Vijay campaign X@TVK
India

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് പ്രഭാവം; ആരുടെ വോട്ടുകൾ ദളപതി പെട്ടിയിലാക്കും? അടിമുടി മാറിമറിയുന്ന വോട്ട് സമവാക്യങ്ങൾ ഇങ്ങനെ

യുവതലമുറയുടെയും ആരാധകരുടെയും പിന്തുണ വോട്ടായി മാറുമോ? പ്രമുഖ മുന്നണികളുടെ ഉറച്ച വോട്ട് ബാങ്കുകളിൽ വിജയ് വിള്ളലുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ; തമിഴ് മണ്ണിലെ കണക്കുകൾ ഇങ്ങനെ

Milan George

കേവലം ഒന്നോ രണ്ടോ സീറ്റുകൾ നേടുകയല്ല, അധികാരത്തിലെത്തി മുഖ്യമന്ത്രിയാകുകയാണ് തന്റെ ലക്ഷ്യമെന്ന് നടൻ വിജയ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ദ്രാവിഡ പാർട്ടികൾക്കു വളക്കൂറുള്ള തമിഴ് മണ്ണിൽ തന്റെ താരമൂല്യം കൊണ്ട് മാത്രം വിജയ് അത് സാധ്യമാക്കുമോ? തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ആൾക്കൂട്ടം കണ്ടാണ് വിജയ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെങ്കിൽ യാഥാർഥ്യം അതിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും.

തമിഴ്‌നാട്ടിൽ 234 അംഗ നിയമസഭയിലേക്കാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയും എടപ്പാടി കെ പളനിസ്വാമി നയിക്കുന്ന അണ്ണാ ഡിഎംകെയും തമ്മിലാണ് മത്സരം. ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികൾ ഡിഎംകെ സഖ്യത്തിനൊപ്പം ഉണ്ട്. രാജ്യം ഭരിക്കുന്ന ബിജെപി അണ്ണാ ഡിഎംകെ സഖ്യത്തിനൊപ്പവും. ഇതിനിടയിലേക്കാണ് വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.

Vijay Campaign

തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ ഒരേസമയം ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും അനുഗ്രഹവും തലവേദനയുമാണ്. ഭരണവിരുദ്ധ വോട്ടുകൾ സ്വാഭാവികമായി അണ്ണാ ഡിഎംകെയിലേക്ക് പോകുന്നത് ടിവികെ ഉള്ളതിനാൽ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കപ്പെടും. വിജയിയുടെ പാർട്ടി ഭരണവിരുദ്ധ വോട്ടുകളുടെ ഏകീകരണം തടയുമെന്നും അത് തങ്ങൾക്ക് ഗുണമായി ഭവിക്കുമെന്നും ഡിഎംകെ കരുതുന്നു.

ഏഴ് കോടിയിലേറെ വരുന്ന തമിഴ്‌നാട്ടിലെ ജനസംഖ്യയിൽ 87 ശതമാനവും ഹിന്ദുക്കളാണ്. അതിൽ തന്നെ താഴ്ന്ന ജാതിക്കാർ 45.5 ശതമാനവും വളരെ പിന്നോക്കം നിൽക്കുന്ന ജാതിക്കാർ 23.6 ശതമാനവും ഉണ്ട്. 20.6 ശതമാനം ദളിതുകൾ. ക്രിസ്ത്യൻ വോട്ടുകൾ 6.1 ശതമാനം. നടൻ വിജയിയുടെ അച്ഛൻ ക്രിസ്ത്യൻ മതവിശ്വാസിയും അമ്മ ഹിന്ദു കുടുംബത്തിൽ നിന്നുമാണ്. ഹിന്ദു, ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ഡിഎംകെയിലേക്ക് ഉണ്ടാകാതിരിക്കാൻ ടിവികെയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് അണ്ണാ ഡിഎംകെ കരുതുന്നത്.

അതേസമയം തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയാകുക എന്ന വിജയിയുടെ സ്വപ്‌നം അത്ര വേഗത്തിൽ നടക്കാൻ സാധ്യതയുള്ളതല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വർഷങ്ങളുടെ പരിചയസമ്പത്തുള്ള പാർട്ടികളാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും. തമിഴ്‌നാട്ടിലെ വോട്ടർമാർ രാഷ്ട്രീയമായി ചിന്തിക്കുന്നവർ ആയതിനാൽ ദ്രാവിഡ രാഷ്ട്രീയത്തിനു പുറമെയുള്ള സാധ്യതകളിലേക്ക് അവർ അത്ര വേഗത്തിൽ വ്യതിചലിക്കില്ലെന്ന് ഉറപ്പാണ്. എംജിആർ, ജയലളിത, കരുണാനിധി എന്നിവർക്കു സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയതുകൊണ്ട് കൂടിയാണ് അവർ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നത്. വിജയിക്ക് ഇല്ലാതെ പോയതും അതാണ്.

2005 ൽ ഡിഎംഡികെ എന്ന പാർട്ടിയുമായി നടൻ വിജയകാന്ത് തമിഴ്‌നാട്ടിൽ രംഗത്തിറങ്ങിയതും ഇപ്പോഴത്തെ വിജയിയുടെ രാഷ്ട്രീയപ്രവേശനവും കൂട്ടിവായിക്കാവുന്നതാണ്. ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും ബദൽ എന്ന നിലയിലാണ് ഡിഎംഡികെ എന്ന പാർട്ടിയെ വിജയകാന്ത് അവതരിപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും ഒപ്പമെത്തുന്നതിൽ വിജയകാന്ത് അമ്പേ പരാജയപ്പെട്ടു. വിജയ് മത്സരിക്കുന്ന മണ്ഡലത്തിൽ താരപരിവേഷം കൊണ്ട് വോട്ട് പിടിക്കാമെങ്കിലും ടിവികെ എന്ന പാർട്ടിക്കു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. അപ്പോഴും വിജയ് പിടിക്കുന്ന വോട്ടുകൾ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും ചെറിയ തോതിലെങ്കിലും ആശ്വാസവും നെഞ്ചിടിപ്പും നൽകുമെന്നതിൽ സംശയമില്ല.

English Summary: The political landscape of Tamil Nadu is witnessing a major shift with the entry of Thalapathy Vijay and his party, Tamizhaga Vettri Kazhagam (TVK). As the 2026 Assembly elections approach, political analysts are closely monitoring which established vote banks the actor-turned-politician will disrupt. While the DMK and AIADMK have long dominated the Dravidian heartland, Vijay’s massive youth following and appeal across neutral voters pose a significant challenge to the status quo. This report analyzes whether the "Thalapathy Factor" will erode the traditional strongholds of major fronts or create a new, decisive third alternative in Tamil Nadu politics.