2024-ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 1.5 ശതമാനത്തിന്റെ കുറവ് വന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. ആകെ 4.41 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷം സ്ത്രീകള്‍ക്കിടയിലെ കുറ്റകൃത്യ നിരക്ക് 66.2-ല്‍ നിന്ന് 64.6 ആയി കുറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. 2022-ല്‍ 1,62,449 ആയിരുന്ന കേസുകള്‍ 2023-ല്‍ 1,77,335 ആയും 2024-ല്‍ 1,87,702 ആയും ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 2024-ല്‍ 4,23,759 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023ല്‍ 4,30,164 കേസുകളും 2022-ല്‍ 4,26,433 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 17,775 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. 66,398 കേസുകളുമായി ഉത്തര്‍പ്രദേശ് പട്ടികയില്‍ ഒന്നാമതായി തുടരുന്നു. ഏറ്റവും കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് നാഗാലാന്‍ഡിലാണ് (56 കേസുകള്‍).
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് (13,396) ഏറ്റവും കൂടുതല്‍ കേസുകള്‍. ലക്ഷദ്വീപില്‍ 13 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളില്‍ ഏറ്റവും വലിയ പങ്കും കുടുംബങ്ങളില്‍ നിന്നുള്ള പീഡനങ്ങളാണ്. മൊത്തം കേസുകളില്‍ ഏറ്റവും കൂടുതല്‍ (28.4%) ഭര്‍ത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതകളാണ് (14,376 കേസുകള്‍). സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട 10,142 കേസുകള്‍ (20.1%) രണ്ടാം സ്ഥാനത്തുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍
ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24,495 കേസുകള്‍. 2022-ല്‍ 22,066-ഉം 2023-ല്‍ 23,678-ഉം ആയിരുന്നിടത്തുനിന്നാണ് ഈ വര്‍ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ കുറ്റകൃത്യങ്ങളുടെ എണ്ണം തുടര്‍ച്ചയായി കൂടിവരികയാണ്. തമിഴ്നാട്ടില്‍ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. 2023-ലെ 8,943-ല്‍ നിന്ന് 2024-ല്‍ 11,363 ആയി ഉയര്‍ന്നു. ആന്ധ്രാപ്രദേശില്‍ 19,952-ഉം കര്‍ണാടകയില്‍ 19,945-ഉം കേരളത്തില്‍ 15,037-ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബലാത്സംഗ കേസുകള്‍
2024-ല്‍ ഇന്ത്യയിലുടനീളം ആകെ 29,536 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 28,091 കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലും 1,445 കേസുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനങ്ങളില്‍ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് (4,871), തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശുമുണ്ട് (3,209). ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സിക്കിമിലാണ് (7). കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയില്‍ 1,058 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഡാക്കില്‍ ഒരു കേസ് മാത്രമാണ് രേഖപ്പെടുത്തിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 1,148 ബലാത്സംഗ കേസുകളുമായി തെലങ്കാനയാണ് മുന്നില്‍. കേരളത്തില്‍ 940-ഉം, കര്‍ണാടകയില്‍ 671-ഉം, ആന്ധ്രാപ്രദേശില്‍ 441-ഉം, തമിഴ്നാട്ടില്‍ 419-ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ ബലാത്സംഗ കേസുകളില്‍ 28,752 ഇരകളും 18 വയസ്സിനോ അതിനുമുകളിലോ പ്രായമുള്ളവരായിരുന്നു. 784 കേസുകളില്‍ ഇരകള്‍ 18 വയസ്സില്‍ താഴെയുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതേ വര്‍ഷം തന്നെ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ശേഷമുള്ള കൊലപാതകങ്ങള്‍ 784 എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം കേസുകള്‍ നടന്നത് (275). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 47 കേസുകളുമായി ചണ്ഡീഗഢ് ആണ് മുന്നില്‍. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട 48,303 കേസുകള്‍ രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 382 ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 15,346 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 263 കേസുകളില്‍ ഇരകള്‍ പെണ്‍കുട്ടികളായിരുന്നു. ഇതിനുപുറമെ, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 9,865 കേസുകളും ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീധന പീഡന മരണങ്ങള്‍
സ്ത്രീധന പീഡന മരണങ്ങള്‍ ഇന്നും രാജ്യത്ത് ഒരു ദാരുണമായ യാഥാര്‍ത്ഥ്യമായി തുടരുന്നു. 2024-ല്‍ ആകെ 5,737 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5,618 എണ്ണം സംസ്ഥാനങ്ങളിലും 119 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. 2,038 മരണങ്ങളുമായി ഉത്തര്‍പ്രദേശ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് (144). കര്‍ണാടക (112), ആന്ധ്രാപ്രദേശ് (71), തമിഴ്നാട് (7) എന്നിവയാണ് തൊട്ടുപിന്നാലെ. കേരളത്തില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, ഭര്‍ത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതകളുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ 1,20,227 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2022-ല്‍ 1,62,449 ആയിരുന്ന കേസുകള്‍ 2023-ല്‍ 1,77,335 ആയും 2024-ല്‍ 1,87,702 ആയും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10,367 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (24,171). ഉത്തര്‍പ്രദേശ് (22,222) തൊട്ടുപിന്നിലുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് (7,662) ഏറ്റവും കൂടുതല്‍ കേസുകള്‍. ദക്ഷിണേന്ത്യയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ തമിഴ്നാടാണ് (10,046) മുന്നില്‍. കര്‍ണാടക (9,568), തെലങ്കാന (6,767), കേരളം (5,929), ആന്ധ്രാപ്രദേശ് (2,633) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
English Summary: According to the 2024 report by the National Crime Records Bureau, crimes against women in India fell slightly by 1.5%, with 4.41 lakh cases reported nationwide. However, crimes against children continued to rise sharply for the third consecutive year. Uttar Pradesh recorded the highest number of crimes against women, while Nagaland reported the lowest. In South India, Telangana registered the highest number of crimes against women as well as rape cases.