International

ഹോർമുസ് കടലിടുക്ക് തുറന്നാലും വെല്ലുവിളികൾ ഉടൻ അവസാനിക്കില്ല; ലോക സമ്പദ്‌വ്യവസ്ഥ പഴയ രീതിയിലാകാൻ മാസങ്ങൾ എടുത്തേക്കാം

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധനവില്‍ അമേരിക്കന്‍ ജനത കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടുതന്നെ അമേരിക്ക–ഇറാൻ ധാരണ താൽക്കാലികമായേക്കാം എന്ന സംശയവും നിലനി‍ൽക്കുന്നുണ്ട്

Irshad Thalakap

മാസങ്ങളായി തുടർന്നുകൊണ്ടിരുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്കശേഷം ദീർഘകാല സമാധാനത്തിനായുള്ള കരാറിൽ അമേരിക്കയും ഇറാനും എത്തിച്ചേരുമെന്നതിന്റെ ആവേശത്തിലാണ് ലോക രാജ്യങ്ങൾ. ഫെബ്രുവരിയിൽ ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ഏകപക്ഷീയമായി തുടങ്ങിയ യുദ്ധം മിഡിൽ ഈസ്റ്റിനെമാത്രമല്ല, ലോക സമ്പദ്‌വ്യവസ്ഥയെ ഒന്നടങ്കം സാരമായി ബാധിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് പൂർണ്ണായും അടഞ്ഞതോടെ ആഗോള ഊർജവിതരണ ശൃംഖല താറുമാറായി.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ടെഹ്റാനിലെ 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ നടന്ന പുതിയ ധാരണ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, കാര്യങ്ങൾ ഉടൻ പഴയപടിയാകില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കപ്പൽഗതാഗതം പഴയ നിലയിലാകാനും എണ്ണവില സ്ഥിരത കൈവരിക്കാനും മാസങ്ങൾ എടുത്തേക്കാമെന്നാണ് കരാറിലെ വ്യവസ്ഥകൾ സൂചിപ്പിക്കുന്നത്. ഇറാനുമായുള്ള കരാറിൽ അമേരിക്കൻ പ്രസിഡണ്ട് ടൊണാൾഡ് ട്രംപിന്റെ പലപ്പോഴായുള്ള മലക്കം മറിച്ചിലുകൾക്ക് ഈ കാലയളവിൽ ലോകം സാക്ഷിയായിരുന്നു.

കരാർ ഇന്നലെ ധാരണയിൽ എത്തിയതിനുശേഷം വെറും രണ്ട് കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത്. കരാർ ദീർഘ കാലത്തേക്കുള്ളതാണോ അതോ താൽക്കാലിക വെടിനിർത്തലാണോ എന്ന് ഇപ്പോൾ പറയാൻ കഴിയാത്ത സ്ഥിതിയിൽ എണ്ണ-കപ്പൽ കമ്പനികൾക്ക് ഹോർമുസ് ഉപയോ​ഗിക്കുന്നതിനുള്ള തീരുമാനത്തിൽ സ്ഥിരത വരാൻ വെെകുമെന്നാണ് വിവരം.

വിലക്കുമൂലം നൂറുകണക്കിന് കപ്പലുകളാണ് ഇപ്പോഴും പലസ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കിയാലും, എണ്ണ ഉത്പാദന-ശുദ്ധീകരണ കേന്ദ്രങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കേണ്ടതുണ്ട്. കൂടാതെ ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസിൽ ഇപ്പോഴും ഉറപ്പ് വന്നിട്ടില്ലാത്ത അവസ്ഥയും നിലവിലുണ്ടെന്നാണ് കപ്പൽ കമ്പനികൾ പറയുന്നത്.

ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ യുദ്ധം ആരംഭിച്ചതോടെ എണ്ണവില കുതിച്ചുയർന്നു. ക്രൂഡ് ഓയലിന് യുദ്ധത്തിനുമുമ്പ് ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. സംഘർഷം രൂക്ഷമായപ്പോൾ അത് 120 ഡോളറിനടുത്തെത്തി. പുതിയ ധാരണ പുറത്തുവന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 83.55 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, കരാർ വെള്ളിയാഴ്ച ഒപ്പുവെക്കുന്നതുവരെ വിലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യയുണ്ടെന്നാണ്. അതേസമയം കരാർ യാഥാർഥ്യമാകുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

നിലവിൽ ഹോർമുസ് തുറക്കാനുള്ള ധാരണ 60 ദിവസം മാത്രമാണ്. അതിനുശേഷം ഇറാൻ ടോൾ സംവിധാനം വീണ്ടും കൊണ്ടുവരുമോ എന്നതും സംശയമാണ്. എന്നിരുന്നാലും സമ്പൂർണ വെടിനിർത്തൽ നിലവിൽ വന്നാൽ വർഷാവസാനത്തോടെ വിപണി സാധാരണ നിലയിലേക്ക് മടങ്ങാമെന്നാണ് വിദഗ്തർ വിലയിരുത്തുന്നത്. ശേഷം യുദ്ധത്തിനുമുമ്പ് ഉണ്ടായിരുന്നതുപോലെ ദിവസേന 26 എണ്ണക്കപ്പലുകൾ വീണ്ടും ഹോർമുസിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

യുദ്ധം എണ്ണവിലയെ മാത്രമല്ല, വളത്തിന്റെ വിലകളെയും ബാധിച്ചിരുന്നു. വളം നിർമ്മാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളിൽ ഒന്നാണ് പ്രകൃതി വാതകം. ലോകവ്യാപാരത്തിലുള്ള വളത്തിന്റെ ഏകദേശം മൂന്നിലൊന്നും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. അതിനാൽ സംഘർഷകാലത്ത് വളംവിലയും കുത്തനെ ഉയർന്നിരുന്നു. സമാധാന കരാർ വളംവിപണിയിലെ അടിയന്തര സമ്മർദ്ദം കുറയ്ക്കുമെങ്കിലും അതിന്റെ ഫലം ഉടൻ ലഭിക്കാൻ സാധ്യതയില്ല. കൃഷിക്കാലം ഇതിനകം പല രാജ്യങ്ങളിലും ആരംഭിച്ചുകഴിഞ്ഞതിനാൽ നൈട്രജൻ, ഫോസ്ഫേറ്റ് വളങ്ങളുടെ വിതരണം പുനരാരംഭിച്ചാലും അത് നിലവിലെ വിളകൾക്ക് വൈകിയെത്തുന്ന സഹായമായിരിക്കും. ഇതിന്റെ പ്രതിഫലനം ആഗോള ഭക്ഷ്യോത്പാദനത്തിലും വിലയിലും കാണാൻ സാധ്യതയുണ്ട്.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധനവില്‍ അമേരിക്കന്‍ ജനത കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ ഇറാന്‍ യുദ്ധം ട്രംപിനും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സഹ റിപ്പബ്ലിക്കന്‍മാര്‍ക്കും ആഭ്യന്തരമായി ഒരു രാഷ്ട്രീയ ബാധ്യതയായി മാറിയിരുന്നു. ഇതാണ് അമേരിക്ക–ഇറാൻ ധാരണ താൽക്കാലികമായേക്കാം എന്ന് അന്താരാഷ്ട്ര യുദ്ധ നിരീക്ഷകർ സംശയം പ്രകടിപ്പിച്ചത്.

The world is cautiously optimistic after the United States and Iran moved toward a long-term peace agreement following months of conflict that disrupted West Asia and the global economy. The closure of the Strait of Hormuz, which carries about 20% of global oil and gas supplies, sent energy prices soaring. Although oil prices have fallen from nearly $120 to around $83.55 per barrel after the agreement, experts warn that shipping, insurance, and energy infrastructure will take time to recover. Fertiliser and food markets may also remain affected. Analysts believe political pressures, especially in the US, could still threaten the deal’s long-term stability.