ക്യൂബയുടെ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി തുറന്നുപറഞ്ഞ് ഊര്‍ജ്ജ, ഖനി മന്ത്രി വിസെന്റ് ഡി ലാ ഒ ലെവി. രാജ്യത്ത് ഡീസലും ഫ്യുവല്‍ ഓയിലും പൂര്‍ണ്ണമായും തീര്‍ന്നതായി മന്ത്രി അറിയിച്ചു. തലസ്ഥാനമായ ഹവാന പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വൈദ്യുതി തടസ്സത്തെയാണ് ഇപ്പോള്‍ നേരിടുന്നത്. കരുതല്‍ ശേഖരം ഇല്ലാത്തതിനാല്‍ ക്യൂബ അതീവഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്യൂബക്ക് മേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച ഇന്ധന ഉപരോധത്തിന്റെ അനന്തരഫലമാണ് രാജ്യത്തെ ജനത ഇപ്പോള്‍ അനുഭവിക്കുന്നത്. ക്യൂബയിലേക്ക് ഇന്ധനം കയറ്റി അയക്കുന്ന രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ക്യൂബയുടെ പ്രധാന വിതരണക്കാരായിരുന്ന മെക്‌സിക്കോയും വെനിസ്വേലയും എണ്ണ നല്‍കുന്നത് നിര്‍ത്തിവെച്ചു. റഷ്യന്‍ കപ്പലായ 'അനാറ്റോളി കൊളോഡ്കിന്‍' മാത്രമാണ് ഏപ്രിലില്‍ ക്യൂബയില്‍ ഇന്ധനം എത്തിച്ചത്. മെയ് ആദ്യവാരത്തോടെ തന്നെ റഷ്യയില്‍ നിന്നും എത്തിച്ച എണ്ണ തീരുന്നുപോവുകയും ചെയ്തു.
ഹവാനയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ വൈദ്യുതി തടസ്സം രൂക്ഷമാണ്. പല ഭാഗങ്ങളിലും ദിവസവും 20 മുതല്‍ 22 മണിക്കൂര്‍ വരെ വൈദ്യുതിയില്ല. ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നിനും ക്ഷാമം അനുഭവിക്കുന്ന നഗരത്തില്‍ നിലവിലെ സാഹചര്യം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കും സമ്മര്‍ദ്ദത്തിനും കാരണമായിട്ടുണ്ട്. നിലവില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പുനരുപയോഗ ഊര്‍ജ്ജം എന്നിവയെ മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനത്തിനായി ആശ്രയിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,300 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി ക്യൂബ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇന്ധനക്ഷാമം മൂലം കേന്ദ്രീകൃത വൈദ്യുത ശൃംഖലക്കുണ്ടായ അസ്ഥിരത കാരണം ഇതിന്റെ വലിയൊരു ഭാഗം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ആഗോള വിപണിയില്‍ എണ്ണവിലയും ഗതാഗത ചെലവും വര്‍ദ്ധിച്ചത് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ക്യൂബയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, ക്യൂബയ്ക്ക് ഇന്ധനം വില്‍ക്കാന്‍ തയ്യാറുള്ള രാജ്യങ്ങളെ മന്ത്രി സ്വാഗതം ചെയ്തു.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും വൈദ്യുതി ലഭിക്കുന്നില്ലെന്ന് ക്യൂബക്കാര്‍ പരാതിപ്പെടുന്നുണ്ട്. പലപ്പോഴും അര്‍ദ്ധരാത്രിയിലാണ് വൈദ്യുതി എത്തുക. ഈ സമയത്താണ് തുണി അലക്കല്‍, പാചകം ചെയ്യല്‍ തുടങ്ങിയ അടിസ്ഥാന ജോലികള്‍ ചെയ്യുന്നതെന്ന് ക്യൂബക്കാര്‍ പറയുന്നു. ചൈന സംഭാവന ചെയ്ത പാനലുകള്‍ ഉപയോഗിച്ച് കൂടുതലായി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും കാലാവസ്ഥയിലെ മാറ്റം ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ കണക്കുപ്രകാരം ക്യൂബയുടെ ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ 58 ശതമാനവും എണ്ണയെ ആശ്രയിച്ചാണ്. ഇതില്‍ 60 ശതമാനത്തോളം എണ്ണ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പത്ത് ദശലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ഈ ദ്വീപ് രാഷ്ട്രത്തില്‍ അമേരിക്കയുടെ ഉപരോധം നാല് മാസമായി പൊതുസേവനങ്ങളെ തളര്‍ത്തിയിരിക്കുകയാണ്. ട്രംപിന്റെ ഇന്ധന ഉപരോധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭ പ്രസ്താവിച്ചിരുന്നു. ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ശുദ്ധജലത്തിനുമുള്ള ക്യൂബന്‍ ജനതയുടെ അവകാശങ്ങളെ ഈ നീക്കം തടസ്സപ്പെടുത്തുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Cuba is facing a severe energy crisis after running out of diesel and fuel oil, with power cuts lasting up to 22 hours a day in many areas. Energy Minister Vicente de la O Levy said the country has no fuel reserves left, leaving Havana and other regions struggling with major electricity shortages. The crisis worsened after the United States imposed fuel-related sanctions, leading key suppliers Mexico and Venezuela to stop oil shipments to Cuba.