Portrait

ജെന്‍ സികളുടെ 'റാപ്പര്‍ ബാലന്‍'; ബലേന്ദ്ര ഷായിലൂടെ പുഞ്ചിരിക്കുമോ നേപ്പാള്‍?

ഹിപ്പ്ഹോപ് താരത്തിൽ നിന്ന് നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയിലേക്ക്. ബാലേന്ദ്ര ഷായുടെ രാഷ്ട്രീയപരിവർത്തനം

Madism Desk

നേപ്പാളിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ ബലേന്ദ്ര ഷാ. പരമ്പരാഗത നേപ്പാള്‍ രാഷ്ട്രീയ നേതാക്കളില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഹിപ്പ്‌ഹോപ് ?ഗായകന്‍ കൂടിയായിരുന്ന ബലേന്ദ്ര ഷായുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര. 2022ന് മുന്‍പ്, റൂഫ്ടോപ്പ് ബാറുകളിലും ഓണ്‍ലൈന്‍ റാപ്പ് പ്ലാറ്റ്ഫോമുകളിലും മാത്രം സാന്നിധ്യമായിരുന്ന ബാലേന്ദ്ര ഷാ എന്ന യുവാവ്, നേപ്പാളിന്റെ രാഷ്ട്രീയചരിത്രം തിരുത്തികുറിച്ചുകൊണ്ട് നടത്തിയ മുന്നേറ്റം സമീപകാല ലോകചരിത്രത്തിലെ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങളിലൊന്നായിരുന്നു. എന്നാല്‍, ഷായുടെ അപക്വമായ ചില മുന്‍ രാഷ്ട്രീയ-ഭരണ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് എത്രമാത്രം മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആശങ്കയും ചില കോണുകളില്‍നിന്ന് പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന നേപ്പാളിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ബലേന്ദ്ര ഷായുടെ കുടുംബവേരുകളുള്ളത്. എന്നാല്‍ ജനനവും വളര്‍ച്ചയും കാഠ്മണ്ഡുവിലായിരുന്നു. കാഠ്മണ്ഡുവിലെ നാരാദേവിയില്‍ 1990ല്‍ ആയിരുന്നു ജനനം. ആയുര്‍വേദ പ്രാക്ടീഷണറായിരുന്നു പിതാവ്. മാതാവ് ധ്രുവദേവി ഷാ വീട്ടമ്മയും. കാഠ്മണ്ഡുവില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷാ, ബെംഗളുരുവില്‍നിന്ന് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് ബിരുദവും നേടി.

സ്‌കൂള്‍ കാലഘട്ടത്തില്‍ കക്ഷിരാഷ്ട്രീയവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല, 2022 വരെ വോട്ട് പോലും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2022ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയ രം?ഗത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു. 'Balen4Mayor' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ആരംഭിച്ചായിരുന്നു ആദ്യഘട്ട പ്രചാരണം. ഇത് യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ സഹായകമായി. അഴിമതിവിരുദ്ധതയും ഭരണത്തിലെ ഉത്തരവാദിത്തവും മുന്‍നിര്‍ത്തിയായിരുന്നു നടത്തിയ വ്യാപക ക്യാംപെയ്‌നുകളും വിജയംകണ്ടു. പോഡ്കാസ്റ്റുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായി മാറിയ ഷാ, വന്‍തോതില്‍ യുവാക്കളെ സംഘടിപ്പിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചു.

വിദേശത്തുള്ള നേപ്പാളികളുടെ പിന്തുണയാണ് നിര്‍ണായകമായ മറ്റൊരു ഘടകം. നേപ്പാളിലെ ഏകദേശം നാലിലൊന്ന് വീടുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നവരാണ്. വിദേശ നേപ്പാളികളുടെ പിന്തുണ സോഷ്യല്‍ മീഡിയയില്‍ ഷാ തരംഗം തന്നെ സൃഷ്ടിച്ചു. നാട്ടിലെ വോട്ടര്‍മാരിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തിലാണ് ഷാ പരാജയപ്പെടുത്തിയത്. രാജ്യത്തിന്റെ പരമ്പരാ?ഗത രാഷ്ട്രീയ നേതൃത്വത്തെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഈ വളര്‍ച്ച.

ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന ബാലേന്ദ്ര ഷാ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പരമ്പരാഗത മാധ്യമങ്ങളില്‍നിന്ന് പൂര്‍ണമായും പിന്മാറി. അതേസമയം, ഫേസ്ബുക്ക്, എക്‌സ്, ടിക്ടോക്ക് തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളില്‍ സജീവ സാന്നിധ്യമായി തുടര്‍ന്നു. രാഷ്ട്രീയ സംവാദ വേ?ദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്ന രീതി തുടര്‍ന്നതോടെ മേയര്‍ എന്ന നിലയിലും ഷാ വലിയ വിജയമായി പ്രഖ്യാപിക്കപ്പെട്ടു. ഉദ്യോഗസ്ഥ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും യോഗങ്ങള്‍ കൂടുന്നതിലും സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്നതിനും തര്‍ക്കപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിലും അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു.

അതേസമയം, ഇക്കാലയളവില്‍ വിമര്‍ശനങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദരിദ്രര്‍ക്കുവേണ്ടി വാദിക്കുന്നതായിരുന്നു ബാലേന്ദ്ര ഷായുടെ സംഗീതത്തിന്റെ പ്രമേയങ്ങള്‍ ഭരണത്തില്‍ പ്രതിഫലിച്ചില്ലെന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ട വിമര്‍ശനം. തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കല്‍, റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍, നികുതി കുടിശ്ശികക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ ഭരണനീക്കങ്ങള്‍ മേയറെന്ന നിലയിലുള്ള അദ്ദേ?ഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ പിടിച്ചുപറ്റാന്‍ സഹായകമായി. മുന്‍ മേയര്‍മാരില്‍നിന്ന് വ്യത്യസ്തമായി, ബാലേന്ദ്ര ഷാ പതിവായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും നിര്‍മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് കരാറുകാരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഈ സ്ട്രാറ്റജിയും പ്രതീക്ഷിച്ചതിലുമപ്പുറം വിജയം കണ്ടു.

2025ല്‍ നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭം അതിന്റെ ലക്ഷ്യം കാണുന്നത് ഷാ നടത്തിയ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും നിരോധിച്ചും ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തല്‍ പക്ഷേ വിപരീത ഫലമാണ് സൃഷ്ടിച്ചത്. സാമൂ?ഹിക മാധ്യമങ്ങളില്‍നിന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. ജെന്‍ സീ പ്രക്ഷോഭമെന്ന് അറിയപ്പെട്ട ഈ സമരം ഭരണകൂടത്തെ മുട്ടുകുത്തിച്ചു. സ്‌കൂള്‍ യൂണിഫോമില്‍ കാഠ്മണ്ഡുവിലെ തെരുവുകളില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19 പേരാണ് കൊല്ലപ്പെട്ടത്.

പിന്നാലെ കലാപവും പൊട്ടിപ്പുറപ്പെട്ടു!

രോഷാകുലരായ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വീട്, പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലമെന്റ്, സുപ്രീം കോടതി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും, രാഷ്ട്രീയ നേതാക്കളുടേയും ബിസിനസുകാരുടെയും ഹോട്ടലുകളുടെയും വീടുകളും കത്തിച്ചു. രണ്ട് ദിവസത്തിനിടെ ആകെ 77 പേര്‍ കൊല്ലപ്പെട്ടു, ഇത് നേപ്പാളിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭരണകൂട അടിച്ചമര്‍ത്തലുകളായി ഇതോടെ പ്രക്ഷോഭം മാറി. സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാ?ഗങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്ക് രാജിവെച്ച് പിന്മാറേണ്ടിവന്നു. രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന നല്‍കുന്നതായിരുന്നു ഈ രാജി.

ഈ വര്‍ഷം ആദ്യം, ബാലേന്ദ്ര ഷാ മേയര്‍ സ്ഥാനം രാജിവച്ച്, റാബി ലാമിച്ചനെ സ്ഥാപിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി(ആര്‍എസ്പി)യില്‍ ചേരാന്‍ തീരുമാനിച്ചതോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള ഷായുടെ നയപരമായ മാറ്റമാണെന്ന് വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. നേപ്പാള്‍ ജനസംഖ്യയില്‍ 40 ശതമാനം വരുന്നത് 35 വയസ്സിന് താഴെയുള്ളവരാണ്. ജനസംഖ്യയുടെ ശരാശരി പ്രായം ഏകദേശം 25.7 വയസ്സാണ്. യുവജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പ്രക്ഷോഭകാലത്ത് സാധിച്ച ഷായ്ക്ക് ഈ കണക്കുകളാവണം പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള ആത്മവീര്യം നല്‍കിയത്.

2022ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെ നാലാമത്തെ വലിയ ഗ്രൂപ്പായി മാറിയ ആര്‍എസ്പിയിലൂടെ സ്വതന്ത്ര രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാവുമെന്നും ഷാ വിശ്വസിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് റാബി ലാമിച്ചന നേരിട്ട അഴിമതി, സംഘടിത കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയംകണ്ടില്ല. 275 അംഗ പാര്‍ലമെന്റില്‍, ആര്‍എസ്പി ഏകദേശം മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് ഭൂരിപക്ഷം ഉറപ്പിക്കുന്നത്. 1990-ല്‍ നേപ്പാളില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതിനു ശേഷമുള്ള ആദ്യമായിട്ടാണ് ഇത്രയധികം ഭൂരിപക്ഷം ഒരു പാര്‍ട്ടിക്ക് ലഭിക്കുന്നത്.

പുഞ്ചിരിക്കുമോ നേപ്പാള്‍?

ബലേന്ദ്ര ഷാ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 77 പേര്‍ കൊല്ലപ്പെട്ട ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്.

സെപ്റ്റംബറില്‍ ഭരണകൂടത്തിനെതിരായ നടന്ന കലാപത്തില്‍ ജെന്‍ സി പ്രതിഷേധക്കാര്‍ ബലേന്ദ്ര ഷായുടെ ഗാനമായ 'നേപ്പാള്‍ ഹസേക്കോ' (പുഞ്ചിരിക്കുന്ന നേപ്പാള്‍) അവരുടെ ദേശീയഗാനങ്ങളിലൊന്നായി സ്വീകരിച്ചിരുന്നു. 'എനിക്ക് നേപ്പാള്‍ പുഞ്ചിരിക്കുന്നത് കാണണം, നൃത്തം ചെയ്യുന്ന നേപ്പാളികളുടെ ഹൃദയങ്ങള്‍ കാണണം. എനിക്ക് നേപ്പാള്‍ പുഞ്ചിരിക്കുന്നത് കാണണം, നേപ്പാളികള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണണം' എന്ന ഗാനത്തിന്റെ വരികള്‍ ആഴ്ചകളോളം തെരുവുകളിലും വീടുകളിലും മുഴങ്ങിക്കേട്ടു.

അതേസമയം, മേയറായിരിക്കെ ബാലേന്ദ്ര ഷാ നടത്തിയ ചില ഇടപെടലുകള്‍ മറ്റു രാഷ്ട്രീയക്കാരില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ലെന്ന വിമര്‍ശം ഉയരുന്നുണ്ട്. തലസ്ഥാനത്തെ റോഡുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ലൈസന്‍സില്ലാത്ത ബിസിനസുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നീക്കമാണ് ഈ വിമര്‍ശനത്തിനുപിന്നില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പോലീസിനെ കര്‍ശനമായി ഉപയോഗിച്ചതിന് മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍, കൂടുതല്‍ നിയമാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രതികരണം.

ഷായുടെ ജനപ്രീതിയെ ഫലപ്രദമായ ഒരു സര്‍ക്കാരാക്കി മാറ്റാന്‍ കഴിയുമോയെന്ന ആശങ്ക നേപ്പാളിലെ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ ഭരണപരിചയം കാഠ്മണ്ഡു മേയര്‍ എന്ന നിലയില്‍ മാത്രമാണ് എന്നുള്ളതാണ് ഇതിനുകാരണം. അതേസമയം,ദുര്‍ബലമായ പ്രതിപക്ഷവും തന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഏകദേശം മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുള്ളതും കാരണം നിയമനിര്‍മാണം നടത്താനും പരിഷ്‌കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഷായും ആര്‍എസ്പി തലവന്‍ റാബി ലാമിച്ചാനെയും തമ്മിലുള്ള ബന്ധത്തില്‍ സംഭവിച്ചേക്കാവുന്ന അധികാര സന്തുലിതാവസ്ഥയെച്ചൊല്ലിയുള്ള ഭിന്നതകളാണ് മറ്റൊരു പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലാമിച്ചാനെതിരെ നിലവിലുള്ള ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷാ ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണം നേരിടേണ്ടിവരുമെന്ന് നിരീക്ഷണം നിലനില്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുകയുമാണ് നിലവില്‍ ബലേന്ദ്ര ഷായുടെ മുന്നിലുള്ള വെല്ലുവിളികളാണ്. മേയര്‍ ആയിരിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ പ്രസ്താവനകള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷവും തുടരുമോയെന്നും കണ്ടറിയേണ്ടിവരും. ചൈനയോടും ബംഗ്ലാദേശിനോടും പാകിസ്ഥാനോടും നയപരമായി എന്ത് തീരുമാനമെടുക്കുമെന്നതും നിര്‍ണായകമാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള നേപ്പാളിന്റെ അയല്‍ക്കാരെയും യുഎസ് പോലുള്ള പ്രധാന പങ്കാളികളെയും ആക്രമിച്ചുകൊണ്ടുള്ള മുന്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഷായുടെ നയതന്ത്ര കഴിവുകളെയും വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നു. കാഠ്മണ്ഡു മേയര്‍ എന്ന നിലയില്‍, അദ്ദേഹം ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുകയും ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തിയുള്ള 'വിശാല നേപ്പാള്‍' ഭൂപടം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

English Summary: Balendra Sha, a 35-year-old former rapper and social media influencer, became Nepal’s youngest prime minister after a rapid rise from local politics, mobilizing youth and diaspora support