ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം

ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു സൈനിക നടപടിയിലൂടെ അമേരിക്ക ലക്ഷ്യം വെച്ചതെന്നും, അത് വിജയകരമായി എന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം
ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ  രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം
Published on

ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ സമ്മർദ്ദനീക്കവുമായി യെമനിലെ ഹൂതി വിമതർ. ഹോർമുസ് കടലിടുക്കിൽ ഇറാൻ സമ്മർദ്ദങ്ങൾ തുടരുന്നതിനിടയിൽ, ബാബ് അൽ-മന്ദബ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഭീഷണി ഉയർത്തിയിരിക്കുകയാണ് ഹൂതികൾ. ഇതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗങ്ങളിൽ രണ്ടുവശത്തുനിന്നും സമ്മർദ്ദം വർധിച്ചിരിക്കുകയാണ്. അതേസമയം, യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പുതിയ അവകാശവാദം.

ഇറാൻ യുദ്ധത്തിൽ കഴിഞ്ഞയാഴ്ച ഹൂതികൾ നടത്തിയ ഇടപെടൽ വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ കടൽമാർഗമുള്ള ആഗോള എണ്ണ വ്യാപാരത്തിന് നേരത്തെയേറ്റ പ്രഹരത്തേക്കാൾ വലിയ ആഘാതമായിരിക്കും രണ്ടാമത്തെ കടലിടുക്കിന്മേലുള്ള സമ്മർദ്ദത്തിലൂടെ സംഭവിക്കാനിടയെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇറാന്റെ പിന്തുണയുള്ള ശക്തമായ ആയുധ ശേഖരമുള്ള ശിയാ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ് ഹൂതികൾ. ‘വെടിയുതിർക്കാൻ കാത്ത് വിരലുകൾ ട്രിഗറിൽ തന്നെയുണ്ട്’ എന്ന വാചകത്തോടെ ശക്തമായ മുന്നറിയിപ്പ് ഇവർ മുൻപ് ഇസ്രായേലിന് നൽകിയിരുന്നു. ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച മിസൈൽ ആക്രമണവും നടത്തിയിരുന്നു. ഹൂതികളുടെ ഈ നടപടി അതീവ ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റമാണ് സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ചെങ്കടലിലെ പ്രധാന തുറമുഖമായ ഹൊദൈദ ഉൾപ്പെടെ യമന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളുടെ ഭാഗങ്ങൾ ഹൂതികളാണ് നിയന്ത്രിക്കുന്നത്. അതിനാൽ ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് ഭീഷണിയാകാനും അവർക്ക് സാധിക്കും. ഹോർമുസ് കടലിടുക്കിന്റെ മറുവശത്താണ് ഈ പ്രധാന കടൽപാത സ്ഥിതിചെയ്യുന്നത്. ഭീഷണിയുയർത്തിയത് അല്ലാതെ കടലിടുക്ക് ഇതുവരെ ഔദ്യോഗികമായി അടച്ചിട്ടില്ല.

ഭീഷണി നിലനിൽക്കുന്നുവെങ്കിലും അമേരിക്കയുടേയും ഇസ്രായേലിന്റേയും പതാക നാട്ടിയ കപ്പലുകൾ ഗതാഗതം തുടരുന്നതിൽ ആശങ്കയുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതോടെ യുദ്ധഭൂമി കൂടുതൽ വ്യാപിക്കുകയാണെന്നും ഇറാൻ മേഖലയിൽ കടൽമാർഗ്ഗമുള്ള എണ്ണവ്യാപാരത്തിന്റെ 30-35 ശതമാനം വരെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിൻറെ ഭാഗണാണിതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അതേസമയം ഖാർഗ് ദ്വീപിനെതിരെ അമേരിക്കൻ നീക്കങ്ങൾ ഉണ്ടായാൽ ബാബ് അൽ-മന്ദബിൽ പുതിയ മുന്നേറ്റത്തിനു തുടക്കം കുറയ്ക്കുമെന്ന സൂചന ഇറാനിൽ നിന്ന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ  രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം
ഇറാന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ചാരക്കണ്ണുകള്‍! പിന്നിലാര്?

അമേരിക്കയുടേത് അടിപതറലിന്റെ പിന്മാറ്റമോ?

പശ്ചിമേഷ്യൻ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ പ്രതികൂലമായി ബാധിച്ച അമേരിക്കൻ-ഇസ്രേയൽ സംയുക്ത യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതല്ല അമേരിക്കയുടെ ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്നുമുള്ള ട്രംപിന്റെ പുതിയ പ്രസ്താവന. പ്രത്യേകമൊരു ഔദ്യോഗിക കരാറോ ഉടമ്പടിയോ ഇല്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു സൈനിക നടപടിയിലൂടെ അമേരിക്ക ലക്ഷ്യം വെച്ചതെന്നും, അത് വിജയകരമായി എന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം. അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റമാണ് ഇതിലൂടെ ലഭിക്കുന്നത്.

ബാബ് അൽ-മന്ദബ് കടലിടുക്ക് നിർണായകമാവുമ്പോൾ

ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ലോകത്തിലെ കടൽമാർഗ്ഗ എണ്ണവ്യാപാരത്തിന്റെ 10 മുതൽ 12 ശതമാനം വരെ ബാബ് അൽ-മന്ദബ് വഴി നടന്നിരുന്നു. 2023 ന്റെ തുടക്കത്തിൽ ദിനംപ്രതി 8.7 മുതൽ 93 ലക്ഷം ബാരൽ എണ്ണ വരെ ഇതിലൂടെ കടന്നുപോയിരുന്നു. എന്നാൽ 2023 ഡിസംബർ പകുതിയോടെ ഈ ഗതാഗതം 50 ശതമാനത്തിലധികം കുറഞ്ഞതായാണ് എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട് ചെയ്തത്. ചില കപ്പൽ കമ്പനികൾ ഗുഡ് ഹോപ്പ് കേപ്പ് വഴി വഴിതിരിച്ചുവിടുകയും ചെയ്തിയിരുന്നു. 2024, 2025 കാലയളവിലും ഇതേ സാങ്കേതിക തടസങ്ങൾ തുടർന്നിരുന്നു. 2025 ആദ്യ പകുതിയിൽ ദിനംപ്രതി 4.1 മില്യൺ ബാരൽ എണ്ണ മാത്രമായിരുന്നു കടന്നുപോയത്. എന്നാൽ മാർച്ചിലെ ആദ്യ 28 ദിവസങ്ങളിൽ ഇത് 21 ശതമാനം വർധിച്ചതായും റിപ്പോർട്ടുണ്ട്. ഈ വർധനവാണ് ഹൂത്തികളെ വീണ്ടും സജീവമാക്കാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.

ഹൂതികളുടെ ഭീഷണി ഉയരുന്നതോടെ കപ്പലുകൾക്ക് ആഫ്രിക്ക ചുറ്റി യാത്ര ചെയ്യേണ്ടി വരും. ഇത്തരത്തിൽ യാത്രാ സമയം വർധിക്കുന്നതിലൂടെ ചെലവ് വർധിക്കുകയും എണ്ണയുടെയും ഭക്ഷണത്തിന്റെയും വില ഉയരാൻ കാരണമാവുകയും ചെയ്യും. എണ്ണ ഗതാഗതത്തിന്റെ ചെലവിൽ വരുന്ന മാറ്റത്തിലൂടെ ബാരലിന് ഏകദേശം 2 ഡോളർ വരെ വർധനയുണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വലിയ എണ്ണക്കപ്പലുകളുടെ വാടക നിരക്കും കുത്തനെ ഉയർന്നു. ദിവസേന 200,000 ഡോളർ കടന്ന നിരക്കുകൾ ചില കരാറുകളിൽ 425,000 മുതൽ 700,000 ഡോളർ വരെയും എത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ  രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം
ഇന്ധനക്ഷാമം; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി അമേരിക്ക

ഹൂത്തികൾ യുദ്ധത്തിൽ നേരിട്ട് ഇടപെടുമ്പോൾ

ഇസ്രയേലിനെതിരെ മൂന്നാമത്തെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഹൂത്തികൾ രംഗത്ത് എത്തിയിരിക്കുകയാണ്. യെമനിലെ ഹൂത്തി സേന ദക്ഷിണ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതായാണ് അവകാശപ്പെടുന്നത്. ഇറാനും ലെബനനിലെ ഹിസ്ബുല്ലയും ചേർന്ന സംയുക്ത നീക്കമാണിതെന്നാണ് ഹൂത്തികളുടെ ഔദ്യോഗിക പ്രസ്താവന. ഇസ്രയേലിനെതിരായ തങ്ങളുടെ മൂന്നാമത്തെ മിസൈൽ ആക്രമണമാണിതെന്ന് ഹൂത്തി പ്രസ്ഥാനത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഇറാനും ഹിസ്ബുല്ലയും സഹകരിച്ച് നടത്തിയ മൂന്നാമത്തെ സൈനിക നടപടിയാണിതെന്നും, ഇസ്രയേൽ എന്ന ശത്രുവിന്റെ സുപ്രധാന ലക്ഷ്യങ്ങൾക്കെതിരെ ബാലിസ്റ്റിക് മിസൈലുകളുടെ പരമ്പരയായി ആക്രമണം നടത്തിയതാണെന്നും തെഹ്റാൻ പിന്തുണയുള്ള സംഘം വ്യക്തമാക്കി. ലെബനൻ, ഇറാൻ, ഇറാഖ്, അധീന വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ ആക്രമണം ഇസ്രയേൽ തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകി.

ഹൂത്തികളുടെ ഇടപെടൽ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ബാബ് അൽ-മന്ദബ് കടലിടുക്കിൽ സമ്മർദ്ദം വർധിക്കുന്നത് കൊണ്ട് നേരിട്ട് വലിയ ആഘാതമോ ക്ഷീണമോ ആവില്ലെന്ന ആശ്വാസവർത്തയാണ് ഇന്ത്യയെ തേടിയെത്തുന്നത്. ഇതിന് കാരണം, ഇന്ത്യയുടെ 40-50 ശതമാനത്തോളം എണ്ണ ഇറക്കുമതിയും നടക്കുന്നത് ഹോർമുസ് വഴിയാണ് എന്നതാണ്. എന്നാൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം കാരണം ഹോർമുസ് വഴിയുള്ള വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. ഇത് മറികടക്കുന്നതിന് എണ്ണയ്ക്കായി 27 രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ 41 രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങുകയും റഷ്യയിൽനിന്നുമുള്ള എണ്ണ ഇറക്കുമതി പുനഃരാരംഭിക്കുകയും ചെയ്തു.

എങ്കിലും, ഇതൊരു ദീർഘകാല ആശ്വാസമാണ്. ഭാവിയിൽ പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഖത്തറിൽ നിന്ന് വരുന്ന എൽഎൻജിയും സൗദിയിലെ യാൻബു വഴി വരുന്ന ക്രൂഡ് ഓയിലും ചെലവ് വർധിപ്പിക്കും. ബാബ് അൽ-മന്ദബ് വഴി 15-20 ശതമാനം ആഗോള കണ്ടെയ്‌നർ ഗതാഗതമാണ് നടക്കുന്നത്. യന്ത്രങ്ങൾ, ഭക്ഷണം, കാർഷിക ഉൽപ്പന്നങ്ങൾ, നിർമ്മിത വസ്തുക്കൾ എന്നിവയുടെ ഗതാഗത ചെലവ് വർധിക്കുകയും വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാവുകയും, വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും.

ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ  രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം
'എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി'; യുദ്ധം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയതെന്ന് വിമർശനം

ബദൽ മാർഗങ്ങൾ ഹോർമുസിനേക്കാൾ പ്രയോജനകരമോ?

ഒരു ദിവസത്തെ ആഗോള എണ്ണ വ്യാപാരത്തിന്റെ 20-25 ശതമാനവും ഹോർമുസ് വഴിയാണ് നടക്കുന്നത്. യുദ്ധസമ്മർദ്ദങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ പൈപ്പ്‌ലൈൻ വഴി പടിഞ്ഞാറൻ തീരത്തേക്ക് എണ്ണ മാറ്റി യാൻബുവിൽ നിന്ന് കയറ്റുമതി ചെയ്യാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിൽ യാൻബുവിൽ നിന്ന് ദിനംപ്രതി 4.6 മില്യൺ ബാരൽ സൗദി ക്രൂഡ് കയറ്റുമതി ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത് ഹോർമുസ് വഴിയുള്ള 20 മില്യൺ ബാരലിനേക്കാൾ കുറവാണെങ്കിലും ഈ വിതരണവും നഷ്ടപ്പെട്ടാൽ എണ്ണവില വീണ്ടും കുതിച്ചുയരും.

ബ്രെന്റ് ക്രൂഡിന്റെ വില ഇതിനോടകം ബാരലിന് 110 ഡോളർ കടന്ന സാഹചര്യമാണ്. യൂറോപ്പിലെയും അമേരിക്കയിലെയും ഇന്ധനവില ഉയർന്നിരിക്കുകയാണ്. ഇന്ത്യ പ്രതിസന്ധികളെ തരണം ചെയ്യുമ്പോഴും, ഇന്ധന നികുതി കുറച്ചതിൽ സർക്കാരിന്റെ ആശങ്ക കൂടുതൽ വ്യക്തമാവുകയാണ്. ഈ ബദൽ മാർഗ്ഗത്തെയും അപകടത്തിലാക്കുന്നതാണ് ഹൂത്തികളുടെ ഇടപെടൽ. ഇതോടെ ഗൾഫ് മേഖലയിലെ കടൽമാർഗ്ഗ എണ്ണ കയറ്റുമതിയിൽ ഇറാനും കൂട്ടാളികളും ശക്തമായ നിയന്ത്രണം സ്ഥാപിക്കുന്നതായും, എണ്ണവില 200 ഡോളർ കടന്നേക്കാമെന്ന ഭീഷണിക്കും ശക്തിപ്രാപിക്കുകയാണ്.

English Summary: Iran war tensions escalate as Houthi rebels threaten the Bab al-Mandab Strait and launch missile attacks on Israel, raising global oil supply concerns while the US signals a possible end to the conflict.

Related Stories

No stories found.
Madism Digital
madismdigital.com