India

കൂടുമാറ്റമില്ല; ശശി തരൂരിനെ അനുനയിപ്പിച്ച് രാഹുല്‍ ഗാന്ധി

കഴിഞ്ഞ തവണ 56 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പ്രചരണത്തിനിറങ്ങിയിരുന്നുവെന്നും ഇത്തവണ അതില്‍ കൂടുതല്‍ പേര്‍ക്ക് വേണ്ടി രംഗത്തിറങ്ങും

Madism Desk

ന്യൂഡല്‍ഹി: ശശി തരൂരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിക്കുന്നു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് മഞ്ഞുരുക്കത്തിന് വഴിയൊരുക്കുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ സിപിഐഎമ്മിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നിലവിലെ കൂടിക്കാഴ്ച്ച വിജയമായതോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകും.

രാഹുല്‍ ഗാന്ധിയുമായി നടന്നത് സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ച്ചയായിരുന്നുവെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 56 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പ്രചരണത്തിനിറങ്ങിയിരുന്നുവെന്നും ഇത്തവണ അതില്‍ കൂടുതല്‍ പേര്‍ക്ക് വേണ്ടി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഐഎം പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ എവിടെ നിന്നു വന്നുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിലപാടറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് വേദിയില്‍ വെച്ച് അപമാനിതനായെന്ന് തരൂര്‍ വെളിപ്പെടുത്തിയതായി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഈ അതൃപ്തിക്ക് പിന്നാലെയാണ് ഇടത് പാളയത്തിലേക്ക് തരൂര്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് സംഘടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ക്ഷണം വൈകിയതിനാലെന്നായിരുന്നു വിശദീകരണം.

സിപിഐഎമ്മിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു തരൂരിന്റെ നിലപാട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരും കേരളത്തില്‍ മുതിര്‍ന്ന നേതാക്കളും സമീപകാലത്തെ തരൂരിന്റെ നിലപാടുകളില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുമായി തരൂര്‍ പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളുടെ ആക്കം വര്‍ധിപ്പിച്ചതും ഈ റിപ്പോര്‍ട്ടുകളാണ്.

English Summary: Congress leader Rahul Gandhi met with Shashi Tharoor to resolve recent tensions, effectively ending speculation about Tharoor switching to CPI(M) ahead of the Kerala Assembly elections. Tharoor confirmed the meeting was cordial and reaffirmed his commitment to campaign actively for Congress candidates (more than the 56 he supported last time).