മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരി ആരോപണത്തിനെതിരെയും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ സുപ്രീം കോടതിയിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങൾ മറന്ന് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവജനങ്ങളും പൗരാവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും പങ്കുചേരണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്കുനേരെ പൊലീസിന്റെയും ബിജെപി പ്രവർത്തകരുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങളുണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഭയമില്ലാതെ പ്രതിഷേധത്തിൽ അണിനിരക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോരി അവസാനിപ്പിക്കുക, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടിയായ എസ്‌ഐആർ നിർത്തിവയ്ക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തിന്റെ പേരിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് എന്നിവർക്ക് രാജ്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭീഷണികൾക്ക് മുന്നിൽ പിന്നോട്ടുപോകില്ലെന്നും ഇത്തരം നടപടികൾ സ്വീകരിക്കുന്നവർക്ക് അധികാരം ഒഴിയേണ്ടിവരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സ്നേഹം, സാഹോദര്യം, ദേശസ്നേഹം എന്നിവ ഉയർത്തിപ്പിടിച്ച് ജനങ്ങൾ ഒറ്റക്കെട്ടായി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഡരോ മത്' (ഭയപ്പെടരുത്) എന്ന ആഹ്വാനത്തോടെയാണ് ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രതിഷേധത്തിൽ പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ അവധിദിനമായ ഞായറാഴ്ചയും ഡൽഹിയിൽ തുടർന്നു. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടന്ന സമരങ്ങളിൽ പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി ആരോപണമുയർന്നു. പൊലീസ് മർദിച്ചെന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും ഇടത് സംഘടനാ നേതാക്കളും പരാതിപ്പെട്ടു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളിൽ പലയിടത്തും സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഇടപെട്ടതോടെ സ്ഥിതിഗതികൾ വഷളായെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുത്തവരെ ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് കൊണ്ടുപോകുന്നതെന്ന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു.
കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് സമീപം രാവിലെ 11.30ഓടെയാണ് എഐഎസ്എഫിന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ ഇന്നർ സർക്കിളിലേക്ക് കടന്നതോടെ അവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരെ ബലമായി ബസുകളിലേക്ക് കയറ്റാൻ ശ്രമിച്ചതായും ചിലർ പൊലീസിനെ വെട്ടിച്ച് ഓടിയതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധത്തിനിടെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപിയും സ്ഥലത്തെത്തി. പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട ബ്രിട്ടാസിനെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
പിന്നീട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടു. പൊലീസ് തന്നെ മർദിച്ചെന്നും ബ്രിട്ടാസ് ആരോപിച്ചു. ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവും വിഷയത്തെ ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
Rahul Gandhi has called for intensified protests in Delhi demanding the resignation of the Chief Election Commissioner and opposing allegations of vote theft. A march to the Supreme Court will be held, along with the submission of a petition to the Chief Justice. He urged young people and civil rights organisations to unite in the protest to safeguard the Constitution.