India

പേരില്‍ പിശക്, പഴയ രേഖകളില്ല; എസ്. ജയശങ്കര്‍, സി.ബി.ഐ ഡയറക്ടര്‍, മുന്‍ സൈനിക മേധാവി തുടങ്ങിയ ഉന്നതര്‍ക്ക് എസ്.ഐ.ആര്‍ നോട്ടീസ്

മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കുടുംബാംഗങ്ങള്‍ക്കും എസ്.ഐ.ആര്‍ നടപടിയുടെ ഭാഗമായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. സിസോദിയയ്ക്ക് നല്‍കിയ നോട്ടീസില്‍ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

Madism Desk

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണ (എസ്‌ഐആര്‍) നടപടിയുടെ ഭാഗമായി പ്രമുഖര്‍ക്ക് വ്യാപകമായി നോട്ടീസ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഭാര്യ ക്യോക്കോ ജയശങ്കര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി അയച്ച നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദ്, മുന്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന ദേശായി എന്നിവരുടെയും കുടുംബാംഗങ്ങളുടെയും വോട്ടര്‍ രേഖകള്‍ പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.

വോട്ടര്‍ പട്ടിക പുതുക്കലുമായി വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാലും പേര്, കുടുംബവിവരങ്ങള്‍ എന്നിവയിലെ പൊരുത്തക്കേടുകള്‍ കാരണവുമാണ് മിക്കവര്‍ക്കും നോട്ടീസ് ലഭിച്ചത്. എന്നാല്‍, നോട്ടീസ് അയച്ചു എന്നതിനര്‍ത്ഥം ഒരു വോട്ടറുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടും എന്നല്ലെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇ.സി.ഐ.നെറ്റ് പോര്‍ട്ടലില്‍ തിരുത്തുന്നതിനായി സിസ്റ്റം നിര്‍മ്മിത നോട്ടീസുകളാണ് അയച്ചിട്ടുള്ളതെന്നും വാദം കേള്‍ക്കാനും അപ്പീല്‍ നല്‍കാനും അവസരം നല്‍കാതെ ആരുടെയും പേര് വെട്ടിമാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്. ജയശങ്കര്‍, പ്രവീണ്‍ സൂദ്, ജനറല്‍ ഉപേന്ദ്ര ദ്വിവേദി, രഞ്ജന ദേശായി എന്നിവരും കുടുംബങ്ങളും 'മുന്‍ എസ്.ഐ.ആറുമായി ബന്ധിപ്പിക്കാത്തവര്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം മറുപടി സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ 2002-ല്‍ നടന്ന അവസാന വിപുലമായ വോട്ടര്‍ പട്ടിക പുതുക്കലിലെ രേഖകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്ത വോട്ടര്‍മാരെയാണ് 'മുന്‍ എസ്.ഐ.ആറുമായി ബന്ധിപ്പിക്കാത്തവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ സുന്ദര്‍ ബാഗ് ഇലക്ടറല്‍ പാര്‍ട്ടിലാണ് എസ്. ജയശങ്കറും ഭാര്യയും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കുടുംബാംഗങ്ങള്‍ക്കും എസ്.ഐ.ആര്‍ നടപടിയുടെ ഭാഗമായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. സിസോദിയയ്ക്ക് നല്‍കിയ നോട്ടീസില്‍ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ സീമ സിസോദിയയ്ക്ക് സ്വന്തം പേരിലെ പൊരുത്തക്കേടിനും മകന്‍ മീര്‍ സിസോദിയയ്ക്ക് രക്ഷിതാവിന്റെ പേരിലെ പൊരുത്തക്കേടിനുമാണ് നോട്ടീസ് ലഭിച്ചത്. സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യ ഷീബ ബ്രിട്ടാസിനും മകന്‍ ആനന്ദ് ബ്രിട്ടാസിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഷീബ ബ്രിട്ടാസിന് സ്വന്തം പേരിലെയും മകന്‍ ആനന്ദ് ബ്രിട്ടാസിന് രക്ഷിതാവിന്റെ പേരിലെയും പൊരുത്തക്കേടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ അജയ് കുമാര്‍ സൂദ്, ഹെല്‍ത്ത് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ, ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, മുന്‍ സൈനിക ക്ഷേമ സെക്രട്ടറി സുകൃതി ലിഖി, ഫെര്‍ട്ടിലൈസര്‍ സെക്രട്ടറി രജത് കുമാര്‍ മിശ്ര, ലാന്‍ഡ് റിസോഴ്‌സസ് സെക്രട്ടറി നരേന്ദ്ര ഭൂഷണ്‍ തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രേഖകള്‍ മുന്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. എക്‌സ്പന്‍ഡിചര്‍ സെക്രട്ടറി വുംലുന്‍മാംഗ് വുള്‍നാം, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കെ. സഞ്ജയ് മൂര്‍ത്തി എന്നിവര്‍ക്കും പേരുകളിലെ പൊരുത്തക്കേടുകള്‍ മൂലം നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഭാര്യയും മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരും 'മുന്‍ എസ്.ഐ.ആറുമായി ബന്ധിപ്പിക്കാത്തവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ എന്യൂമറേഷന്‍ ഫോമുകളില്‍ മുന്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ പൂര്‍ണ്ണമല്ലായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് കാരണം നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ബൂത്ത് ലെവല്‍ ഓഫീസറുടെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം അവരുടെ വിവരങ്ങള്‍ ശരിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. നല്‍കിയ നോട്ടീസുകളിലെ നടപടികള്‍ ഒക്ടോബര്‍ 29-ഓടെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഡല്‍ഹിയിലെ അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ നാലിന് പ്രസിദ്ധീകരിക്കും.

Several prominent personalities, senior government officials and their family members have received notices as part of the Election Commission’s Special Intensive Revision (SIR) of Delhi’s electoral rolls. External Affairs Minister S. Jaishankar, his wife Kyoko Jaishankar, former Delhi Deputy Chief Minister Manish Sisodia, CBI Director Praveen Sood, former Army Chief General Upendra Dwivedi and former Supreme Court judge Ranjana Desai are among those listed for verification. Notices have also been issued to several serving and retired senior bureaucrats.