International

വിദ്യാര്‍ഥി കുടിയേറ്റം കുറയ്ക്കാന്‍ ഓസ്ട്രേലിയ, കുടുംബത്തെ കൂടെക്കൊണ്ടുപോകാനാവില്ല; താല്‍ക്കാലിക സന്ദര്‍ശകര്‍ക്കുള്ള വിസകള്‍ക്കും നിയന്ത്രണം

കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനായി 100 പുതിയ കംപ്ലയന്‍സ് ഓഫീസര്‍മാരെ നിയമിക്കും. കൂടാതെ, തടവുകാരെ പാര്‍പ്പിക്കുന്നതിനായി മെല്‍ബണിലെ കൊവിഡ് കാല ക്വാറന്റൈന്‍ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്

Madism Desk

കുടിയേറ്റ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ക്കും താല്‍ക്കാലിക സന്ദര്‍ശകര്‍ക്കുമുള്ള വിസ നിയമങ്ങള്‍ കടുപ്പിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം പങ്കാളികളെയും മക്കളെയും കൂടെക്കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്താനും 'വര്‍ക്കിങ് ഹോളിഡേ' വിസ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കാനുമാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഉയര്‍ന്ന കുടിയേറ്റ നിരക്ക് രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'വണ്‍ നേഷന്‍' സമീപകാല സര്‍വേകളില്‍ വലിയ മുന്നേറ്റം നടത്തുകയും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ 7.5 ലക്ഷമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതാണ് കുടിയേറ്റം നിയന്ത്രിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍, വണ്‍ നേഷന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഈ തീരുമാനമെന്ന ആരോപണങ്ങള്‍ ആഭ്യന്തരമന്ത്രി ടോണി ബര്‍ക്ക് പൂര്‍ണ്ണമായും തള്ളി.

'നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ വേണ്ടി പെട്ടെന്ന് ഉണ്ടാക്കിയെടുത്ത നയമാണിതെന്ന് കരുതുന്നത് തികച്ചും തെറ്റാണ്,' ബര്‍ക്ക് വ്യക്തമാക്കി. താല്‍ക്കാലികമായി വരുന്നവര്‍ താല്‍ക്കാലിക വിസയിലും സ്ഥിരമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥിര വിസയിലും അപേക്ഷിക്കണമെന്നും സാധുതയുള്ള വിസയില്ലെങ്കില്‍ രാജ്യം വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയന്ത്രണങ്ങള്‍

പസഫിക് ദ്വീപ് രാജ്യങ്ങളില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള ചില വിദ്യാര്‍ഥികള്‍ക്കൊഴികെ, ഭൂരിഭാഗം വിദേശ വിദ്യാര്‍ഥികള്‍ക്കും അവരുടെ പങ്കാളികളെയോ മക്കളെയോ ഇനി കൂടെക്കൊണ്ടുവരാന്‍ അനുവാദമുണ്ടാകില്ല. വര്‍ക്കിങ് ഹോളിഡേ വിസ നീട്ടാന്‍ ആഗ്രഹിക്കുന്ന താല്‍ക്കാലിക സന്ദര്‍ശകര്‍ക്കായി ബാലറ്റ് (നറുക്കെടുപ്പ്) സംവിധാനം ഏര്‍പ്പെടുത്തും. വിസിറ്റര്‍ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്ക് അവിടെ തുടര്‍ന്നുകൊണ്ട് പാര്‍ട്ണര്‍ വിസ പോലെയുള്ള മറ്റ് വിസ കാറ്റഗറികളിലേക്ക് മാറുന്നത് തടയാന്‍ 'നോ ഫര്‍ദര്‍ സ്റ്റേ' വ്യവസ്ഥ ഉള്‍പ്പെടുത്തും.

നിലവിലുള്ള യോഗ്യതയേക്കാള്‍ ഉയര്‍ന്ന കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ വിസ പുതുക്കി നല്‍കൂ. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനായി 100 പുതിയ കംപ്ലയന്‍സ് ഓഫീസര്‍മാരെ നിയമിക്കും. കൂടാതെ, തടവുകാരെ പാര്‍പ്പിക്കുന്നതിനായി മെല്‍ബണിലെ കൊവിഡ് കാല ക്വാറന്റൈന്‍ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്. പുതിയ പരിഷ്‌കാരങ്ങളിലൂടെ കൊവിഡിന് മുമ്പുള്ള വാര്‍ഷിക കുടിയേറ്റ നിരക്കായ 2.25 ലക്ഷത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം 2022 ഫെബ്രുവരിയില്‍ അതിര്‍ത്തികള്‍ തുറന്നതോടെ കുടിയേറ്റം കുത്തനെ ഉയരുകയും 2023-ല്‍ 5.18 ലക്ഷമെന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസ മേഖലയുടെ ആശങ്ക

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തുക നല്‍കുന്ന നാലാമത്തെ വലിയ കയറ്റുമതി മേഖലയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസം. 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസം ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് 5,360 കോടി ഓസ്ട്രേലിയന്‍ ഡോളറിന്റെ സംഭാവന നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമായും ലക്ഷ്യമിടുന്നത് വിദേശ വിദ്യാര്‍ഥികളെയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥി വിസ അപേക്ഷാ ഫീസ് 300% വര്‍ധിച്ച് 2,500 ഓസ്ട്രേലിയന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ഇംഗ്ലീഷ് ഭാഷാ യോഗ്യതയും സാമ്പത്തിക ഭദ്രതാ മാനദണ്ഡങ്ങളും മുന്‍പ് തന്നെ കര്‍ശനമാക്കിയിരുന്നു.

Australia has announced tighter visa rules for international students and temporary visitors as the government moves to bring migration levels down. The reforms include restrictions on international students bringing partners and children, a ballot system for some Working Holiday visa extensions, and tighter conditions on visitors seeking to remain in Australia under another visa category. Under the new rules, most international students will no longer be permitted to bring their partners or children, with exemptions for some students from Pacific Island and Southeast Asian countries. A “No Further Stay” condition will also be used more widely on visitor visas, preventing some visitors from switching to other visa categories while in Australia. The government also plans to recruit 100 additional compliance officers to identify people who remain in the country after their visas expire.