തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടിയ വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ച വിജയ് നല്‍കിയ കത്തില്‍ ഇന്ന് ഗവര്‍ണര്‍ തീരുമാനമെടുത്തേക്കും. നിലവില്‍ വിജയ് വിജയിച്ച രണ്ട് സീറ്റ് ഉള്‍പ്പെടെ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് വേണമെന്നിരിക്കെ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും പിന്തുണയാണ് ടിവികെ പ്രതീക്ഷിക്കുന്നത്.
പിന്തുണ തേടിക്കൊണ്ടുള്ള കത്ത് കോൺഗ്രസിനു പുറമെ സിപിഐക്കും വിജയ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്തുണ സംബന്ധിച്ച തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പിന്തുണ നല്‍കുന്നതിന് ടിവികെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഉപാധി വച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുമായോ എന്‍ഡിഎ സഖ്യകക്ഷികളുമായോ സഹകരണം പാടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. സിപിഐ, സിപിഎം, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താന്‍ സാധിക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു.
അനിശ്ചിതത്വങ്ങളുണ്ടെങ്കിലും വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന സൂചനയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നല്‍കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ടിവികെയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാനാണ് ലോക് ഭവന്റെ നിലപാട്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായി പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടികള്‍ നല്‍കിയില്ലെങ്കിലും വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കും. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുന്ന വിധത്തിലാണ് നിലവില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
അതേസമയം, വിശ്വാസവോട്ടില്‍നിന്ന് ഡിഎംകെ വിട്ടുനിന്നേക്കുമെന്നാണ് സൂചന. വിജയ്‌യെ നിലവില്‍ എതിര്‍ക്കുന്നത് ജനവികാരം എതിരാക്കിയേക്കുമെന്ന വിലയിരുത്തലാണ് ഡിഎംകെയ്ക്കുള്ളത്.
എന്നാല്‍, വിജയ്ക്ക് പിന്തുണ നല്‍കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നാഭിപ്രായം ശക്തമാണ്. രാജ്യസഭാ എംപി സിവി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് വിജയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത്. നിലവിലെ 47 അംഗങ്ങളില്‍ 32 പേരെയെങ്കിലും ഒപ്പം നിര്‍ത്തി അയോഗ്യത ഭീഷണി ഉള്‍പ്പെടെ മറികടക്കാന്‍ ആണ് സിവി ഷണ്‍മുഖം പക്ഷത്തിന്റെ നീക്കം. ഇതിനെ പ്രതിരോധിക്കാന്‍ എടപ്പാടി പളനി സ്വാമിയുടെ പക്ഷവും ശ്രമിക്കുന്നുണ്ട്.
അടുത്ത 48 മണിക്കുറിനുള്ളില്‍ തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമക്കുന്നത്. സത്യ പ്രതിജ്ഞാ ചടങ്ങിനായി ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
English Summary: The Congress is exploring a power-sharing arrangement with Vijay’s Tamilaga Vettri Kazhagam (TVK) to form a new secular government in Tamil Nadu. This development marks the first split in the DMK-led alliance, coming just a day after it lost power. Congress currently holds five seats in the newly formed assembly.