ലാഹോറിലെ റോഡുകൾക്കും തെരുവുകൾക്കും വിഭജനത്തിന് മുമ്പുള്ള പേര് നൽകാൻ തീരുമാനിച്ചത് വലിയ ചർച്ചയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മറിയം നവാസ് സർക്കാരിന്റെ നടപടി ഇന്ത്യയിലടക്കം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ തീരുമാനത്തിൽനിന്ന് സർക്കാർ പുറകോട്ട് പോയതായാണ് റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിലെ ഭീകരവാദ ഗ്രൂപ്പുകളുടെയും വ്ളോഗർമാരുടെയും കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി.
ലാഹോറിന്റെ സാംസ്‌കാരിക ചരിത്രം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലാണ് പേരുമാറ്റൽ നിർദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അധ്യക്ഷനായ ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ സമിതിപദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തു. ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവൽ എന്ന വലിയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പുനർനാമകരണം. മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ക്യാബിനറ്റ് മെയ് മാസത്തിൽ ഈ പദ്ധതിക്ക് അനുമതിയും നൽകി.
വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇസ്ലാമിക ശൈലിയിലെ പേരുകൾ നൽകിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെ കെട്ടിടങ്ങൾ മിക്കതും വേണ്ട സംരക്ഷണം നൽകാത്തതിനാൽ നശിക്കുകയും ചെയ്തു. എന്നാൽ വിഭജനത്തിന് മുമ്പത്തെ രാജ്യത്തിന്റെ ചരിത്രം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ, പതിറ്റാണ്ടുകളായി മറഞ്ഞുകിടന്നിരുന്ന പഴയ പേരുകൾ തിരിച്ചുകൊണ്ടുവരാനും ലാഹോറിനെ ഉൾപ്പടെ പുനരുജ്ജീവിപ്പിക്കാനും പഞ്ചാബ് പ്രവിശ്യ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായായിരുന്നു പേരുമാറ്റം.
പദ്ധതിപ്രകാരം സുന്നത്നഗർ ശാന്ത്നാനഗർ ആയും മൌലാനാ സഫർ അലി ഖാൻ ചൌക്ക് ലക്ഷ്മി ചൌക്ക് ആയും മുസ്തഫാബാദ് ധരംപുരയായും സർ അഗ ഖാൻ ചൌക്ക് ഡേവിസ് റോഡ് ആയും അല്ലമാ ഇഖ്ബാൽ റോഡ് ജെയിൽ റോഡ് ആയും ഫാത്തിമാ ജന്ന റോഡ് ക്വീൻസ് റോഡ് ആയും ബാഗ്-ഇ-ജിന്ന ലോറൻസ് ഗാർഗൻസ് ആയും പുനർനാമകരണം ചെയ്യാൻ തീരുമാനമായിരുന്നു.
എന്നാൽ ഹിന്ദു-സിഖ് പാരമ്പര്യമുള്ള പേരുകൾ പുനരുജ്ജീവിപ്പിക്കുന്നു എന്നാരോപിച്ച് ഭീകരവാദ ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ ശക്തമായി പ്രചാരണം നടത്തി. പ്രതിഷേധം ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലാവുകയും വൻ തിരിച്ചടി ഒഴിവാക്കാനായി തീരുമാനം തല്‍ക്കാലം മാറ്റിവയ്ക്കുകയുമായിരുന്നു.
പദ്ധതിയിൽ ലാഹോറിലെ കെട്ടിടങ്ങളുടേതടക്കം പുനരുദ്ധാരണവും ഉൾപ്പെട്ടിരുന്നു. വിഭജനത്തിന് മുമ്പുള്ള ലാഹോറിന്റെ സൌന്ദര്യവും പ്രൌഢിയും വീണ്ടെടുക്കാൻ സർക്കാർ തീരുമാനം മാറ്റിയതോടെ കഴിയുമോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്.
പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന 115ഓളം കെട്ടിടങ്ങൾ ലാഹോറിൽ മാത്രമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ 75 കെട്ടിടങ്ങളിൽ നാൽപ്പത്തി എട്ടിലും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ലാഹോറിൽ മാൾ റോഡിനോട് ചേർന്നുള്ള കൊളോണിയൽ കാലഘട്ടത്തെ പ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നുണ്ട്.
ചരിത്രപ്രസിദ്ധമായ നടപ്പാതകൾ പുനർനിർമിക്കാനും വൈദ്യുതി ലൈനുകൾ ഭൂഗർഭത്തിലേക്ക് മാറ്റാനും മലിനജല-ഡ്രെയിനേജ് സംവിധാനങ്ങൾ പുനർനിർമിക്കാനും പദ്ധതിയിലൂടെ തീരുമാനമായതായിരുന്നു. പഴയ നഗരത്തെ ചുറ്റിപ്പറ്റിയുള്ള ഏഴ് കിലോമീറ്റർ നീളമുള്ള മതിലിന്റെ വലിയ ഭാഗങ്ങളും പുനർനിർമിക്കാനായിരുന്നു തീരുമാനം.
English Sumamry: Pakistan’s Punjab government has deferred its plan to rename several streets and neighbourhoods in Lahore with their pre-Partition names as part of an effort to preserve the city’s historical heritage. The change in the stance of the Punjab government came after some extremist elements, including vloggers, strongly criticised chief minister Maryam Nawaz for restoring pre-Partition “Hindu and Sikh” names.