മെയ്ഡേ! മെയ്ഡേ! വലിയൊരു അപകടത്തിന് മുൻപ് കോക്പിറ്റിൽ നിന്ന് പുറപ്പെടാൻ സാധ്യതയുള്ള അവസാന വാക്കുകൾ! മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് അജിത് പവാർ കൊല്ലപ്പെടുമ്പോഴും സമാന സന്ദേശമായിരിക്കും ഫ്ലൈറ്റ് കൺട്രോൾ റൂമിലേക്ക് എത്തിയിരിക്കുക. കോക്പിറ്റിലുണ്ടായിരുന്നത് പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരും!
ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ ഏവിയേഷൻറെ കീഴിലുള്ള ലീർ ജെറ്റ് 45 ഇന്ന് രാവിലെ 8 മണിയോടെയാണ് ബാരമതിയിൽ തകർന്നുവീണ് ചാരമാകുന്നത്. ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം, പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയിലെ കർഷകരുടെ റാലികളിൽ സംസാരിക്കാനായിരുന്നു അജിത്ത് പവാറിന്റെയും സംഘത്തിന്റെയും യാത്ര. പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരും ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേർക്കും ജീവൻ നഷ്ടമായി. ദൃക്സാക്ഷികളുടെ വിവരണം പ്രകാരം വിമാനം അടിയന്തര ലാൻഡിങിനിടെ നിയന്ത്രണം നഷ്ടമായി തകർന്നുവീഴുകയായിരുന്നു, വീണുടൻ തീപിടിച്ചത് അപകടത്തിന്റെ ആക്കം വർധിപ്പിച്ചു.
അവസാന നിമിഷം വരെ ലാൻഡിങ് കൃത്യമായി നടക്കുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി വിമാനം നിലംപൊത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രാഥമിക നിഗമനത്തിൽ പൈലറ്റുമാർ വിമാനം പരമാവധി സുരക്ഷിത ലാൻഡിങ്ങിനായി ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ആ പരിശ്രമം പക്ഷേ വിഫലമായി എന്നു മാത്രം.
മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ നിന്ന് സയൻസ് ബിരുദം നേടിയ ശാംഭവി ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ പ്രൊഫഷണൽ പൈലറ്റ് പരിശീലനം നേടിയെടുക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായി പിതാവിൽ നിന്നാണ് പൈലറ്റാവണമെന്ന ആഗ്രഹം ശാംഭവി പകർന്നുകിട്ടിയത്. എയർഫോഴ്സ് ബാല ഭാരതി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും പൈലറ്റ് എന്ന സ്വപ്നം ശാംഭവിക്ക് ഒപ്പമുണ്ടായിരുന്നു.
ബിസിനസ് ജെറ്റ് എയർക്രാഫ്റ്റുകൾ പറത്താൻ വിദഗദ്ധരായിരുന്നു ശാംഭവിയും കൂടെയുണ്ടായിരുന്ന സഹപൈലറ്റുമെന്നാണ് വിഎസ്ആർ ഏവിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ വികെ സിംഗ് വ്യക്തമാക്കുന്നത്. ക്യാപ്റ്റൻ സുമിത് കപൂർ പലയിനത്തിൽപ്പെട്ട വിമാനങ്ങളിലായി 16,000 മണിക്കൂറിലധികം 'എയർ ടൈം' പരിചയമുണ്ട്. ലാൻഡിങ്, ടേക്ക് ഓഫ് എന്നിവയുടെ ചുമതല സുമിത്തിനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Who Were Pilots Shambhavi Pathak, Sumit Kapoor Killed in Ajit Pawar Jet Crash?