ഉത്തരേന്ത്യയിലെ കാലാവസ്ഥാ കെടുതികളില്‍ ഉത്തര്‍ പ്രദേശില്‍ മരണം ഉയരുന്നു. സംസ്ഥാനത്ത് പെയ്ത കനത്ത മഴയിലും ഇടിമിന്നലും ഉണ്ടാക്കിയ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നൂറ് പിന്നിട്ടു. പ്രയാഗ് രാജ് മേഖലയാണ് മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മേഖലയില്‍ മാത്രം 21 മരണങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭദോഹി -18, മിര്‍സാപൂര്‍- 15, ഫത്തേപൂരില്‍- 10, ഉന്നാവോ, ബദൗണി എന്നിവിടങ്ങളില്‍ ആറ് വീതവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതാപ്ഗഡിലും ബറേലിയിലും നാല് പേരും സിതാപൂര്‍, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും മഴക്കെടുതികളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. കാണ്‍പൂര്‍ ദേഹത്ത്, ഹര്‍ദോയ്, സംഭാല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗശാമ്പി, ഷാജഹാന്‍പൂര്‍, സോന്‍ഭദ്ര, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ ഓരോ പേരും മരിച്ചു.
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം
ബുധനാഴ്ച വൈകീട്ട് കാലാവസ്ഥലയിലുണ്ടായ അപ്രതീക്ഷിതമായ മാറ്റമാണ് സംസ്ഥാനത്തെ വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊടിക്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ശക്തിയേറിയ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകുകയും വലിയ ഫോര്‍ഡിങ്ങുകള്‍ തകര്‍ന്നു വീണതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകരുന്ന സംഭവം ഉള്‍പ്പെടെ ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കൊടുങ്കാറ്റിന്റെ ശക്തി വ്യതക്തമാക്കുന്ന വിഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ബറേലിയിലെ ബാമിയാന ഗ്രാമത്തില്‍ ശക്തമായ കാറ്റില്‍ തകര്‍ന്ന തകര ഷെഡിനൊപ്പം അന്തരീക്ഷത്തിലെ വായുവില്‍ ഉയര്‍ന്നു പൊങ്ങി വലിയ ദൂരത്തേക്ക് തെറിച്ചുവീഴുന്ന വ്യക്തിയുടേത് ഉള്‍പ്പെടെയാണ് വീഡിയോകള്‍.
കാലാവസ്ഥയില്‍ സംഭവിച്ചത്
ശക്തമായ ഇടിമിന്നലും കാറ്റിന്റെ വേഗതയിലെ ശക്തമായ, പെട്ടെന്നുള്ള വര്‍ദ്ധനവും കൂടിച്ചേരുന്ന പ്രക്ഷുബ്ധമായ തണ്ടര്‍സ്‌ക്വാള്‍ എന്ന സാഹചര്യമാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാശം വിതച്ചത് എന്നാണ് പറയുന്നത്. കനത്ത മഴ, അപകടകരമായ ഇടിമിന്നല്‍, അതിയായ വേഗതയിലും ദീര്‍ഘസമയം് നീണ്ടുനില്‍ക്കുകയും ചെയ്യുന്ന ശക്തമായ കാറ്റ് എന്നിവയാണ് ഈ സാഹചര്യത്തിന്റെ പ്രത്യേകത.
ചുട്ടുപൊള്ളുന്ന ഭൂമിയും ആകാശത്തെ തണുത്ത വായുവും രൂപം കൊള്ളുന്ന തീവ്രമായ താപനില വ്യത്യാസമാണ് ഇത്തരം സാഹചര്യത്തിന് നയിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രദേശങ്ങളില്‍ മെയ് മാസത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമായിരിക്കും. ചുട്ടുപൊള്ളുന്നു ഭൂമിക്കടുത്തുള്ള ആ ചൂടായ വായു വേഗത്തില്‍ ഉയരുകയും ചെയ്യുന്നു. ഇതോടൊപ്പം ആകാശത്തെ തണുത്തതും ഈര്‍പ്പം നിറഞ്ഞതുമായ വായുവിനെ വലിച്ചെടുക്കുന്ന നിലയുണ്ടാകുന്നു. ഈ കൂട്ടിയിടി ക്യുമുലോനിംബസ് എന്നറിയപ്പെടുന്ന ശക്തമായ മേഘങ്ങള്‍ സൃഷ്ടിക്കുന്നു. മിന്നല്‍, ആലിപ്പഴം, കൊടുങ്കാറ്റ് എന്നിവയ്ക്ക് കാരണമാകുന്നതും ഇതേ ക്യുമുലോനിംബസ് മേഘങ്ങളാണ്.
പ്രതിഭാസത്തിന്റെ ഭാഗമായി ക്യുമുലോനിംബസ് മേഘങ്ങള്‍ തകരുകയും, തണുത്ത വായുപ്രവാഹം ഭൂമിയിലേക്ക് നീങ്ങുകയും അതിശക്തമായ വേഗതയില്‍ പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രൂപം കൊള്ളുന്ന കാറ്റ് പൊടി നിറഞ്ഞ ഒരു ഭീകരജീവിയാക്കി മാറ്റുകയും ചെയ്യുന്നു. കൊടുങ്കാറ്റും പൊടിയും പെട്ടെന്നുള്ള ഇരുട്ടിനും കാരണമായേക്കും.
English Summery: At least 89 people were killed after a powerful thundersquall struck multiple districts of Uttar Pradesh, triggering strong winds, lightning, heavy rain, and dust storms. Several homes collapsed, trees were uprooted, and electricity and communication networks were disrupted across affected regions. Authorities have launched relief operations while weather experts linked the disaster to intense pre-monsoon heat and a Western Disturbance system over north India.