India

മാധ്യമപ്രവർത്തകർ 'അത്' ചോദിച്ച് വാങ്ങിയതെന്ന് ഡൽഹി പൊലീസ്; ചർച്ചയാവണം ഈ മാർഗനിർദേശങ്ങൾ!

മാധ്യമപ്രവർത്തകരെ എത്തിക്സ് പഠിപ്പിക്കുകയാണ് പുതിയ എക്സ് പോസ്റ്റിലൂടെ ഡൽഹി പൊലീസ്

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ് ഡൽഹിയിൽ. പ്രതിഷേധക്കാരോട് പൊലീസ് കാട്ടുന്ന മനുഷ്യത്വരഹിതവും നിരുത്തരവാദിത്തപരവുമായ സമീപനം ഇതിനോടകം തന്നെ വാർത്തയാവുകയും ചെയ്തു. ഇതിലേറ്റവും ഹീനവും ഞെട്ടലുണ്ടാക്കിയതുമായ സംഭവമായിരുന്നു വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗികാതിക്രമം. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മോശമായി പെരുമാറിയെന്നാണ് മൂന്ന് മാധ്യമപ്രവർത്തകർ നൽകിയിരിക്കുന്ന പരാതി.

പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ഇതിലൂടെ തന്നെ സംഭവത്തോട് പൊലീസ് പുലർത്തുന്ന നിസംഗത മനസ്സിലാക്കിയെടുക്കാം. എന്നാൽ സംഭവിച്ചത് തങ്ങളുടെ പ്രശ്നമല്ലെന്നും അത് മാധ്യമപ്രവർത്തകരുടെ കയ്യിലിരിപ്പിന്റെയാണെന്നും ഊന്നിയൂന്നി ഡൽഹി പൊലീസ് പറയുമ്പോഴാണ് ഇത് ഈ സിസ്റ്റത്തിന് ആകെയുള്ള പ്രശ്നത്തിന്റെ ഒരു ഏട് മാത്രണെന്നത് കൂടുതൽ വ്യക്തമാകുക. ഇങ്ങനെ പറയാൻ കാരണം, മാധ്യമപ്രവർത്തകരുടെ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ ഡൽഹി പൊലീസ് പുറത്തിറക്കിയ ഒരു എക്സ് പോസ്റ്റാണ്.

മാധ്യമപ്രവർത്തകരെ എത്തിക്സ് പഠിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ ഡൽഹി പൊലീസ്. ഒരു മാധ്യമപ്രവർത്തക പൊലീസിന്റെ വായിലേക്ക് മൈക്ക് കുത്തിക്കയറ്റുന്ന ഗ്രാഫിക്സ് ചിത്രമാണ് പോസ്റ്റിന്റെ ഹൈലൈറ്റ്. അതിന് താഴെയായി മാധ്യമപ്രവർത്തകർ പാലിക്കേണ്ട കുറച്ച് മാർഗനിർദേശങ്ങളും. 'നിങ്ങളുടെ കഥ തീർച്ചയായും ശ്രദ്ധിക്കപ്പെടണം, എന്നാൽ ആ കഥയിലേക്ക് നിങ്ങളെങ്ങനെയെത്തി എന്നതും ചർച്ചയാകണം' എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ. അതായത്, ഇങ്ങനെയൊക്കെ മൈക്കും കൊണ്ടുവന്നാൽ ഞങ്ങളങ്ങനെയൊക്കെ ചെയ്തുപോകും എന്ന ധ്വനി.

ഇതൊരു നിഷ്കളങ്കമായ പോസ്റ്റായി തള്ളിക്കളയാനാവില്ല. സമരമുഖത്തെ സ്ത്രീകളുടെ സുരക്ഷയെ അത് കണക്കിലെടുക്കുന്നുമില്ല. യഥാർഥ പ്രശ്നത്തെ മനസ്സിലാക്കി അതിൽ നടപടിയെടുക്കുന്നതിന് പകരം, ആ പ്രശ്നം എങ്ങനെ പ്രചരിക്കുന്നു എന്നത് നിയന്ത്രിക്കുന്ന സമീപനമാണ് ഈ പോസ്റ്റിലൂടെ വെളിവാകുന്നത്.

വനിതാമാധ്യമപ്രവർത്തകരുടെ 'സുരക്ഷയ്ക്കായി' ഡൽഹി പൊലീസ് പുറത്തിറക്കിയിരിക്കുന്ന ആ മാർഗനിർദേശങ്ങൾ ഇപ്രകാരമാണ്.

>പ്രതിഷേധം കവർ ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ നിർബന്ധമായും സാധുവായ ഐഡി കാർഡ് കയ്യിൽ കരുതിയിരിക്കണം. ഇത് ഇവർ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമോ, പിഐബിയോ ഡിഐപിയോ അപ്രൂവ് ചെയ്തതാവണം.

>ഐഡി കാർഡ് എപ്പോഴും എല്ലാവർക്കും കാണത്തക്ക രീതിയിലാവണം ധരിക്കേണ്ടത്

>മാധ്യമപ്രവർത്തനം പൊലീസിന്റെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തരുത്

>സംഘർഷങ്ങളുണ്ടായാൽ, പൊലീസിൽ നിന്നും കൃത്യമായ അകലം പാലിച്ചുവേണം മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാൻ. പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും പൊലീസിന് തിരിച്ചറിയാൻ പറ്റുവിധമാവണം ഇവർ നിൽക്കേണ്ടത്.

ഇനി ഈ മാർഗനിർദേശങ്ങളിലെ പ്രശ്നങ്ങൾ ഓരോന്നായി നോക്കാം. ജനാധിപത്യത്തിൽ പൊലീസിനെയും സർക്കാരിനെയും ചോദ്യം ചെയ്യാനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മാധ്യമങ്ങൾക്ക് അവകാശമുണ്ട്. ജനങ്ങൾക്ക് വിവരങ്ങൾ എത്തിക്കുന്ന മാധ്യമങ്ങൾക്ക് മുന്നിൽ പൊലീസ് സുതാര്യത പുലർത്തണം. മറിച്ച് മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനോ അവരെ നിയന്ത്രിക്കാനോ പൊലീസിന് അധികാരമില്ല. എന്നുവെച്ചാൽ ഇങ്ങനെയൊരു മാർഗനിർദേശം പുറപ്പെടുവിക്കാൻ പൊലീസിന് യാതൊരു അനുവാദവുമില്ല. അതിനൊരു നിയമസാധുതയും ഇല്ല.

അഭിപ്രായസ്വാതന്ത്യ്രം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 19(1)(a)ൽ മാധ്യമസ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട്. സ്വതന്ത്രമായി മാധ്യമപ്രവർത്തനം ചെയ്യാൻ പിഐബി അക്രഡിറ്റേഷനുള്ള ഐഡി കാർഡുകൾ നിർബന്ധമാണെന്ന് ഭരണഘടനയിലെവിടെയും വ്യക്തമാക്കിയിട്ടില്ല.

ഡൽഹി പൊലീസ് കേന്ദ്ര സർക്കാരിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനമാണ് എന്നിരിക്കെ, ഇത്തരത്തിലുള്ള ഒരു സന്ദേശം, മോദി ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തിന്ർറെ ഉറപ്പിച്ചുപറയലാണ്. ഭരണഘടന സംരക്ഷിക്കുന്ന, മാധ്യമപ്രവർത്തനം എന്ന തൊഴിലിനെ, തങ്ങളുടെ വരുതിയിലാക്കാൻ ഡൽഹി പൊലീസിനെ വിനിയോഗിക്കുകയാണ് മോദി സർക്കാർ. അതിനുള്ള ആയുധമാണ് ഈ മാർഗനിർദേശം.

ജനകീയ പ്രക്ഷോഭങ്ങൾ, അറസ്റ്റുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭരണകൂടത്തിന്റെ ബലപ്രയോഗം എന്നിവ നടക്കുമ്പോൾ — കൃത്യമായി ജനാധിപത്യപരമായ സൂക്ഷ്മപരിശോധന ഏറ്റവും ആവശ്യമായി വരുന്ന സമയത്ത് — ആ പരിശോധനയെ ദുർബലപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സജീവമായ സംഭവസ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ടർമാരെ മാറ്റിനിർത്തുന്നത്, പൊലീസിന്റെ പെരുമാറ്റം, കസ്റ്റഡിയിലെടുക്കലുകൾ, അല്ലെങ്കിൽ സമാധാനകാരികളായ പൗരന്മാർക്ക് നേരെ നടക്കുന്ന അമിതമായ ബലപ്രയോഗം എന്നിവ രേഖപ്പെടുത്താനുള്ള അവരുടെ കഴിവിനെ പരിമിതപ്പെടുത്താം.

വിക്ടിം ബ്ലേമിംഗ് എന്ന പതിവ് കലാപരിപാടി

വനിതാ മാധ്യമപ്രവർത്തകരെ മോശമായി സ്പർശിക്കുകയും കയറിപ്പിടിക്കുകയും ചെയ്തു എന്ന പരാതിയാണ് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഉള്ളത്. വിഷയത്തിൽ, ഈ പരാതി ക്രൈംബ്രാഞ്ചിനയച്ചു എന്ന പ്രതികരണം മാത്രമാണ് പൊലീസ് ഇതുവരെ നൽകിയിട്ടുള്ളത്. ലൈംഗികാതിക്രമം നേരിട്ട സ്ത്രീകളുടെ സുരക്ഷ, തെളിവുകളുടെ സംരക്ഷണം, അന്വേഷണം, അച്ചടക്ക ഉത്തരവാദിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ഒരു ധാർമിക പ്രഭാഷണം പൊലീസ് ആരംഭിച്ചു. അതും പൊലീസിനെ ശാന്തരായി അവതരിപ്പിക്കുന്ന, ഒരു എഐ ഗ്രാഫിക്സോടെ. ഇത് ഉത്തരവാദിത്തമേറ്റെടുക്കന്നതിന്റെ ബാധ്യത ഒഴിവാക്കാനുള്ള ഒരു തന്ത്രം മാത്രമാണ്.

മാധ്യമപ്രവർത്തകർ അക്രമകാരികളാണെന്നും ശല്യക്കാരാണെന്നും വരുത്തിത്തീർത്ത്, അവരെ ധാർമികത പഠിപ്പിക്കാനെന്ന വ്യാജേന ഇത്തരം ഗ്രാഫിക്സുകൾ ഉപയോഗിക്കുന്നതും യഥാർഥ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. പൊലീസ് മോശമായി പെരുമാറിയതിന് മാധ്യമപ്രവർത്തകർ തന്നെയാണ് കാരണക്കാർ എന്ന് പറയുകയാണ് ഈ പോസ്റ്റിലൂടെ പൊലീസ്.

റിപ്പോർട്ടിംഗ് ഒക്കെ ഞങ്ങൾ പറയും പോലെ!

ഒരു മാധ്യമപ്രവർത്തകനെയോ പ്രവർത്തകയെയോ അല്ലെങ്കിൽ ഒരു ക്യാമറയെയോ ഒക്കെ മുഖ്യധാരയിൽ നിന്ന് തള്ളിമാറ്റുമ്പോൾ ജനങ്ങൾക്ക് ലഭ്യമാവേണ്ട സുപ്രധാന വാർത്തകൾ നിഷേധിക്കപ്പെടുകയാണ്. പ്രതിഷേധക്കാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കണമെങ്കിൽ അവർക്കൊപ്പം നിന്നുതന്നെ റിപ്പോർട്ട് ചെയ്യണം. പ്രതിഷേധക്കാരിൽ നിന്നും റിപ്പോർട്ടർമാർ അകലം പാലിക്കണമെന്ന് പറയുമ്പോൾ അവിടെ, അങ്ങനെ നിങ്ങൾ എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യേണ്ട എന്ന ധാർഷ്ട്യമാണ് തെളിയുന്നത്. അതും സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് വിലങ്ങു തടിയാണ്.

ഹാഷ്ടാഗ് അതിലും കഷ്ടം!

പോസ്റ്റിൽ പൊലീസ് ഉപയോഗിച്ചിരിക്കുന്ന ഹാഷ്ടാഗ് #EthicsofJournalism എന്നതാണ്.

മാധ്യമപ്രവർത്തനത്തിന്റെ എത്തിക്സ് ഡൽഹി പൊലീസിന്റെയോ പൊലീസിന്റെ തന്നെയോ അധികാരപരിധിയിലുള്ളതോ അവരുടെ ചുമതലയുടെ ഭാഗമോ അല്ല. ഇനിയിപ്പോ അത് പറഞ്ഞേ അടങ്ങൂ എന്നാണെങ്കിൽ തന്നെ, പൊലീസിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ന്യായീകരിക്കാനുള്ള ഉപാധിയായി അതിനെ ഉപയോഗിക്കരുത്.

ഐഡി നല്ല ഐഡിയ തന്നെ... പക്ഷേ

സംഘർഷബാധിത മേഖലകളിൽ ഐഡി കാർഡ് ഉപയോഗിക്കേണ്ടത് മാധ്യമപ്രവർത്തരുടെ കടമ തന്നെയാണ്. പക്ഷേ അത് ആര് അംഗീകരിച്ചതാവണം എന്നൊക്കെ നിബന്ധന വയ്ക്കുന്നത്, ചില ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി മാത്രമേ കണക്കാക്കാനാവൂ. രാജ്യത്തെ എല്ലാ മാധ്യമപ്രവർത്തകർക്കും പിഐബി അക്രഡിറ്റേഷനുണ്ടാവണം എന്നില്ല. അതില്ലാത്തവരെ റിപ്പോർട്ടിംഗിന് അനുവദിക്കില്ല എന്നത് കണ്ണിൽ പൊടിയിടാനുള്ള പൊലീസ് തന്ത്രം മാത്രമാണ്.

എവിടെ നിൽക്കണം, എങ്ങനെ നിൽക്കണം

ഡ്യൂട്ടി തടസ്സപ്പെടുത്തരുത്, അകലം പാലിക്കണം എന്നൊക്കെ പൊലീസ് പറയുമ്പോൾ, ഒരു സമരമുഖത്ത് ഇതൊക്കെ എത്രത്തോളം പ്രാവർത്തികമാകും എന്ന് കോമൺ സെൻസ് ഉപയോഗിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. സാധാരണ ഒരു റിപ്പോർട്ടിംഗ് പോലും ക്രിമിനലൈസ് ചെയ്യപ്പെടാൻ ഈ ഉത്തരവ് ധാരാളം മതി. മാധ്യമപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കാനും ഈ ഉത്തരവ് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.

വിഷയത്തിൽ ഡൽഹി പൊലീസിന് പണി പാളിയെന്ന് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നുണ്ട്. ഈ പോസ്റ്റിലുള്ളതൊന്നും ശരിയല്ല എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ഇത്തരമൊരു പോസ്റ്റ് പുറത്തിറക്കാൻ ഡൽഹി പൊലീസിനുണ്ടായ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ.

When the Delhi Police insist that what happened is not their problem but a result of the journalists’ own conduct, it becomes clearer that this very attitude is part of the larger problem within the system. The reason for saying this is a post the Delhi Police shared on X following sexual harassment complaints by journalists.

Through the post, the Delhi Police are lecturing journalists on ethics. The highlight of the post is an illustration of a female journalist pushing a microphone into a police officer’s mouth. Below it are a few guidelines that journalists are expected to follow. The caption reads, “Your story certainly deserves to be heard, but how you got to that story should also be discussed.”