രാജ്യത്തിന്റെ തലസ്ഥാനത്തിന് സമീപമുള്ള വ്യവസായ കേന്ദ്രമായ നോയിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട തൊഴിലാളി പ്രതിഷേധങ്ങൾ ഒരു പ്രാദേശിക വിഷയമല്ല. മറിച്ച്, രാജ്യത്തുടനീളം തൊഴിൽ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ ശക്തമായ പ്രതിധ്വനിയാണ്. ജീവിക്കാൻ പോരാടുന്ന തൊഴിലാളികളുടെ നിശബ്ദമായ വിഷമങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ ഈ സമരാഗ്നിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ രാജ്യത്ത് ശക്തമായ തൊഴിൽ നിയമം നിലനിൽക്കെയാണ് ഇത്തരം പ്രക്ഷോഭങ്ങൾ തെരുവിൽ നടക്കുന്നതെന്നത് വേദനാജനകമാണ്.
നോയിഡയിലെ തൊഴിലാളി സമരങ്ങൾ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യർ നേരിടുന്ന സാമ്പത്തിക അസമത്വത്തിന്റെയും അനീതിയുടെയും നേർചിത്രമാണ്. ഒരേ ജോലിക്ക് വ്യത്യസ്ത ശമ്പളം നൽകുന്ന വിവേചനവും ദിനംപ്രതി കുതിച്ചുയരുന്ന ജീവിതച്ചെലവും സാധാരണക്കാരന്റെ താളം തെറ്റിക്കുന്നു. ഈ സാഹചര്യം തുടർന്നാൽ അന്തസ്സുള്ള ഒരു ജീവിതം എങ്ങനെ സാധ്യമാകും എന്ന നിർണ്ണായക ചോദ്യം ഇന്നത്തെ തൊഴിലാളി സമൂഹം സ്വയം ചോദിച്ചു തുടങ്ങിയിരിക്കുകയാണ്.
ഭക്ഷണം, വാടക, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്കായി ദിനംപ്രതി വർദ്ധിച്ചുവരുന്ന ചെലവുകൾ രാജ്യത്തെ തൊഴിലാളി കുടുംബങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. വിശ്രമമില്ലാതെ അധ്വാനിച്ചിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന പല തൊഴിലാളികളുടെയും സങ്കടം ഇന്നത്തെ കയ്പ്പേറിയ യാഥാർത്ഥ്യമാണ്. വിയർപ്പൊഴുക്കി പണിയെടുത്താലും അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാത്ത വിധം ജീവിതം കഷ്ടപ്പാടിലാവുന്നത് ഒരു വലിയ വിഭാഗം ജനതയുടെ തീരാവേദനയായി മാറുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ജീവിതസാഹചര്യങ്ങൾ സമാനമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. തുച്ഛമായ വേതനം, കുതിച്ചുയരുന്ന ജീവിതച്ചെലവ്, ജോലിസ്ഥലത്തെ സുരക്ഷാരാഹിത്യം എന്നിവ ഇവരെ നിരന്തരം വേട്ടയാടുന്നു. ഭൂരിഭാഗം തൊഴിലാളികളും പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെയുള്ള പരിമിതമായ വരുമാനത്തിൽ ഒരു കുടുംബത്തെ മുഴുവൻ പോറ്റാൻ നിർബന്ധിതരാവുകയാണ്. പ്രതിദിനം 10 മുതൽ 14 മണിക്കൂർ വരെ നീളുന്ന കഠിനമായ അധ്വാനത്തിന് അർഹമായ പ്രതിഫലം പോലും പലപ്പോഴും ഇവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ നോയിഡയിലെ പ്രതിഷേധങ്ങൾ അനുഭവിക്കുന്ന അസമത്വത്തിന്റെയും സാമൂഹിക അനീതിയുടെയും കരുത്തുറ്റ ശബ്ദം കൂടിയാണ്.
ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് ഈ സാഹചര്യം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങളോ കൃത്യമായ തൊഴിൽ നിയമങ്ങളോ ഇല്ലാത്ത ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് യൂണിയൻ പിന്തുണയോ, സാമൂഹിക സുരക്ഷാ പദ്ധതികളോ, സ്ഥിരതയുള്ള തൊഴിൽ കരാറുകളോ തികച്ചും അന്യമാണ്. ഇതിനു പുറമെ, സംസ്ഥാനങ്ങൾക്കിടയിലെ വേതന വ്യത്യാസങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ജീവിതച്ചെലവ് കുതിച്ചുയരുമ്പോഴും വേതനം വർദ്ധിക്കാത്തത് ഇവരെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലേക്കാണ് തള്ളിവിടുന്നത്. ഫലത്തിൽ ഭക്ഷണം, താമസം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ഈ ജനവിഭാഗം നരകതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരാവുകയാണ്.
സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികൾ നിരന്തരം തഴയപ്പെടുന്നത് ആശങ്കാജനകമാണ്. ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാ വിഭാഗം തൊഴിലാളികളിലേക്കും വ്യാപിപ്പിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. കുടിയേറ്റ-കരാർ തൊഴിലാളികൾക്കായി വിവിധ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയുടെ പ്രായോഗികമായ ഫലപ്രാപ്തി ഇന്നും ചോദ്യചിഹ്നമായി തുടരുന്നു.
സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളും സുരക്ഷയും ഉറപ്പാക്കുന്നു എന്നതാണ് പുതിയ തൊഴിൽ നിയമങ്ങളുടെ പ്രധാന വാദം. എല്ലാ മേഖലകളിലും ജോലി ചെയ്യാനുള്ള അവകാശം, രാത്രി ജോലിക്ക് സുരക്ഷിതമായ സാഹചര്യം, 26 ആഴ്ചത്തെ പ്രസവാവധി തുടങ്ങിയവ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, ഈ നിയമങ്ങൾ കടലാസിലൊതുങ്ങുന്നു എന്നതിന്റെ നേർസാക്ഷ്യമായാണ് നോയിഡയിലെ പ്രതിഷേധ നിരകളിൽ സ്ത്രീ തൊഴിലാളികളുടെ വൻപങ്കാളിത്തം നാം കാണുന്നത്. അവകാശങ്ങൾ പ്രഖ്യാപനങ്ങൾക്കപ്പുറം നീതിപൂർവ്വമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നോയിഡയിലെ പ്രതിഷേധങ്ങളിൽ അണിനിരന്നവരിലേറെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഒരു യൂണിയന്റെയും സംരക്ഷണമോ പിന്തുണയോ ഇല്ലാത്തതിനാൽ തന്നെ ഇവരുടെ അവകാശങ്ങൾ പലപ്പോഴും അധികാര കേന്ദ്രങ്ങളാൽ പാടേ അവഗണിക്കപ്പെടുന്നു. 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന തത്വം ഭരണഘടനാപരമായി അംഗീകരിച്ച ഒരു രാജ്യത്ത്, ആനുകൂല്യങ്ങളിലും ശമ്പളത്തിലും ഇത്ര വലിയ വിവേചനം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമങ്ങൾ നിലനിൽക്കെത്തന്നെ തൊഴിലാളികൾ അനുഭവിക്കുന്ന ഈ നീതികേടാണ് നോയിഡയിലെ തെരുവുകളിൽ വലിയ ജനരോഷമായി ആളിപ്പടരുന്നത്.
അയൽ സംസ്ഥാനമായ ഹരിയാനയിൽ സമാനമായ പ്രതിഷേധങ്ങളെത്തുടർന്ന് വേതനം 35 ശതമാനം വർധിപ്പിച്ചത് നോയിഡയിലെ തൊഴിലാളികൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. ഈ നേട്ടം തങ്ങൾക്കും ലഭ്യമാകണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ഉത്തർപ്രദേശ് സർക്കാർ താൽക്കാലിക വേതന വർധന പ്രഖ്യാപിച്ചെങ്കിലും, നിലവിലെ കുതിച്ചുയരുന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ ഇത് തീർത്തും അപര്യാപ്തമാണെന്ന വിമർശനം തൊഴിലാളികൾക്കിടയിൽ ശക്തമാണ്. ഒത്തുതീർപ്പുകൾക്കപ്പുറം തങ്ങളുടെ അധ്വാനത്തിന് അർഹമായ നീതി ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് സമരം ചെയ്യുന്നവർ.
തൊഴിലുടമകളും സമ്മർദ്ദത്തിൽ?
ചെറുകിട വ്യവസായങ്ങളും ഈ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. വളരെ കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇവർക്കു വേതനം ഉയർത്തുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതാണ്. ഇതോടെ തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ സംഘർഷ സാധ്യത വർധിക്കുന്നു.
പുതിയ തൊഴിൽ നിയമങ്ങൾ; പ്രതീക്ഷകളും യാഥാർത്ഥ്യവും
ഇന്ത്യയിൽ നടപ്പിലാക്കിയ പുതിയ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. മികച്ച അടിസ്ഥാന ശമ്പളം, തുല്യ ജോലിക്ക് തുല്യ വേതനം, കൃത്യസമയത്തുള്ള ശമ്പള വിതരണം, ആരോഗ്യ സുരക്ഷ, പെൻഷൻ എന്നിങ്ങനെ വിപുലമായ ആനുകൂല്യങ്ങൾ ഈ നിയമങ്ങളിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ, ഈ നിയമങ്ങൾ പ്രായോഗികതലത്തിൽ എത്രത്തോളം ഫലപ്രദമാണെന്നത് ഇന്നും വലിയൊരു ചോദ്യചിഹ്നമാണ്. പ്രത്യേകിച്ചും രാജ്യത്തെ ഭൂരിഭാഗം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഈ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യം പുതിയ നിയമനിർമ്മാണങ്ങളിലെ പോരായ്മകളെയും നടപ്പിലാക്കുന്നതിലെ പാളിച്ചകളെയും തുറന്നുകാട്ടുന്നു.
English Summary: Noida labour protests highlight India's growing wage crisis, low salaries, rising cost of living, and challenges faced by informal sector workers. Despite new labour laws, issues like job insecurity, wage inequality, and poor working conditions continue to affect millions across the country.