India

ഡൽഹിയിലെ പൊലീസ് അതിക്രമം: 'സ്വതന്ത്ര അന്വേഷണം അനിവാര്യം'; ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റ് വിദ്യാർഥികളെയും ഉടൻ വിട്ടയക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Madism Desk

ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

സിജെപി ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിക്കുന്ന ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നീക്കം. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും ഡൽഹി ഉൾപ്പെടെ ഏഴ് സംസ്ഥാന സർക്കാരുകളോടും കോടതി മറുപടി തേടിയിട്ടുണ്ട്.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് പരമോന്നത കോടതി തടഞ്ഞു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ പൊലീസിന് കേസുകൾ രജിസ്റ്റർ ചെയ്യാമെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചു. കൂടാതെ, സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രായപൂർത്തിയാകാത്തവരെ ഉടനടി മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്നാൽ, പൂർവകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ഈ ആശ്വാസം ബാധകമായിരിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് നടപടിയെക്കുറിച്ച് സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ ഒരു ഉയർന്ന തല അന്വേഷണ സംഘത്തെ നിയമിക്കുന്നത് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവിമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ സർക്കാരുകളുടെയും കേന്ദ്രത്തിന്റെയും വിശദീകരണം ലഭിച്ച ശേഷമായിരിക്കും സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കുന്നത് സംബന്ധിച്ച് കോടതി അന്തിമ തീരുമാനമെടുക്കുക.

സമരസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ റെക്കോർഡിങ്ങുകൾ, ബോഡി ക്യാമറ ദൃശ്യങ്ങൾ, പൊലീസ് വയർലെസ് സംഭാഷണങ്ങൾ തുടങ്ങിയ എല്ലാ തെളിവുകളും സുരക്ഷിതമായി സംരക്ഷിക്കണമെന്ന് അധികൃതർക്ക് കോടതി നിർദേശം നൽകി. ഇതുകൂടാതെ, പൊലീസ് ശേഖരിച്ച പ്രതിഷേധക്കാരുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റൽ രേഖകളോ യാതൊരു കാരണവശാലും പൊതുമധ്യത്തിൽ ലഭ്യമാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് കർശനമായി ഉത്തരവിട്ടു.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി സമരരംഗത്തിറങ്ങിയത്. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ പൊലീസും റാംപിഡ് ആക്ഷൻ ഫോഴ്സും നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകളും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതായി ഹർജികളിൽ ചൂണ്ടിക്കാണിക്കുന്നു. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും. അന്നേദിവസം പ്രസ്തുത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

The Supreme Court stated that an independent investigation is necessary to fix accountability regarding the alleged police excesses during recent student protests against paper leaks. Hearing petitions concerning police crackdowns at Jantar Mantar in Delhi and various other cities, a bench led by Chief Justice Surya Kant sought responses from the Centre and seven state governments (including Delhi, Maharashtra, Bihar, Kerala, Madhya Pradesh, Uttar Pradesh, and Assam) regarding the excessive use of force.