International

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് മുൻപ് ബിൻലാദൻ ഇന്ത്യയേയും ലക്ഷ്യമിട്ടു; രഹസ്യാനേഷണ റിപ്പോർട്ട് പുറത്ത്

ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സിഐഎ പുറത്തുവിട്ട പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശമുള്ളത്

Madism Desk

2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് വർഷങ്ങൾക്കുമുമ്പ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി രഹസ്യാന്വേഷണ രേഖകൾ. ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശമുള്ളത്.

1998 മുതൽ 2001 വരെയുള്ള കാലയളവിൽ അന്നത്തെ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജോർജ് ഡബ്ല്യു ബുഷും ഉൾപ്പെടെയുള്ള ഭരണകൂടങ്ങൾക്ക് സിഐഎ നൽകിയിരുന്ന ഏകദേശം 70 ഇന്റലിജൻസ് ബ്രീഫുകളാണ് ഇപ്പോൾ പുറത്തുവിട്ടത്. നൂറുകണക്കിന് പേജുകളിലായി വ്യാപിച്ചുകിടക്കുന്ന രേഖകളിൽ ബിൻ ലാദനെയും അൽ-ഖായിദയെയും സംബന്ധിച്ച ഭീഷണി വിലയിരുത്തലുകളും വിവിധ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സംഘടന നടത്തിയിരുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു.

1998 ഓഗസ്റ്റ് 28ന് നൽകിയ ബ്രീഫിലാണ് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ബിൻ ലാദന്റെ ഭീകരശൃംഖലയുടെ ലക്ഷ്യങ്ങളായിരുന്നുവെന്ന പരാമർശമുള്ളത്. ‘ബിൻ ലാദന്റെ ഭീകരശൃംഖല ഇപ്പോഴും ഭീഷണിയാണ്’ എന്ന തലക്കെട്ടിലുള്ള രേഖയിൽ പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും സാധ്യതയുള്ള ലക്ഷ്യങ്ങളായി പരാമർശിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യയിൽ കൃത്യമായി ഏത് പ്രദേശത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്, ആക്രമണം എപ്പോൾ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്, അതിനായി എന്ത് രീതിയാണ് ആസൂത്രണം ചെയ്തിരുന്നതെന്ന കാര്യത്തിൽ രേഖകളിൽ വ്യക്തമായ വിവരങ്ങളില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക നടപടികൾക്കിടയിലും ബിൻ ലാദനും മറ്റ് അൽ-ഖായിദ നേതാക്കളും രക്ഷപ്പെട്ടതായും അവരുടെ ആശയവിനിമയ ശൃംഖല സജീവമായി തുടരുന്നതായും അന്നത്തെ സിഐഎ വിലയിരുത്തലുകളിൽ പറയുന്നു.

ചില ഭീകര പരിശീലന ക്യാമ്പുകളിൽ പരിശീലനം പുനരാരംഭിച്ചതായും സുരക്ഷാ നടപടികളെ തുടർന്ന് ചില ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും ബിൻ ലാദന്റെ ശൃംഖലയ്ക്ക് ശക്തമായ സാന്നിധ്യമുണ്ടായിരുന്നുവെന്നും സിഐഎ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയ്ക്കെതിരെ വലിയ രീതിയിലുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ആക്രമണത്തിന് മുമ്പുതന്നെ യുഎസ് രഹസ്യാന്വേഷണ ഏജൻസി നൽകിയിരുന്നുവെന്നതിലേക്കും രേഖകൾ വിരൽചൂണ്ടുന്നു.

2001 സെപ്റ്റംബർ 11നാണ് അമേരിക്കയെ നടുക്കിയ ഭീകരാക്രമണം നടന്നത്. അൽ-ഖായിദ ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചിയതിൽ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മറ്റൊരു വിമാനം പെന്റഗണിലും നാലാമത്തെ വിമാനം പെൻസിൽവാനിയയിലും തകർന്നുവീണു. ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.