India

പ്രതിപക്ഷത്തിന്റെ നിവേ​ദനം സുപ്രീം കോടതി സ്വീകരിക്കില്ല; കേസ് പരി​ഗണനയിലിരിക്കെ നേതാക്കളെ കാണുന്നത് ഉചിതമല്ലെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ നേതാക്കളെ കാണുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ നീക്കത്തിന് അനുമതി ലഭിച്ചില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിവേദനം നൽകാൻ ഉദ്ദേശിക്കുന്നതെന്നും അതിനാൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് കത്തിൽ വ്യക്തമാക്കി. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി എപ്പോൾ വേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷം ഹർജി സമർപ്പിച്ചാൽ നിലവിൽ പരിഗണനയിലുള്ള കേസിനൊപ്പം അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക പ്രമേയം കേരള നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരള നിയമസഭയിൽ ഇന്ന് നിർണായക പ്രമേയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക പ്രമേയം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുന്നത്. എൽഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചപ്പോൾ ബിജെപി ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.

ഡൽഹിയിൽ വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി-യുവജന സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി എസ്‌എഫ്‌ഐ വീണ്ടും പൊലീസിനെ സമീപിക്കുമെന്നാണ് വിവരം. ഇന്ത്യാ സഖ്യത്തിന്റെ യോഗവും ഇന്ന് നടക്കും. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് തടയാൻ സർക്കാർ നടപടിയെടുക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച അവധി ദിവസത്തിലും പ്രതിഷേധം ശക്തമായിരുന്നു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എഐഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കിടെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന ആരോപണവും ഉയർന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത രീതിയെയും അവരെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളിലെ സൗകര്യങ്ങളെയും സംഘടനാ നേതാക്കൾ വിമർശിച്ചു. വാഹനത്തിനുള്ളിൽവെച്ചും മർദനമുണ്ടായെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു.

കൊണാട്ട് പ്ലേസിൽ സംഘർഷം; ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തു

ഡൽഹിയിലെ നിയന്ത്രണങ്ങൾ നീക്കുകയും മെട്രോ സ്റ്റേഷനുകൾ വീണ്ടും തുറക്കുകയും ചെയ്തതോടെ വിവിധയിടങ്ങളിൽ പ്രതിഷേധം പുനരാരംഭിച്ചു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് സമീപം രാവിലെ 11.30ഓടെ എഐഎസ്എഫിന്റെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിലാണ് സമരം നടന്നത്. പ്രതിഷേധക്കാർ ഇന്നർ സർക്കിളിലേക്ക് കടന്നതോടെ അവരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമം സംഘർഷത്തിലേക്ക് നയിച്ചു.

പ്രവർത്തകരെ ബസുകളിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചു. ചിലർ പൊലീസിനെ വെട്ടിച്ച് ഓടിയതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ ജോൺ ബ്രിട്ടാസ് എംപിയും ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.

പിന്നീട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം വഴിയിൽ ഇറക്കിവിടുകയായിരുന്നു. പൊലീസ് മർദിച്ചെന്നും ബ്രിട്ടാസ് ആരോപിച്ചു. ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ തെരുവുകളിലെ പ്രതിഷേധവും കേരള നിയമസഭയിലെ പ്രമേയനീക്കവും ഒരേസമയം സജീവമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ നീക്കം ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. സുപ്രീം കോടതിയിലേക്കുള്ള മാർച്ചും നിയമസഭയിലെ ചർച്ചകളും വിഷയത്തിൽ വരുംദിവസങ്ങളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

The Chief Justice has stated that the Supreme Court will not accept the opposition’s memorandum. Protests are intensifying in Delhi and the Kerala Assembly over the demand for Chief Election Commissioner Gyanesh Kumar’s resignation. The opposition has decided to march to the Supreme Court and introduce a resolution in the Kerala Assembly.