India

എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; കുറയുമോ പെട്രോൾ, ഡീസൽ വില? ഇതാണ് വസ്തുത

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്

Madism Desk

അന്തരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോൾ-ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു, ഡീസലിന് നികുതി പൂർണമായും നീക്കം ചെയ്തു.

എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ പെട്രോൾ-ഡീസൽ ചില്ലറ വിൽപ്പന വില കുറയുമെന്ന പ്രതീക്ഷ ചിലർക്കെങ്കിലും ഉണ്ടാവും. എന്നാൽ ആ പ്രതീക്ഷയിൽ കാര്യമില്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത് ചില്ലറ വിൽപ്പന വിലയിൽ പ്രതിഫലിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അതായത് പെട്രോൾ പമ്പുകളിൽ നേരത്തെ നൽകിയിരുന്ന തുക ഇനിയും നൽകണമെന്ന് സാരം.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ബ്രെൻ്റ് ക്രൂഡ് വില വീപ്പയ്ക്ക് 107.5 ഡോളറിലെത്തിയതായും, റഷ്യയുടെ ഇ.എസ്.പി.ഒ. ക്രൂഡ് വിലയും 100 ഡോളർ കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംഘർഷവും ഹോർമുസ് കടലിടുക്കിൽ ഉണ്ടായ നിയന്ത്രണങ്ങളും ആഗോള ഊർജ്ജ വിപണിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

നേരത്തെ എണ്ണക്കമ്പനികൾക്ക് പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ഒരു ലിറ്റർ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. നിലവിൽ വിലവർധിപ്പിക്കുകയോ നികുതി വെട്ടിച്ചുരുക്കുകയോ എന്നീ ഓപ്ഷനുകളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഡീസലിന്റെയും ഏവിയേഷൻ ഫ്യുവലിന്റെയും (എടിഎഫ്) കയറ്റുമതിക്ക് അധിക തീരുവയും ചുമത്തിയിട്ടുണ്ട്. 21.5 രൂപ, 29.5 രൂപ എന്നിങ്ങനെ അധിക തീരുവ. ഹോർമൂസിൽ തുടരുന്ന പ്രതിസന്ധിക്ക് അയവുണ്ടാകാതെ കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിന്റെ ഭാ​ഗമാണ് പുതിയ നീക്കം.

English Summary: India has reduced excise duty on petrol and diesel by ₹10 per litre amid rising global crude oil prices, but retail prices may not drop significantly