India

പാസ്പോര്‍ട്ട് രേഖകളില്‍ പൊരുത്തക്കേട്; സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്, പൗരത്വത്തില്‍ സംശയമുണ്ടെന്ന് കേന്ദ്രം

കേന്ദ്രത്തിന്റെ വാദമനുസരിച്ച്, ദാസ് തന്റെ പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ, ചില രേഖകളില്‍ ഡല്‍ഹിയിലെ മേല്‍വിലാസവും മറ്റു ചിലതില്‍ പുതുച്ചേരിയിലെ മേല്‍വിലാസവുമാണ് നല്‍കിയിരിക്കുന്നത്.

Madism Desk

പാസ്പോര്‍ട്ട് വിവരങ്ങളിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി കോ-കണ്‍വീനര്‍ സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. യുകെയിലേക്കുള്ള യാത്ര തടഞ്ഞ ഇമിഗ്രേഷന്‍ നടപടിയെ ചോദ്യം ചെയ്ത് സൗരവ് ദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ദാസിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം, മേല്‍വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് രേഖകളിലുള്ള പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് പോലും സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ ജസ്റ്റിസ് അമിത് മഹാജനെ അറിയിച്ചു.

തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍

മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ദാസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആശിഷ് ദീക്ഷിതിനൊപ്പം ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച നടപടിയെ ദാസിന്റെ അഭിഭാഷകന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'എനിക്ക് ഒരു നോട്ടീസും മുന്‍കൂട്ടി നല്‍കിയിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടെന്ന് ആരെങ്കിലും എന്നെ അറിയിക്കേണ്ടതുണ്ട്. പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?', ദാസിന്റെ അഭിഭാഷകന്‍ അഖില്‍ സിബല്‍ കോടതിയില്‍ ചോദിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് തന്റെ കക്ഷിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്നും അഖില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഏത് കുറ്റത്തിന്റെ പേരിലാണ്, എപ്പോഴാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും നിയമനടപടികള്‍ക്കായി സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ലുക്ക്ഔട്ട് നോട്ടീസിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം ഉറച്ചുനിന്നത്. നോട്ടീസ് നിലവിലുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ പ്രത്യേക നിയമനടപടികളിലൂടെ അതിനെ ചോദ്യം ചെയ്യാന്‍ ദാസിന് സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രം വാദിച്ചു.

കേന്ദ്രത്തിന്റെ വാദമനുസരിച്ച്, ദാസ് തന്റെ പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ, ചില രേഖകളില്‍ ഡല്‍ഹിയിലെ മേല്‍വിലാസവും മറ്റു ചിലതില്‍ പുതുച്ചേരിയിലെ മേല്‍വിലാസവുമാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വൈരുദ്ധ്യങ്ങള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വത്തെ ബാധിച്ചേക്കാമെന്നും ശര്‍മ്മ വാദിച്ചു. കൂടാതെ ഓഗസ്റ്റ് 20-ന് പുതുച്ചേരി പൊലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വിദ്യാഭ്യാസം, മേല്‍വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു.

യാത്രാ നിര്‍ദേശവും ഹര്‍ജിയുടെ നിലനില്‍പ്പും

നവംബര്‍ 23-ന് വൈകുന്നേരം 7.32-ന് സൗരവ് ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും നാല് മിനിറ്റിന് ശേഷം 7.36-ന് ട്രാവല്‍ അഡൈ്വസറി നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊരുത്തക്കേടുകള്‍ വിശദീകരിക്കാന്‍ നവംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. വിദേശയാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും പാസ്പോര്‍ട്ട് അസാധുവാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, നോട്ടീസിന് മറുപടി നല്‍കുന്നതിന് പകരം കോടതിയെ സമീപിച്ച ദാസിന്റെ ഹര്‍ജിയുടെ നിലനില്‍പ്പിനെയും ചോദ്യം ചെയ്തു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും പൊലീസിനും നോട്ടീസ് അയച്ച ഹൈക്കോടതി, ഹര്‍ജി അടുത്തതായി പരിഗണിക്കുന്ന ഡിസംബര്‍ ഒമ്പതിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. അതേസമയം, പാസ്പോര്‍ട്ട് അപേക്ഷയിലെ ജനനസ്ഥലവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ചെന്നൈ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസും ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും അതുവരെ പാസ്പോര്‍ട്ട് ഉപയോഗിക്കരുതെന്നുമാണ് നിര്‍ദേശം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഒരു പരിപാടിയില്‍ അതിഥിയായി പോകുന്നതിനിടെ നവംബര്‍ 24-നാണ് ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ച് സൗരവ് ദാസിനെ തടഞ്ഞത്.

The Central government has informed the Delhi High Court that a Look Out Circular (LOC) has been issued against Cockroach Janata Party co-convenor Saurav Das over alleged discrepancies in his passport records. The submission came while the court was hearing Das's petition challenging the immigration authorities' decision to stop him from travelling to the UK.