India

100-ല്‍ നിന്ന് 125 ദിവസമാക്കിയെങ്കിലും പണിയില്ല; തൊഴിലുറപ്പില്‍ 50% കുറവ്, പുതിയ പദ്ധതിയില്‍ ആശങ്ക

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, പുതിയ പദ്ധതിക്ക് കീഴില്‍ 7.67 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി ഇത് 15.33 കോടി തൊഴില്‍ ദിനങ്ങളായിരുന്നു.

Madism Desk

കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ ആദ്യ മാസത്തില്‍ തന്നെ തൊഴിലില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ തൊഴില്‍ ദിനങ്ങളില്‍ 49.94 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) പേരുമാറ്റി 'വിക്‌സിത് ഭാരത്-ഗ്യാരണ്ടി ഫോര്‍ റോജ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)' അഥവാ 'വിബി-ജി റാം ജി' എന്നാക്കിയിരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്ന ജൂലൈ മാസത്തില്‍ തന്നെയാണ് തൊഴിലില്‍ വന്‍ ഇടിവും ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, പുതിയ പദ്ധതിക്ക് കീഴില്‍ 7.67 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി ഇത് 15.33 കോടി തൊഴില്‍ ദിനങ്ങളായിരുന്നു. ഒരു തൊഴിലാളി ഒരു പ്രവൃത്തി ദിവസം ചെയ്യുന്ന അധ്വാനത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് തൊഴില്‍ ദിനം കണക്കാക്കുന്നത്. അതേസമയം, പദ്ധതിയുടെ ആദ്യ മാസത്തില്‍ ഏകദേശം 9 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അവകാശവാദം.

പദ്ധതി പ്രയോജനപ്പെടുത്തിയ കുടുംബങ്ങളുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 1.42 കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന സ്ഥാനത്ത്, ഈ വര്‍ഷം അത് 51.45 ശതമാനം ഇടിഞ്ഞ് 68.94 ലക്ഷമായി ചുരുങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ കുടുംബ പങ്കാളിത്തവും തൊഴില്‍ ദിനങ്ങളും രേഖപ്പെടുത്തിയത് ഈ ജൂലൈയിലാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ശരാശരിയുമായി (1.72 കോടി കുടുംബങ്ങള്‍, 21.56 കോടി തൊഴില്‍ ദിനങ്ങള്‍) താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 40 ശതമാനവും 35 ശതമാനവും മാത്രമാണ് ഇത്തവണത്തെ കുടുംബ പങ്കാളിത്ത, തൊഴില്‍ നിരക്ക്.

കാലവര്‍ഷക്കെടുതിയും കാര്‍ഷിക പ്രതിസന്ധിയും

രാജ്യത്ത് മണ്‍സൂണ്‍ മഴ ലഭ്യതയില്‍ വലിയ വ്യതിയാനം നേരിടുന്ന ഘട്ടത്തിലാണ് തൊഴിലുറപ്പ് പദ്ധതിയിലെ ഈ ഇടിവ് എന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്തെ 741 ജില്ലകളില്‍ പകുതിയോളം ഇടങ്ങളിലും ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് മൂന്നു വരെ മഴ ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കൃഷി നഷ്ടത്തിലാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രധാന ജീവനോപാധിയാണ് തൊഴിലുറപ്പ് പദ്ധതി.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, ജൂലൈ 31 വരെ ഖരീഫ് വിളയിറക്കിയത് 894.22 ലക്ഷം ഹെക്ടറിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്ന 920.72 ലക്ഷം ഹെക്ടറിനേക്കാള്‍ 26.50 ശതമാനം കുറവാണിത്. ഖരിഫ് വിതയ്ക്കല്‍ സീസണില്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചതാകാം തൊഴില്‍ ദിനങ്ങള്‍ കുറയാനുള്ള ഒരു കാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ ഡാറ്റ ലഭ്യമായിട്ടില്ല.

മന്ത്രാലയത്തിന്റെ വിശദീകരണം

പദ്ധതിയുടെ പരിവര്‍ത്തനം സുഗമവും സാങ്കേതികവിദ്യയിലധിഷ്ഠിതവുമായിരുന്നുവെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കി. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി എക്കാലത്തെയും ഉയര്‍ന്ന തുകയായ 95,692 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തൊഴില്‍ ആവശ്യപ്പെട്ട 98 ശതമാനത്തിലധികം കുടുംബങ്ങള്‍ക്കും ജോലി നല്‍കിയിട്ടുണ്ട്. എന്‍.എം.എം.എസ് ആപ്പ് വഴി ഫെയ്‌സ് ഓതന്റിക്കേഷന്‍ ഉപയോഗിച്ചാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്. മാത്രമല്ല, സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങളില്‍ 63 ശതമാനവും വനിതകളുടേതാണെന്നും ഇത് മൂന്നിലൊന്ന് പങ്കാളിത്തം എന്ന നിയമപരമായ ആവശ്യകതയേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമത്തിലെ വ്യവസ്ഥകള്‍

മുന്‍പുണ്ടായിരുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുനല്‍കിയിരുന്നതെങ്കില്‍, 'വിബി-ജി റാം ജി' ആക്ട് 2025 പ്രകാരം ഇത് 125 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, പ്രധാന കാര്‍ഷിക സീസണുകളില്‍ വിതയ്ക്കല്‍, കൊയ്ത്ത് സമയങ്ങളില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 60 ദിവസം വരെ ഇത്തരത്തില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.

India’s revamped rural employment guarantee programme recorded a sharp decline in employment during its first month of implementation. In July 2026, only 7.67 crore person-days were generated under the new Viksit Bharat–Guarantee for Rozgar and Ajeevika Mission (Gramin), or VB-G RAM G, compared with 15.33 crore under MGNREGS in July last year—a 49.94% drop. The number of households receiving employment also fell by 51.45%, from 1.42 crore to 68.94 lakh.