ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു.

പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, പുതിയ തലമുറ സ്വകാര്യ വാഹനങ്ങളുടെ ഉടമകൾക്ക് നിർബന്ധിത മലിനീകരണ പരിശോധനകളുടെ എണ്ണം കുറയുന്നതിനാൽ വലിയ ആശ്വാസമാകും. അതേസമയം, പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് ഈ ഇളവ് നൽകുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഈ നിർദേശം നിലവിൽ കരട് ഘട്ടത്തിലാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

The Ministry of Road Transport and Highways has proposed extending the validity of the Pollution Under Control (PUC) certificate for BS6-compliant private vehicles up to six years old from the current one year to three years. The proposal, issued through a draft notification, aims to reduce the compliance burden on owners of vehicles equipped with cleaner emission technology.