ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റങ്ങളിലും ഉപകരണങ്ങൾ പിടിച്ചെടുത്തതിലും സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിം കോടതി. എല്ലാവരും തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെടാൻ തുടങ്ങിയാൽ അത് പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. എല്ലാവരും മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെടുന്നത് മറ്റ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ, മാധ്യമപ്രവർത്തകരെ വിവിധ വിഭാഗങ്ങളായി തിരിക്കാമെന്നും, അതിൽ ചില വിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമായി വന്നേക്കാമെന്നുമായിരുന്നു സുപ്രിം കോടതി ഇന്നലെ വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ, 'ആരാണ് മാധ്യമപ്രവർത്തകൻ' എന്ന വിഷയത്തിൽ തങ്ങൾ ഒരു തീർപ്പുകൽപ്പിക്കാൻ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
"ഞങ്ങൾ അതിൽ തീരുമാനമെടുക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്തെ ഓരോ പൗരനെയും ഒരു മാധ്യമപ്രവർത്തകനാകാൻ പ്രാപ്തരാക്കുന്നുണ്ടോ എന്നത് വളരെ വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. അതൊരു സങ്കീർണ്ണമായ വിഷയമാണ്. മാധ്യമപ്രവർത്തകർക്കിടയിൽ വിവിധ തലങ്ങളുണ്ടാകം - അംഗീകൃത മാധ്യമപ്രവർത്തകർ, പ്രസ് കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്ത മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സ്വതന്ത്ര മാധ്യമപ്രവർത്തകർ, അല്ലെങ്കിൽ ഇൻഫ്ലുവൻസർമാർ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. മാധ്യമപ്രവർത്തകർക്കിടയിൽ ഇത്തരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെന്ന കാര്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്, ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്," ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. മൊബൈൽ ഫോൺ കയ്യിലുള്ള എല്ലാവരും മാധ്യമപ്രവർത്തകരാണെന്ന് അവകാശപ്പെടുന്ന ഡിജിറ്റൽ കാലത്ത്, യഥാർത്ഥ മാധ്യമപ്രവർത്തകർ ആരാണെന്നും പ്രതിഷേധ സ്ഥലങ്ങളിൽ കേവലം റീൽ ഉണ്ടാക്കുന്നവർ ആരാണെന്നും തിരിച്ചറിയുക ബുദ്ധിമുട്ടാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതിനാൽ എല്ലാ വനിതാ മാധ്യമപ്രവർത്തകർക്കും ഒട്ടാകെയുള്ള സംരക്ഷണം നൽകുന്നതിനെ അദ്ദേഹം എതിർത്തു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക നിരീക്ഷണം ഉണ്ടായത്. സ്വതന്ത്ര മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് അംഗീകരിക്കുന്നില്ലെന്നും, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കുകയാണെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് കോടതിയെ അറിയിച്ചു.
പൗരന്മാർക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം അവരെ ഒരു മാധ്യമപ്രവർത്തകനാകാൻ പ്രാപ്തരാക്കുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ട സങ്കീർണ്ണമായ വിഷയമാണെന്നും, ഇതിൽ ഉചിതമായ ഘട്ടത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന ഗുരുതര ആരോപണം ഇന്ദിര ജെയ്സിങ് ഉന്നയിച്ചു. പകരം മാധ്യമപ്രവർത്തകയുടെ വായടപ്പിക്കാൻ അവർക്കെതിരെ എസ്സി/എസ്ടി നിയമപ്രകാരം പൊലീസ് കള്ളക്കേസ് എടുത്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ ആരോപണം അത്യന്തം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ്, ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഉത്തരവിട്ടു. നിയമപരമായ എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും അത് നേരിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
കുറ്റാരോപിതരായ ലോക്കൽ പൊലീസ് തന്നെ ഈ സംഭവം അന്വേഷിക്കുന്നതിനെ ഹർജിക്കാർ എതിർത്തതിനെത്തുടർന്ന്, ഭൂരിഭാഗം വനിതകൾ ഉൾപ്പെടുന്ന ഒരു പ്രത്യേക കമ്മിറ്റിയെക്കൊണ്ട്
കുറ്റാരോപിതരായ ലോക്കൽ പൊലീസ് തന്നെ ഈ സംഭവം അന്വേഷിക്കുന്നതിനെ ഹർജിക്കാർ എതിർത്തിനെ തുടർന്ന് ഭൂരിഭാഗം വനികൾ ഉൾപ്പെടുന്ന ഒരു പ്രത്യേക കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി ഉറപ്പുനൽകി. പരാതിക്കാരിയായ മാധ്യമപ്രവർത്തകക്കെതിരെ നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ യാതൊരുവിധ നടപടികളും പാടില്ലെന്നും കോടതി കർശന നിർദ്ദേശം നൽകി.
The Supreme Court of India observed that not everyone can claim to be a journalist, stating that doing so could lead to administrative and practical problems. During a hearing on petitions regarding police brutality and manhandling of journalists during protests in Delhi, Chief Justice Surya Kant and Justice Joymala Bagchi noted the need to distinguish between accredited reporters, freelancers, and social media influencers or "reel makers." The court also ordered an expedited, within-a-week inquiry into serious allegations that a female journalist was molested by a police officer and subsequently slapped with a fabricated SC/ST Act case to preempt her complaint.