India

'എത്ര ഉയർന്നാലും ഇതൊരു തീരാമുറിവ്'; കരൂരിലെ ആ കറുത്ത അധ്യായത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വിജയ്‌യുടെ യാത്ര

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുന്നതിന് മുൻപ് തന്നെ വിജയ് ചെന്നൈയിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ മടങ്ങിയത് വലിയ വിവാദമായി

Madism Desk

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്ന കരൂരിലേക്ക്, തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ മടങ്ങിവരവ് തികച്ചും വൈകാരികമായിരുന്നു. വോട്ട് ചോദിച്ചെത്തിയ ഒരു പ്രതിപക്ഷ നേതാവായിട്ടല്ല, മറിച്ച് ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാനാണ് മുഖ്യമന്ത്രിയായി തിരിച്ചെത്തിയത്.

കരൂരിലെ അറ്റ്‌ലസ് കലയരങ്ങിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവേ വിജയ് വികാരാധീനനായി. "ഒരാൾ ജീവിതത്തിൽ എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും, ഉണങ്ങാത്ത ചില വലിയ മുറിവുകൾ ബാക്കിയുണ്ടാകും. എന്റെ ജീവിതത്തിൽ കരൂർ ദുരന്തം അത്തരത്തിലൊന്നാണ്. നമ്മുടെ സഹോദരിമാരുടെ മക്കളെയാണ് അന്ന് നമുക്ക് നഷ്ടപ്പെട്ടത്," അദ്ദേഹം പറഞ്ഞു.

അന്ന് തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും മുഖ്യമന്ത്രിയായുള്ള ഈ ആദ്യ സന്ദർശനത്തിൽ വിജയ് മറുപടി നൽകി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും അക്കാര്യം തന്നെയറിയിക്കാനോ, പരിപാടി റദ്ദാക്കാനോ പൊലീസ് തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്നത്തെ ഭരണകക്ഷിയായിരുന്ന ഡിഎംകെ ഈ ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും വിജയ് തുറന്നടിച്ചു. അന്ന് ഭയന്നോടിയവനെന്ന് മുദ്രകുത്തിയവർക്ക് മുന്നിൽ, ഒരു പുതിയ ഭരണസംവിധാനം കാഴ്ചവച്ചുകൊണ്ടാണ് വിജയ് മറുപടി നൽകുന്നത്.

"ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കാനാണ്. പണത്തേക്കാൾ എനിക്ക് വലുത് എന്റെ ജനങ്ങളാണ്," വിജയ് പറഞ്ഞു നിർത്തുമ്പോൾ, കരൂർ അക്ഷരാർത്ഥത്തിൽ ആ ഭരണാധികാരിയെ നെഞ്ചേറ്റുകയായിരുന്നു. ഒരു ദുരന്തഭൂമിയിൽ നിന്ന്, തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ആ യാത്രയുടെ പൂർത്തീകരണം കൂടിയായിരുന്നു ഈ സന്ദർശനം.

കരൂരിലെ ആ കറുത്ത ദിനം

2025 സെപ്റ്റംബർ 21-നാണ് തമിഴ്നാടിനെ നടുക്കിയ കരൂർ ദുരന്തം സംഭവിക്കുന്നത്. ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിലും അനേകമിരട്ടി ജനങ്ങളായിരുന്നു. ഏകദേശം 15,000 പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകർ അധികാരികളെ അറിയിച്ചിരുന്നത്. എന്നാൽ നാമക്കലിലെ പ്രചാരണം കഴിഞ്ഞ് വിജയ് എത്തുമ്പോൾ, അയ്യായിരത്തിലധികം പേർ അവിടെ നിന്ന് തന്നെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇതോടെ കരൂരിലെ സമ്മേളന നഗരി ജനസമുദ്രമായി മാറി.

വിജയ് വേദിയിലെത്താൻ ഏകദേശം ആറ് മണിക്കൂറോളം വൈകി. ചുട്ടുപൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം കാത്തുനിന്ന പലരും നിർജലീകരണം മൂലം കുഴഞ്ഞുവീണു. അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളം പോലുമോ ഇല്ലാതെ ജനങ്ങൾ വലഞ്ഞു. തങ്ങളുടെ പ്രിയ താരത്തെ ഒരുനോക്ക് കാണാനായി പലരും മരങ്ങളിലും മതിലുകളിലും അടുത്തുള്ള കെട്ടിടങ്ങളിലും വലിഞ്ഞുകയറി. ഇതിനിടയിൽ ചില താൽക്കാലിക നിർമിതികൾ തകർന്നുവീണത് പരിഭ്രാന്തി സൃഷ്ടിച്ചു. അതൊരു വലിയ തിക്കിലും തിരക്കിലും കലാശിച്ചു. അന്നത്തെ ആ രാത്രി അവസാനിക്കുമ്പോൾ 41 മനുഷ്യജീവനുകളാണ് അവിടെ പൊലിഞ്ഞത്. 110-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

"പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടുന്ന ഒരാൾക്ക് എങ്ങനെ മികച്ച ഭരണം കാഴ്ചവയ്ക്കാനാകും? സിനിമയിലെ ജനപ്രീതി ഭരണത്തിലേക്ക് പരിഭാഷപ്പെടുത്താനാവില്ല," എന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ രാമു മണിവണ്ണൻ അന്ന് വിമർശിച്ചു.

വിമർശനങ്ങളുടെ കൂരമ്പുകൾ

ഒരു നവാഗത രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തന്നെ അവസാനിപ്പിക്കാൻ പോന്നത്ര വലിയോരു ദുരന്തമായിരുന്നു അത്. വിജയ്‌യുടെ വരവ് വൈകിയതാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന് വ്യാപകമായി വിമർശനമുയർന്നു. മോശം പ്ലാനിങും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചയുമാണ് അപകടകാരണമെന്ന് രാഷ്ട്രീയ എതിരാളികളും വിദഗ്ധരും ആരോപിച്ചു.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുന്നതിന് മുൻപ് തന്നെ വിജയ് ചെന്നൈയിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ മടങ്ങിയത് വലിയ വിവാദമായി. വിമാനത്താവളത്തിലോ വീട്ടിലെത്തിയ ശേഷമോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് വിലയിരുത്തപ്പെട്ടു. "പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടുന്ന ഒരാൾക്ക് എങ്ങനെ മികച്ച ഭരണം കാഴ്ചവയ്ക്കാനാകും? സിനിമയിലെ ജനപ്രീതി ഭരണത്തിലേക്ക് പരിഭാഷപ്പെടുത്താനാവില്ല," എന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ രാമു മണിവണ്ണൻ അന്ന് വിമർശിച്ചു.

പൊലീസ് ടിവികെയുടെ പല മുതിർന്ന നേതാക്കൾക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് വിജയ് അന്ന് അനുശോചനം രേഖപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിസന്ധിയെ മറികടന്ന തന്ത്രം

കരൂർ ദുരന്തം വിജയ്‌യുടെ രാഷ്ട്രീയ ശൈലിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ദിവസങ്ങൾക്കുശേഷം വളരെ വികാരഭരിതമായ ഒരു വീഡിയോയിലൂടെ വിജയ് ജനങ്ങൾക്ക് മുന്നിലെത്തി. "എല്ലാ സത്യങ്ങളും ഉടൻ പുറത്തുവരും. എന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ അനുഭവമാണിത്. എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുകയാണ്," എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.

കരൂരിലേക്ക് നേരിട്ട് പോകുന്നതിന് പകരം, മരിച്ചവരുടെ കുടുംബാംഗങ്ങളെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് അദ്ദേഹം ആശ്വസിപ്പിച്ചു. ഈ ദുരന്തം ടിവികെയുടെ സംഘടനാ രീതികളിലും മാറ്റം വരുത്തി. വലിയ റാലികൾ ഒഴിവാക്കി, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നു. വളരെ കരുതലോടെയാണ് പിന്നീട് വിജയ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.

മുഖ്യമന്ത്രിയുടെ മടങ്ങിവരവ്

ഇന്ന് തമിഴ്നാടിന്റെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞിരിക്കുന്നു. അന്ന് പ്രതിക്കൂട്ടിൽ നിന്ന പ്രതിപക്ഷ നേതാവ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ഭരണാധികാരി എന്ന നിലയിൽ ആദ്യമായാണ് അദ്ദേഹം ഇപ്പോൾ കരൂർ സന്ദർശിക്കുന്നത്. ഇതൊരു ഔദ്യോഗിക സന്ദർശനത്തിനപ്പുറം വൈകാരികമായ ഒരു മടങ്ങിവരവ് കൂടിയാണ്.

കൃഷ്ണരായപുരത്തിനടുത്തുള്ള മണവാസിയിൽ 1,700 കോടി രൂപയുടെ വ്യവസായ പദ്ധതിക്ക് തറക്കല്ലിടുന്നതിനൊപ്പം, മറ്റൊരു പ്രധാന ദൗത്യം കൂടി അദ്ദേഹത്തിനുണ്ട്. അന്ന് ദുരന്തത്തിൽ മരിച്ച 32 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനുള്ള ഉത്തരവ് അദ്ദേഹം നേരിട്ട് കൈമാറും. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികകളിലാകും നിയമനം.

ഒന്നര വയസ്സുള്ള തന്റെ മകൻ ധ്രുവനെ നഷ്ടപ്പെട്ട വിമൽ ഉൾപ്പെടെയുള്ളവർക്ക് ഈ ജോലി വലിയൊരു ആശ്വാസമാണ്. അന്ന് നൽകിയ വാക്ക് പാലിക്കാനായി വിജയ് മടങ്ങിയെത്തുമ്പോൾ, 'തളപതി' വാക്ക് പാലിച്ചു എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികൾ വിശ്വസിക്കുന്നത്.

കരൂരിലെ മുറിവുകൾ പൂർണ്ണമായും ഉണക്കാൻ ഒരുപക്ഷേ ഈ സന്ദർശനം കൊണ്ട് കഴിഞ്ഞേക്കില്ല. സിനിമയിലെ താരപരിവേഷം യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുമ്പോഴുണ്ടാകുന്ന വലിയ അപകടങ്ങളുടെ ഓർമപ്പെടുത്തലായി ആ ദുരന്തം എക്കാലവും നിലനിൽക്കും. എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായത്തെ, ഒരു ഭരണാധികാരിയുടെ പക്വതയോടെ നേരിടാൻ വിജയ്ക്ക് കഴിയുന്നു എന്നത് തന്നെയാണ് ഈ മടങ്ങിവരവിന്റെ പ്രത്യേകത. പ്രതിസന്ധികളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഒരു യഥാർത്ഥ നേതാവിന്റെ ലക്ഷണമെന്ന് വിജയ് തെളിയിക്കുകയാണ്.

Nearly a year after the tragic Karur stampede that claimed 41 lives during a Tamilaga Vettri Kazhagam (TVK) election rally, actor-turned-politician Vijay returned to the district for the first time, not as an opposition candidate seeking votes, but as the newly elected Chief Minister of Tamil Nadu. The September 2025 disaster, triggered by massive over-crowding and a six-hour delay in Vijay's arrival, had initially drawn severe criticism from opponents who labeled him insensitive for leaving the site on a chartered flight without addressing the media.