ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ തനിക്കെതിരെ അസഭ്യവർഷം നടത്തിയ വിദ്യാർഥികളോട് ക്ഷമിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് പിന്നാലെ ചോദ്യങ്ങളുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. വിദ്യാർഥികളോട് റീൽസിൽ കൂടെ മാത്രം ക്ഷമിച്ചാൽ മതിയോ അതോ അവർക്കെതിരെ എടുത്ത കേസുകൾ കൂടി പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ എന്നാണ് അഭിജീത് ചോദിക്കുന്നത്.
പുതിയ തലമുറയുമായി സംവദിക്കാൻ പ്രധാനമന്ത്രി അടുത്തിടെയായി ഇൻസ്റ്റാഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി പങ്കുവെക്കുന്ന അഞ്ചാമത്തെ ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് പ്രക്ഷോഭകാരികളായ വിദ്യാർഥികൾക്ക് നേരെ താൻ സ്വീകരിക്കുന്ന മൃദുസമീപനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ നോയിഡ സ്വദേശിയായ ഒരു കൗമാരക്കാരനെതിരെ കേസ് എടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ പുറത്തുവന്നത്. ചില യുവാക്കൾ തനിക്കെതിരെ വളരെ മോശമായ രീതിയിൽ അസഭ്യം പറഞ്ഞുവെന്നും, പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചതെന്നും പ്രധാനമന്ത്രി തന്റെ രാത്രി വൈകിയുള്ള വീഡിയോ സന്ദേശത്തിൽ പറയുന്നു.
തനിക്കെതിരെ മാത്രമല്ല, തന്റെ പരേതയായ മാതാവിനെതിരെ പോലും നീചമായ അധിക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ അസഭ്യം പറയുന്നതുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ലെന്നും, അവരെ ശിക്ഷിക്കുകയോ കോടതി കയറ്റി ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് നിലവിലെ സാഹചര്യങ്ങളിൽ ഒരു മാറ്റവും വരുത്തില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ അവരോട് ക്ഷമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, വഴിതെറ്റിപ്പോയവരെ നമുക്ക് നേർവഴിക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രധാനമന്ത്രിയുടെ ഈ വീഡിയോയ്ക്ക് താഴെ പരിഹാസരൂപേണയുള്ള ചോദ്യവുമായാണ് അഭിജീത് ദിപ്കെ എത്തിയത്. "റീൽസിൽ കൂടെ മാത്രം ക്ഷമിച്ചാൽ മതിയോ അതോ അവർക്കെതിരെയുള്ള കേസുകൾ കൂടി പിൻവലിക്കുമോ" എന്നായിരുന്നു അഭിജീതിന്റെ ചോദ്യം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കുവെച്ച സെൽഫി വീഡിയോയിലും ഡിപ്കെ സമാനമായ രീതിയിൽ പരിഹസിച്ചിരുന്നു. 'രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കം താങ്കളുടെ ചർമ്മത്തിനുണ്ട്' എന്നായിരുന്നു ആ വീഡിയോക്ക് താഴെ അഭിജീത് കമന്റ് ചെയ്തത്.
ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് ഒരാഴ്ചയ്ക്ക് ശേഷം, രാജ്യത്തുടനീളമുള്ള വിദ്യാർഥി പ്രക്ഷോഭകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സിജെപിയും സർക്കാരും തമ്മിലുള്ള പുതിയ പോർമുഖമായി മാറിയിരിക്കുകയാണ്. വിദ്യാർഥികൾക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറുകൾ പല സംസ്ഥാനങ്ങളും ഇതിനോടകം പിൻവലിച്ചിട്ടുണ്ടെങ്കിലും, ക്രിമിനൽ പശ്ചാത്തലമുള്ള പ്രക്ഷോഭകർക്കെതിരെയുള്ള കേസുകളിൽ നടപടികൾ തുടരുകയാണ്. സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത പ്രായപൂർത്തിയാകാത്തവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
Following Prime Minister Narendra Modi's Instagram video where he stated he has forgiven the students who hurled abuses at him during recent protests, CJP founder Abhijeet Dipke questioned whether the government would also withdraw the police cases filed against them. The nationwide protests over exam irregularities, which led to the resignation of Union Minister Dharmendra Pradhan, have become a major flashpoint. Following Supreme Court directives, several states have dropped FIRs against minors and students with no criminal history, but cases against those with a criminal past are still being pursued.