ഹോര്‍മൂസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് വലിയ തിരിച്ചടി നേരിടുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അമേരിക്ക ഇതുവരെ നടത്തിവരുന്ന 'മസില്‍ ഫ്‌ളെക്‌സിങ്' ഹോര്‍മൂസില്‍ ഫലിക്കില്ലെന്നും ഇറാന്‍ തങ്ങളുടെ നിലനില്‍പ്പിന്റെ അവസാന തുരുത്തെന്ന നിലയില്‍ ഹോര്‍മൂസ് ആധിപത്യം ഉറപ്പിക്കാനുള്ള കഠിന ശ്രമം നടത്തുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതല്‍ ഹോര്‍മൂസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ തടയുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും വലിയ മാറ്റങ്ങളൊന്നും കടലിടുക്കില്‍ ഉണ്ടായിട്ടില്ല.
അമേരിക്കന്‍ കപ്പല്‍പ്പട ഇറാന്‍ തീരത്തുനിന്ന് നിലവില്‍ പൂര്‍ണമായും പിന്‍വാങ്ങിയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹോര്‍മൂസ് അടച്ചു ഇറാന്‍ തീര്‍ത്ത സമ്മര്‍ദ്ദമാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധാരണനിലയിലുള്ള ഒരു ദിവസം ഏകദേശം 150 കപ്പലുകളാണ് ഹോര്‍മുസ് വഴി കടന്നു പോയിരുന്നത്. എന്നാല്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഒരു മാസം ഏകദേശം 150 കപ്പലുകള്‍ മാത്രമെ കടലിടുക്ക് വഴി ചരക്കുമായി കടന്നുപോയിട്ടുള്ളു. എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റേതാണ് ഈ കണക്കുകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അമേരിക്കയ്ക്ക് മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഇരട്ടിയാകും.
ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ അയല്‍രാജ്യങ്ങളിലെ തുറമുഖങ്ങളുടെ സുരക്ഷയും ഇതോടൊപ്പം അമേരിക്കയുടെ തലവേദനയാകും. ഇറാന്‍ തുറമുഖങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായാല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ ഉള്‍ക്കടലിലുമുള്ള ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന കഴിഞ്ഞ ദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുറമുഖങ്ങള്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം അമേരിക്കയ്ക്കായിരിക്കും. ഗള്‍ഫ് മേഖലയില്‍ നിലവില്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കായി ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ അമേരിക്ക ഒഴുക്കുന്നുണ്ട്. തുറമുഖങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഇത് ഇരട്ടിയാകും.
ചൈന റഷ്യ ഇടപെടല്‍
ഹോര്‍മൂസില്‍ നിലവില്‍ ഇറാന്‍ സ്ഥാപിച്ചിരിക്കുന്ന ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചാല്‍ തന്നെ നിയന്ത്രണം സ്ഥിരമായി പിടിച്ചെടുക്കുക ട്രില്യണ്‍ കണക്കിന് ഡോളര്‍ ചിലവുള്ള നടപടിയാണ്. കൂടാതെ റഷ്യയും ചൈനയും ഹോര്‍മൂസിലെ അമേരിക്കന്‍ ആധിപത്യത്തിന് നേരെ കണ്ണടയ്ക്കാന്‍ സാധ്യതയില്ല. ആയുധ സഹായം ഉള്‍പ്പെടെ റഷ്യ ഇറാന് നല്‍കിവരുന്നുണ്ട്. പണപ്പെരുപ്പവും ഇന്ധന പ്രതിസന്ധിയും വര്‍ധിച്ചാല്‍ ചൈനയ്ക്കും യുദ്ധത്തില്‍ പരസ്യമായി ഇടപെടേണ്ടിവരും. ഇത് അമേരിക്കയ്ക്ക് ഗുണകരമാവില്ല. അഞ്ചാം കപ്പല്‍പ്പടയെ തിരിച്ചുവിളിച്ച് വന്‍ സന്നാഹം ഉറപ്പിച്ചാലേ ട്രംപിനും സംഘത്തിനും ഈ ഭീഷണികള്‍ നേരിടാനും സാധിക്കൂ, അതുണ്ടാവില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍
English Summary: US efforts to control the Hormuz Strait are expected to face strong resistance from Iran, with experts warning that any escalation could disrupt key global oil shipping routes, increase tensions across the Middle East, and potentially trigger wider geopolitical and economic consequences.