ദക്ഷിണ കെനിയയിലെ അംബോസെലി നാഷണല്‍ പാര്‍ക്കിന് സമീപം കഴിഞ്ഞ ഒരു മാസത്തിനിടെ 15 ആനകള്‍ ചരിഞ്ഞ സംഭവത്തിന് കാരണം തക്കാളി തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളെന്ന് കെനിയ വൈല്‍ഡ്ലൈഫ് സര്‍വീസ് (കെഡബ്ല്യൂഎസ്). ചരിഞ്ഞ ആനകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായി കെഡബ്ല്യൂഎസ് ഡയറക്ടര്‍ ജനറല്‍ എറസ്റ്റസ് കാംഗ വ്യക്തമാക്കി. കൃഷിയിടങ്ങളില്‍ വന്യജീവി ശല്യം തടയാനും കീടങ്ങളെ നശിപ്പിക്കാനും വേട്ടക്കാര്‍ മൃഗങ്ങളെ കൊല്ലാനുമാണ് പ്രധാനമായും സയനൈഡ് അടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. 'സയനൈഡ് അതീവ മാരകമായ രാസവസ്തുവാണ്. ആനകള്‍ ഇത് കഴിച്ചാല്‍ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കും,' കാംഗ പറഞ്ഞു.
തക്കാളി തോട്ടങ്ങളിലെ രാസപ്രയോഗം
അംബോസെലി നാഷണല്‍ പാര്‍ക്കിന് ചുറ്റുമുള്ള കിമാന സാങ്ച്വറി, കുക്കു ഗ്രൂപ്പ് റാഞ്ച് മേഖലകളിലാണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 96,865 ഏക്കര്‍ വിസ്തൃതിയുള്ള ഈ പ്രദേശത്തും സമീപത്തെ വനമേഖലകളിലുമായി 1,600-ലധികം ആനകള്‍ വസിക്കുന്നുണ്ട്. പ്രധാന തക്കാളി ഉല്‍പ്പാദന കേന്ദ്രമായ കിമാനയില്‍ വിളകളില്‍ സയനൈഡ് അടങ്ങിയ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യ സുരക്ഷാ സംഘടനയായ 'റൂട്ട് ടു ഫുഡ് ഇനിഷ്യേറ്റീവ്' പ്രവര്‍ത്തകര്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചരിഞ്ഞ ഒരു ആനയുടെ വയറ്റില്‍ ധാരാളം തക്കാളികള്‍ കണ്ടെത്തിയതായി കെഡബ്ല്യൂഎസ് വെറ്ററിനറി സര്‍വീസ് മേധാവി ഐസക് ലെക്കോലൂല്‍ സ്ഥിരീകരിച്ചു. ഈ ആന കിമാന സാങ്ച്വറിയിലൂടെ സഞ്ചരിച്ച ആനക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായിരുന്നു. ഇത് കാര്‍ഷിക വസ്തുക്കളില്‍ പ്രയോഗിച്ച രാസപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നുള്ള വിഷബാധയെയാണ് സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആടുകളും പശുക്കളും ഈ കൃഷിയിടങ്ങളില്‍ മേയാറുള്ളതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാംഗ മുന്നറിയിപ്പ് നല്‍കി.
വന്യജീവി സംരക്ഷകരുടെ ആശങ്ക
ജൂണ്‍ 24-നും ജൂലൈ 24-നും ഇടയിലാണ് ആനകള്‍ ചരിഞ്ഞത്. ചരിയുന്നതിന് മുന്‍പ് 10 ആനകളില്‍ ഭാഗിക തളര്‍വാതകത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നും പ്രാഥമിക പരിശോധനയില്‍ മാരകമായ വിഷാംശം കണ്ടെത്തിയതായും കെഡബ്ല്യൂഎസ് വ്യക്തമാക്കി. ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് സംരക്ഷണ പ്രവത്തനങ്ങള്‍ നടത്തുന്ന അംബോസെലി മേഖലയിലാണ് ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞത്. അംബോസെലിയിലെ ആനകള്‍ ആഫ്രിക്കയില്‍ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ഒന്നാണ്. വേട്ടയാടല്‍ ഏതാണ്ട് പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞ അംബോസെലി മേഖലയില്‍ ഇത്തരം കൂട്ടമരണം നടക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് ബിഗ് ലൈഫ് ഫൗണ്ടേഷന്‍ സിഇഒ ബെന്‍സണ്‍ ലെയ്യാന്‍ പറഞ്ഞു.
'രൂക്ഷമായ വരള്‍ച്ചാ കാലങ്ങളിലെ നഷ്ടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, ഇത്തരം ഒരു കൂട്ടമരണം സമീപകാലത്തൊന്നും ഞങ്ങള്‍ കണ്ടിട്ടില്ല,' ബെന്‍സണ്‍ ലെയ്യാന്‍ പറഞ്ഞു. വന്യജീവി സംരക്ഷണത്തിന് സയന്‍സ് അധിഷ്ഠിത നീക്കങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറും പ്രതികരിച്ചു. വിളകളും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ മൃഗങ്ങള്‍ക്ക് വിഷം നല്‍കുന്ന സംഭവങ്ങള്‍ മുന്‍പും കെനിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയല്‍രാജ്യമായ സിംബാബ്വെയില്‍ കുടിവെള്ള സ്രോതസ്സുകളില്‍ സയനൈഡ് കലര്‍ത്തി വേട്ടക്കാര്‍ ഡസന്‍ കണക്കിന് ആനകളെ കൊന്നൊടുക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അംബോസെലി പരിസ്ഥിതി മേഖല ടൂറിസം വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ്. എന്നാല്‍, പാര്‍ക്കിന്റെ ഭരണവും പ്രവര്‍ത്തനങ്ങളും കജിയാഡോ കൗണ്ടി സര്‍ക്കാരിന് കൈമാറണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
At least 15 elephants have died near Amboseli National Park in southern Kenya over the past month, with investigators suspecting cyanide poisoning linked to chemicals used in nearby tomato farms. The Kenya Wildlife Service said cyanide traces were found in samples collected from the dead elephants, and one elephant's stomach contained tomatoes, suggesting exposure to contaminated crops. Conservationists have described the incident as one of the most alarming mass elephant deaths in recent years and called for stronger science-based wildlife protection measures.