International

തെരുവുകള്‍ കീഴടക്കി പ്രക്ഷോഭകര്‍, ജനകീയ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഫ്രാന്‍സ്; ആയിരത്തോളം പേർ അറസ്റ്റിൽ

ജീവിതച്ചെലവ് വർധനയ്‌ക്കെതിരെ തെരുവിലിറങ്ങി ലക്ഷങ്ങൾ; പലയിടത്തും സംഘർഷം, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

Madism Desk

ഫ്രാൻസിൽ ജീവിതച്ചെലവിലെ വർധനയ്‌ക്കും വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങൾക്കുമെതിരെ വീണ്ടും തെരുവിലിറങ്ങി ലക്ഷങ്ങൾ. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധത്തിൽ എട്ട് ലക്ഷത്തോളം പേർ പങ്കെടുത്തെന്നാണ് ട്രേഡ് യൂണിയനുകളുടെ കണക്ക്.

പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായതോടെ ഏകദേശം ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യത്തുടനീളം അരങ്ങേറിയ വ്യാപക അക്രമങ്ങളുടെ ആവർത്തനം തടയാൻ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്.

പ്രതിഷേധം അക്രമാസക്തമാകാതിരിക്കാൻ രാജ്യത്തുടനീളം 70,000 പൊലീസുകാരെയാണ് വിന്യസിച്ചത്. അംഗീകൃത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്ക് മാത്രമേ അനുമതിയുണ്ടാകൂവെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തേ വ്യക്തമാക്കിയിരുന്നു.

പാരീസിൽ സമാധാനപരമായി ആരംഭിച്ച റാലി അവസാനിക്കാറായതോടെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ചിലർ വാഹനങ്ങൾ തകർക്കുകയും പൊലീസിനു നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിയുകയും ചെയ്തു. മാർസെയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിട്ടും  ബോർഡോയിൽ കെട്ടിടങ്ങളിൽനിന്ന് മരപ്പലകകൾ ഇളക്കിയെടുത്തും പ്രതിഷേധക്കാർ തെരുവിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. ലിയോണിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി ആഭ്യന്തരമന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു. ടൂളൂസിലും ക്ലെർമോൺ-ഫെറാന്റിലുമാണ് ഇവർക്ക് പരിക്കേറ്റത്. ജീവിതച്ചെലവ് വർധിക്കുന്നതും നികുതിഭാരവും സർക്കാരിന്റെ നയങ്ങളുമാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണങ്ങൾ. ദാരിദ്ര്യവും പൊലീസിന്റെ അതിക്രമങ്ങളുമാണ് അക്രമങ്ങളിലേക്ക് നയിക്കുന്നതെന്ന് ചില യുവപ്രതിഷേധക്കാർ ആരോപിച്ചു. സർക്കാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും യുവാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച  നടന്ന പ്രതിഷേധങ്ങളിൽ 5.5 ലക്ഷം പേർ പങ്കെടുത്തിരുന്നു. തുടർന്നുണ്ടായ അക്രമങ്ങളിൽ 2,500-ലധികം പേർ അറസ്റ്റിലായി. രണ്ടായിരത്തിലധികം കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ദശലക്ഷം യൂറോയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധങ്ങളും സർക്കാരിനെതിരായ ജനരോഷവും രാഷ്ട്രീയരംഗത്തും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതേസമയം, അൽബേനിയ, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ശനിയാഴ്ച പ്രതിഷേധങ്ങളും സംഘർഷങ്ങളും നടന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Hundreds of thousands of people took to the streets across France to protest rising living costs, economic inequality and poor school conditions. Nearly 1,000 people were arrested after clashes broke out in several cities, prompting police to use tear gas and water cannons. The protests come amid growing public anger over government policies and ahead of France’s presidential election.