പണമോ സ്വർണ്ണമോ വിലപിടിപ്പുള്ള സാധനങ്ങളോ ഒക്കെ മോഷ്ടിക്കുന്ന കള്ളന്മാരെ കണ്ടിട്ടുണ്ട്. ബിഹാറിലെ കള്ളന്മാർ പക്ഷേ, കുറച്ചു കൂടി 'ഉയർന്ന' ചിന്താഗതിക്കാരാണ്! അവർക്ക് ഈ ചില്ലറ മോഷണത്തിലൊന്നും വലിയ താത്പര്യമില്ല. കുറഞ്ഞത് ഒരു 132 അടി ഉയരമുള്ള മൊബൈൽ ടവറെങ്കിലും വേണം.
ബക്സറിലെ ഡുംറാവോൺ എന്ന സ്ഥലത്താണ് ഈ വിചിത്രമായ മോഷണം നടന്നത്. ജനവാസ കേന്ദ്രത്തിന് നടുവിൽ തലയുയർത്തി നിന്നിരുന്ന 132 അടി ഉയരമുള്ള കൂറ്റൻ മൊബൈൽ ടവറാണ് കള്ളന്മാർ അപ്പാടെ 'അപ്രത്യക്ഷമാക്കിയത്'. അതും പോരാഞ്ഞ് അവിടെയുണ്ടായിരുന്ന 15 KVA ജനറേറ്ററും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും അവർ കൂളായി കൊണ്ടുപോയി!
ഏകദേശം 15 വർഷം മുൻപാണ് ഈ മൊബൈൽ ടവർ ഇവിടെ സ്ഥാപിച്ചതെന്ന് പ്രദേശവാസികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി ടവർ പ്രവർത്തനരഹിതമായിരുന്നു.
ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ഒരു ദിവസം കൊണ്ടൊന്നുമല്ല ഈ ടവർ അവർ അഴിച്ചെടുത്തത്. ദിവസങ്ങളെടുത്ത്, ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ വളരെ സാവധാനത്തിലാണ് അവർ ഓരോ ഇരുമ്പ് പാളികളും അഴിച്ചുമാറ്റിയത്. അതും ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്ത് നിന്ന്. ടവർ പൊളിച്ചുനീക്കാൻ എത്തിയവർ കമ്പനിയുടെ ഉദ്യോഗസ്ഥരോ കരാറുകാരോ ആണെന്നാണ് പ്രദേശവാസികൾ കരുതിയത്. വർഷങ്ങളായി പ്രവർത്തിക്കാതിരുന്ന ഈ ടവർ നന്നാക്കാൻ GTL ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാകുന്നത്. ആകാശത്തേക്ക് നോക്കിയ ഉദ്യോഗസ്ഥർ കണ്ടത് വെറും ശൂന്യത. അവിടെ ടവറുമില്ല, ജനറേറ്ററുമില്ല.
ഇത്രയും വലിയൊരു ടവർ പകൽ വെളിച്ചത്തിൽ ആരും കാണാതെ പൊളിച്ചു മാറ്റാൻ അവർക്ക് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമാണ് ഇപ്പോൾ നാട്ടുകാർക്കിടയിൽ ഉയരുന്നത്. സംഭവത്തിൽ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ ഭൂവുടമയെയും ഇതുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും ചോദ്യം ചെയ്യുമെന്ന് എസ് പി അറിയിച്ചു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ, സംഭവത്തിൽ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭൂവുടമ ഹരേനാഥ് യാദവ് രംഗത്തെത്തി. ഏകദേശം 10 വർഷം മുൻപാണ് ടവർ സ്ഥാപിക്കാൻ കമ്പനിയുമായി കരാർ ഒപ്പിട്ടതെന്ന് ഹരേനാഥ് യാദവ് പറയുന്നു. എന്നാൽ 2022-ൽ കരാർ കാലാവധി അവസാനിച്ചു. അതിനുശേഷം ഭൂമിയുടെ വാടക നൽകുന്നത് കമ്പനി നിർത്തിവച്ചു. നാല് തവണ താൻ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് ടവർ അപ്രത്യക്ഷമായ വിവരം താൻ അറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം 15 വർഷം മുൻപാണ് ഈ മൊബൈൽ ടവർ ഇവിടെ സ്ഥാപിച്ചതെന്ന് പ്രദേശവാസികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി ടവർ പ്രവർത്തനരഹിതമായിരുന്നു.
ഭൂവുടമയുടെയും മറ്റ് ബന്ധപ്പെട്ട വ്യക്തികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. കരാർ അവസാനിച്ചിട്ടും കമ്പനി മൗനം പാലിച്ചത് എന്ത് കൊണ്ടാണെന്നും, ടവർ നീക്കം ചെയ്യാൻ ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബിഹാറിൽ നിന്നുള്ള വിചിത്രമായ മോഷണ വാർത്തകൾ ഇത് ആദ്യത്തെ സംഭവമല്ല. നിയമപാലകരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഇത്തരം മോഷണങ്ങൾ ബിഹാറിൽ ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ൽ, റോഹ്താസ് ജില്ലയിലെ ദേഹരി-ഓൺ-സോണിൽ വെച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച, 60 അടി നീളവും 500 ടൺ ഭാരവുമുള്ള ഒരു പഴയ റെയിൽവേ പാലം മോഷ്ടാക്കൾ . സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന വേഷം ധരിച്ചെത്തിയ സംഘം, ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ദിവസങ്ങളോളം ജോലി ചെയ്താണ് പാലം പൊളിച്ചു കടത്തിയത്. ആരും ഈ കള്ളന്മാരെ സംശയിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.
സമാസ്തിപൂർ ജില്ലയിൽ 2023 ഫെബ്രുവരിയിൽ ഉണ്ടായ സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം 2 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കുകളും അതിലെ ഇരുമ്പ് സാമഗ്രികളും അജ്ഞാതരായ മോഷ്ടാക്കൾ അപ്പാടെ അഴിച്ചുമാറ്റി കൊണ്ടുപോയി.
ഈ കേസുകളിലെല്ലാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, പ്രതികളെ പിടികൂടുന്നതിലോ മോഷണം പോയ വസ്തുക്കൾ കണ്ടെത്തുന്നതിലോ പൊലീസ് പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. ഈ മോഷണ പരമ്പരകൾ ബിഹാറിലെ സുരക്ഷാ സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബക്സറിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവർ കൂടി അപ്രത്യക്ഷമായിരിക്കുന്നത്.
In an extraordinary incident in Bihar’s Buxar district, a 132-foot-tall mobile tower has been reported stolen. The bizarre theft occurred in the Dumraon area, where both the massive steel structure and a 15 KVA generator vanished from the site. The disappearance was discovered when officials and employees from GTL Infrastructure arrived to conduct repairs on the tower, which had been non-operational for several years.