തമിഴ്നാട്ടിൽ കറുത്ത കുതിരയായി വിജയ്. ഒടുവിൽ വിവരങ്ങൾ ലഭിക്കുമ്പോൾ 108ലധികം സീറ്റുകളിൽ ടിവികെ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന മാജിക് നമ്പറിലേക്ക് ടിവികെ എത്തുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നേരത്തെ എക്സിറ്റ് പോളുകൾ പോലും അനുകൂലമായിരുന്ന ഡിഎംകെയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. നിലവിൽ വെറും 55 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അപ്രതീക്ഷിത മുന്നേറ്റവുമായി അണ്ണാഡിഎംകെ-ബിജെപി സഖ്യവും രംഗത്തുണ്ട്. 69 സീറ്റിലാണ് സഖ്യം മുന്നേറുന്നത്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും വിജയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി കസേര ലഭിക്കുമെന്നാണ് വിലയിരുത്തൽ.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 4654 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. 85.10 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചു. ഭരണം നിലനിർത്താനായി ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യം രംഗത്തിറങ്ങിയപ്പോൾ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ, എഐഎഡിഎംകെ-ബിജെപി സഖ്യം എന്നിവർ ഭരണവിരുദ്ധത വികാരം പ്രചരാണായുധമാക്കി മത്സരത്തിനിറങ്ങി. കരൂർ ദുരന്തം മുതൽ ജനനായകൻ റിലീസ് വൈകിയതും കുടുംബ പ്രശ്നങ്ങളും ഉൾപ്പെടെ വൻ പ്രതിസന്ധികളാണ് പ്രചരണ വേളയിൽ വിജയ് നേരിട്ടത്. കമൽ ഹാസൻ, പ്രകാശ് രാജ് എന്നിങ്ങനെ ഇടതുപക്ഷ അനുഭാവികളായ താരങ്ങളിൽനിന്നും പരസ്യമായ വിമർശനങ്ങളും ഇതിനിടെ വിജയ് നേരിടേണ്ടിവന്നു. ബിജെപിയുമായി സംഖ്യം ചേരാനുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാനഘട്ടത്തിൽ സഖ്യം സാധ്യമായിരുന്നില്ല.
പുതുച്ചേരിയിൽ എൻഡിഎ
പുതുച്ചേരിയിൽ ട്രെൻഡ് എൻഡിഎയ്ക്ക് അനുകൂലമാണ്. നിലവിൽ 20 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. ഇന്ത്യാ മുന്നണിക്ക് വെറും 7 സീറ്റിലാണ് ലീഡ് ചെയ്യാൻ സാധിച്ചിട്ടുള്ളു. ടിവികെയാണ് മൂന്ന് സീറ്റുകളിൽ മുന്നേറുന്നത്. കോൺഗ്രസിലെ പ്രമുഖരെല്ലാം പുതുച്ചേരിയിൽ പരാജയം രുചിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സങ്കീർണത നിറഞ്ഞ പുതുച്ചേരിയിലെ ഭരണം നിലനിർത്താനായുള്ള പോരാട്ടമാണ് ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന്റെ നേതൃത്വത്തിൽ എൻഡിഎ സഖ്യം നടത്തിയത്. ബിജെപിയും എഐഎഡിഎംകെയും എൽജെകെയുമാണ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായ മറ്റ് കക്ഷികൾ. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് 16, ബിജെപി 11, എഐഎഡിഎംകെ 2, എൽജെകെ 2 എന്നിങ്ങനെയാണ് എൻഡിഎ സഖ്യകക്ഷികൾ ജനവിധി തേടിയത്. സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിന് രൂപം നൽകിയതിലൂടെ എന്ത് വിലനൽകിയും അധികാരം തിരിച്ച് പിടിച്ച് പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ലക്ഷ്യമായിരുന്നു കോൺഗ്രസിന്റേത്. ഏപ്രിൽ 9ന് ഒറ്റഘട്ടമായി നടന്ന പുതുച്ചേരി തെരഞ്ഞെടുപ്പിൽ 89.85 ശതമാനമായിരുന്നു പോളിംഗ്.
English Summary: Vijay’s party Tamilaga Vettri Kazhagam has emerged as a surprise force in Tamil Nadu, leading in over 108 seats and challenging the dominance of Dravida Munnetra Kazhagam. Meanwhile, the AIADMK-BJP alliance is also showing strong gains, making the political battle highly competitive.